സൽസന്താനങ്ങൾ

🔺നബി (സ) പറഞ്ഞു : "അന്ത്യനാളില്‍ ഒരാള്‍ വരും. അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും : 'ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി?' അയാളോട്‌ പറയപ്പെടും: 'നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്‌'.''(ത്വബാറ്‌നി)🔻

⏩ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്‌. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക്‌ രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.

അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ്‌ നമ്മള്‍. ഇന്ന്‌ ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ്‌ ഇസ്‌ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക്‌ ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്‌ലാമിക ദഅ്‌വത്തില്‍ ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്‌മകളൊരുക്കുന്നു.

നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച്‌ ഡോക്‌ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള്‍ ചെയ്‌തതിലേറെ ചെയ്യാന്‍ അവര്‍ക്ക്‌ കഴിവും സാധ്യതയുമുണ്ട്‌. ഈ ലോകത്ത്‌ നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്‍. അഭിമാനത്തോടെ നമുക്ക്‌ ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്‍കര്‍മമായിരിക്കും അവന്‍.

✏പി എം എ ഗഫൂർ

അവസാനകാല സമുദായ നേതാക്കൾ

അബ്ദുല്ലാഹിബ്നു മസ്‌ഊദ്‌ (റ) നിവേദനം : നബി (സ) പറഞ്ഞു "എന്റെ കാലശേഷം ചില മനുഷ്യന്മാർ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കും. അവർ സുന്നത്തിന്റെ പ്രകാശം കെടുത്തിക്കളയും. ബിദ്‌അത്ത്‌ പ്രവർത്തിക്കും. നമസ്കാരം യഥാസമയത്തു നിന്ന് നീക്കും."

അപ്പോൾ ഞാൻ ചോദിച്ചു "അവരെ കണ്ടെത്തിയാൽ ഞാൻ എങ്ങനെ പ്രവർത്തിക്കണം?"

നബി (സ) മറുപടി പറഞ്ഞു : "അല്ലാഹുവിനോട്‌ അനുസരണക്കേട്‌ കാണിക്കുന്ന ഒരുവനെ അനുസരിക്കാവതല്ല." [ഇബ്നുമാജ, അഹ്മദ്‌]

VOICE of ISLAH : നേതാവും അനുയായികളും - http://www.voiceofislah.com/2011/12/blog-post_16.html

ഖേദിച്ച്‌ മടങ്ങുക

🔺"ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌." [അദ്ധ്യായം 4 നിസാഅ് 110]🔻

⏩തെറ്റ്‌ ചെയ്തവൻ അത്‌ സമ്മതിച്ച്‌ അല്ലാഹുവിനോട്‌ ഖേദിച്ച്‌ മടങ്ങുകയാണ് വേണ്ടത്‌. അല്ലാതെ, താൻ ചെയ്ത തെറ്റിനെ നിഷേധിക്കുവാൻ ശ്രമിക്കുകയും അത്‌ മറ്റുള്ളവരുടെ പേരിൽ ആരോപിക്കാൻ ശ്രമിക്കുകയല്ല ചെയ്യേണ്ടത്‌. ഖുർആന്റെ അനുയായികളിൽ ഇന്ന് കാണുന്ന ഒരു ദുസ്വഭാവമാണത്‌.

✏അബ്ദുസ്സലാം സുല്ലമി

എന്റെ ധനം! എന്റെ ധനം !

നബി (സ) പറഞ്ഞു:

"എന്റെ ധനം! എന്റെ ധനം ! എന്ന് മനുഷ്യൻ പറഞ്ഞുകൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ അവന്റെ ധനത്തിൽ നിന്ന് അവനുള്ളത്‌ മൂന്നെണ്ണമാണ്.

1. അവൻ തിന്നു നശിപ്പിച്ചത്‌,
2. അവൻ ഉടുത്തു പഴക്കിയത്‌,
3. അവൻ (ധർമ്മം) കൊടുത്ത്‌ (പിന്നേക്ക്‌) സൂക്ഷിച്ചുവെച്ചത്‌.

ഇവയെല്ലാത്തതെല്ലാം പോയിപ്പോകുന്നതും അവൻ ജനങ്ങൾക്കായ്‌ വിട്ടേക്കുന്നതുമാകുന്നു".

[മുസ്‌ലിം]

ശിർക്ക്‌ ചെയ്തവർക്ക്‌ വേണ്ടി പാപമോചനം തേടാമോ?

