🔺നബി (സ) പറഞ്ഞു : "അന്ത്യനാളില്‍ ഒരാള്‍ വരും. അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും : 'ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി?' അയാളോട് പറയപ്പെടും: 'നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്'.''(ത്വബാറ്‌നി)🔻
⏩ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക് പുണ്യമുണ്ടെന്ന് തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക് രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.
അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ് നമ്മള്‍. ഇന്ന് ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക് ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്‌ലാമിക ദഅ്‌വത്തില്‍ ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്‌മകളൊരുക്കുന്നു.
നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച് ഡോക്‌ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള്‍ ചെയ്‌തതിലേറെ ചെയ്യാന്‍ അവര്‍ക്ക് കഴിവും സാധ്യതയുമുണ്ട്. ഈ ലോകത്ത് നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്‍. അഭിമാനത്തോടെ നമുക്ക് ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്‍കര്‍മമായിരിക്കും അവന്‍.
✏പി എം എ ഗഫൂർ