🔸ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. [അദ്ധ്യായം 9 തൗബ 113]🔸

പ്രവാചകൻ (സ )യുടെ പിതൃവ്യൻ അബൂത്വാലിബിന്റെ മരണത്തോടു കൂടി അവതരിപ്പിക്കപ്പെട്ടതാണ് ഈ ആയത്ത്‌. അദ്ദേഹത്തിന്റെ മരണം നബിയെ വളരെയധികം വേദനിപ്പിച്ചു. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത അബൂത്വാലിബിന്റെ ബാധ്യത നിർവ്വഹിക്കുവാൻ അദ്ദേഹത്തിന്ന് വേണ്ടി പാപമോചനത്തിന്ന് നബി (സ) പ്രാർത്ഥിച്ചതിനെ പരിശുദ്ധ ഖുർആൻ വിരോധിക്കുകയാണ് ഈ ആയത്തിൽ. ജീവിച്ചിരിക്കുന്ന ശിർക്ക്‌ ചെയ്യുന്നവരുടെ നന്മക്ക്‌ വേണ്ടിയും പാപമോചനത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നതിനു  വിരോധമില്ല. അവരെ സന്മാർഗ്ഗത്തിലാക്കുക എന്നതാണ് ഈ പാപമോചനം കൊണ്ട്‌ അർത്ഥമാക്കുന്നത്‌. ബാഹ്യമായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രശ്നങ്ങളിൽ നാം വ്യക്തികളെ പരിഗണിക്കേണ്ടത്‌. ആരേയും നരകത്തിലാണെന്ന് വിധി പറയാൻ നമുക്ക്‌ അവകാശമില്ല. രക്തബന്ധത്തേക്കാൾ പരിഗണന ആദർശ ബന്ധത്തിനാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

എ അബ്ദുസ്സലാം സുല്ലമി

നന്മകൾ നിഷ്ഫലമാകുന്ന വിപത്ത്‌

നന്മകളെ നിഷ്ഫലമാക്കുന്നതും തിന്മയുടെ തുലാസിന്റെ ഭാരം കൂട്ടുന്നതുമായ വൻപാപങ്ങൾ ഉണ്ടെന്ന് നീ അറിയുകയും അതിനെ ഗൗരവപൂർവ്വം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അതിൽപെട്ട ഒരു പാപം നീ ചെയ്യുന്നതിലൂടെ നിന്റെ നന്മകൾ പർവ്വതസമാനമാണെങ്കിലും ശരി അവയെല്ലാം തകർന്നു പോകുന്നതും നിഷ്ഫലമാകുന്നതുമാണ്. സൗബാൻ (റ) ഉദ്ധരിക്കുന്നതും സൽകർമ്മകാരികളുടെ കിടപ്പറകളെ അലോസരപ്പെടുത്തുന്നതുമായ ഒരു ഹദീസ്‌ ശ്രദ്ധിക്കുക :

നബി (സ) പറഞ്ഞു : "എന്റെ സമുദായത്തിൽ നിന്നും ഒരു വിഭാഗം ആളുകളെ ഞാൻ തിരിച്ചറിയുന്നതാണ്. തിഹാമയിലെ വെളുത്ത പർവ്വതങ്ങൾക്ക്‌ സമാനമായ നന്മകളുമായി അവർ അന്ത്യനാളിൽ വരുന്നതാണ്. അല്ലാഹു അവയെ വിതറപ്പെട്ട ധൂളികളാക്കി മാറ്റുന്നതാണ്". അപ്പോൾ സൗബാൻ (റ) പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അക്കൂട്ടരിൽ പെടാതിരിക്കാൻ അവരെപ്പറ്റി ഞങ്ങൾക്ക്‌ വിവരിച്ചു തരുകയും വ്യക്തമാക്കിത്തരികയും ചെയ്യുക. അവരെ ഞങ്ങൾക്കറിയില്ല. അപ്പോൾ റസൂൽ (സ) പറഞ്ഞു : "അവർ നിങ്ങളിൽപെട്ട നിങ്ങളുടെ സഹോദരങ്ങളാകുന്നു. നിങ്ങൾ പ്രതിഫലം കരസ്ഥമാക്കുന്നതു പോലെ രാത്രിയിലെ ആരാധനകളെടുത്ത്‌ അവരും പ്രതിഫലങ്ങൾ സമ്പാദിക്കുന്നു. എന്നാൽ അവർ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുമായി തനിച്ചാകുമ്പോൾ അവ ലംഘിക്കുന്നതാണ്" [ഇബ്നുമാജ]

By ശൈഖ്‌ മുഹമ്മദ്‌ ബിൻ ഇബ്‌റാഹിം അൽ നഈം

പൂർവ്വികരെ അന്ധമായി അനുകരിക്കാമോ?

🔸(നബിയേ) നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല.  അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?) അവര്‍ പറഞ്ഞു; നിങ്ങള്‍ ഏതൊരു സന്ദേശവും കൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു. അതിനാല്‍ നാം അവര്‍ക്ക് ശിക്ഷ നല്‍കി. അപ്പോള്‍ ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന് നോക്കുക. [അധ്യായം 43 സുഖ്‌റുഫ്‌ 23,24,25]🔸

പൂർവ്വപിതാക്കളെ അനുകരിച്ച്‌ വഴിപിഴച്ചു പോകലും ശിർക്ക്‌, ബിദ്‌അത്ത്‌ തുടങ്ങിയ ദുർമാർഗങ്ങളെ ആ അനുകരണത്തിന്റെ പേരിൽ ന്യായീകരിക്കലും അറബി മുശ്‌രിക്കുകളുടെ മാത്രം സ്വഭാവമല്ലെന്നും അത്‌ മുൻ സമുദായങ്ങളുടേയും പതിവായിരുന്നുവെന്നും പ്രസ്തുത ന്യായീകരണത്തിൽ പോലും ഇവർ അവരെ അനുകരിച്ചിരിക്കുകയാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഈ മഹാവ്യാധി കുറേകാലമായി മുസ്‌ലിം സമുദായത്തിലും പടർന്നുപിടിച്ചിരിക്കുകയാണ്. മുസ്‌ലിംകൾ വിഗ്രഹാരാധന നടത്താറില്ലെന്ന് സമ്മതിക്കാം. എങ്കിലും ശിർക്കുപരമായ എത്രയോ കാര്യങ്ങൾ അവയ്ക്ക്‌ മതപരിവേഷം നൽകപ്പെട്ടു കൊണ്ടുതന്നെ സമുദായത്തിൽ നിലനിന്നു വരുന്നത്‌ ഈ അനുകരണം ഒന്നുകൊണ്ടു മാത്രമാണ്. സമുദായത്തിലെ പ്രമാണികളും നേതാക്കളുമാകുന്ന സുഖലോലുപന്മാരാണ് ഇതിൽ മുമ്പന്മാരെന്നതും നിഷേധിക്കാൻ പറ്റാത്ത കാര്യമാണ്. മേൽ സൂക്തങ്ങൾ അക്ഷരം പ്രതി ഇന്ന് നമ്മെക്കുറിച്ചും പറയുവാനുള്ളതു തന്നെയാണ്. ഇതിന്റെ ഭവിഷ്യത്ത്‌ എന്താണെന്നും അവസാന ഭാഗത്ത്‌ നിന്നും മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിൽ ശരണം!

by മുഹമ്മദ്‌ അമാനി മൗലവി

ദുനിയാവിൽ അല്ലാഹുവിന്റെ ശിക്ഷ വേഗത്തിൽ ഇറങ്ങുന്നത്‌

സുഹൃത്തുക്കളേയും പൊതുജനങ്ങളേയും സേവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ധാരാളം ആളുകളെ നാം കാണുകയും അവരെക്കുറിച്ച്‌ കേൾക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ജനസേവനമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് വാദിക്കുന്ന ചിലരെ നമുക്കറിയാം.എന്നാൽ അവർ തങ്ങളുടെ മാതാപിതാക്കൾക്കും രക്തബന്ധമുള്ളവർക്കും സേവനം ചെയ്യാൻ വിമുഖത കാണിക്കുകയും അവരെ അവഗണിക്കുകയും ചെയ്യുന്നു.

മാതാപിതാക്കളിൽ ആരെങ്കിലും ഒരു സേവനം ആവശ്യപ്പെടുകയോ അത്യാവശ്യകാര്യത്തിന് ഏൽപ്പിക്കുകയോ ചെയ്താൽ ആ ദിവസം മുഴുവൻ കോപിഷ്ഠരാകുന്ന ചിലരെ നമുക്ക്‌ കാണാം. അത്‌ അവരോടുള്ള എതിർപ്രവർത്തനവും അനുസരണക്കേടും ദ്രോഹവുമാകുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മരണാനന്തര ജീവിതത്തിന്ന് മുമ്പ്‌ തന്നെ ഈ ലോകജീവിതത്തിൽ അതിനുള്ള ദുരന്തഫലം അവർ അനുഭവിക്കുന്നതാണ്. അതിലൂടെ ശിക്ഷ എളുപ്പമായിത്തീരുകയും ആയുസ്സ്‌ ചുരുങ്ങുകയും ചെയ്യും.

നബി (സ) പറഞ്ഞു : "പരലോക ശിക്ഷക്ക്‌ പുറമേ ദുനിയാവിൽ അല്ലാഹുവിന്റെ ശിക്ഷ വേഗത്തിൽ ഇറങ്ങുന്നതിന്ന് ഏറ്റവും അർഹരായിത്തീരുന്നത്‌ അതിക്രമിയും കുടുംബബന്ധം മുറിക്കുന്നവനുമാകുന്നു " [തുർമുദി]

By ശൈഖ്‌ മുഹമ്മദ്‌ ബിൻ ഇബ്‌റാഹിം അൽ നഈം

ആദർശബന്ധം ഏറ്റവും പ്രധാനം

🔸ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്‌) അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. [അദ്ധ്യായം 9 തൗബ 114]🔸

ഇബ്രാഹിം നബി (അ) തന്റെ പിതാവിനു വേണ്ടി പ്രാർത്ഥിച്ചത്‌ അയാൾ അദ്ദേഹത്തെ ബഹിഷ്കരിക്കുന്ന സന്ദർഭത്തിൽ 'ഞാൻ എന്റെ രക്ഷിതാവിനോട്‌ താങ്കൾക്കു വേണ്ടി പാപമോചനം തേടും' എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു. ശേഷം അല്ലാഹുവിന്റെ ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പിതാവ്‌ നരകവാസിയാണെന്ന് ബോധ്യമായപ്പോൾ ആ ബാധ്യതയിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. നമ്മുടെ സന്താനങ്ങളും ബന്ധുമിത്രാതികളും അല്ലാഹുവിന്റെ നിയമത്തിന്റെ ശത്രുക്കളാണെങ്കിൽ നാം അവർക്ക്‌ വേണ്ടി ആദർശത്തെ ഉപേക്ഷിക്കുകയല്ല മറിച്ച്‌ ആദർശത്തിനു വേണ്ടി അവരെ ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന തത്വത്തിലേക്ക്‌ ഈ സൂക്തം വെളിച്ചം നൽകുന്നു.

എ അബ്ദുസ്സലാം സുല്ലമി

ചെടിയിൽ നിന്ന് പ്രതിഫലം

ജാബിര്‍(റ) നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു:  "ഒരു മുസ്‌ലിമിന്റെ കൃഷിയില്‍ നിന്ന് കട്ട് പോകുന്നതും തിന്നു നശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും തരത്തില്‍ കുറഞ്ഞ് പോകുന്നതും അവന് സ്വദഖയായിത്തീരുന്നു" (മുസ്‌ലിം)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങിനയാണുള്ളത്. "ഏതെങ്കിലുമൊരു മുസ്‌ലിം ചെടിവെച്ച് പിടിപ്പിക്കുകയോ, വിത്ത് വിതക്കുകയോ ചെയ്തു. അങ്ങിനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അത് അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല" (ബുഖാരി)

ബാങ്ക്‌ കേട്ട ശേഷം പള്ളിയിൽ നിന്ന് ഇറങ്ങിപ്പോവൽ

ഒരിക്കൽ മുഅദ്ദിൻ (ബാങ്ക്‌ കൊടുക്കുന്നവൻ) ബാങ്ക്‌ വിളിച്ച്‌ കഴിഞ്ഞ ശേഷം പള്ളിയിൽ നിന്ന് ഇറങ്ങിപ്പോയ ഒരാളെ അബൂ ഹുറൈറ (റ) കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു : " അയാൾ പ്രവാചകൻ (സ)യെ ധിക്കരിച്ചു (മുസ്‌ലിം).

ബാങ്ക്‌ കേട്ടാൽ പള്ളി വിടുന്നത്‌ അനഭിലഷണീയമാണെന്ന് മേൽ വചനം വ്യക്തമാക്കുന്നതായി ഇമാം നവവി (റ) പറയുന്നു. നിർബന്ധ നമസ്കാരം നിർവ്വഹിക്കുന്നതിൽ നിന്ന് ഇളവ്‌ ലഭിക്കാത്ത വ്യക്തി ആ നമസ്കാരം നിർവ്വഹിച്ചേ പള്ളി വിടാവൂ എന്ന് സാരം.

മുഅദ്ദിൻ ബാങ്ക്‌ വിളിച്ചാൽ പള്ളിയിലുള്ളവർ നമസ്കാരം കഴിയാതെ പുറത്ത്‌ പോകരുതെന്ന് നബി (സ) പറഞ്ഞതായി (ബൈഹഖി) മറ്റൊരു റിപ്പോർട്ടുമുണ്ട്‌.

from പള്ളികൾ -വിധികളും വിലക്കുകളും (ഉപദേശക വിഭാഗം - ഷാർജ)

റബ്ബനാ ആതിനാ ഫിദ്ദുന്യാ ഹസന

"മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്‌. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.  മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.  അവര്‍ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്‌" [ അദ്ധ്യായം 2 ബഖറ 200 - 202]

ചില മനുഷ്യർ അല്ലാഹുവിനെ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുമെങ്കിലും അവർക്ക്‌ ഐഹികമായ കാര്യങ്ങൾ മാത്രമേ ലക്ഷ്യമുണ്ടായിരിക്കുകയുള്ളൂ. 'റബ്ബേ, ഞങ്ങൾക്ക്‌ ഇഹത്തിൽ ഇന്നിന്ന കാര്യങ്ങൾ നൽകേണമേ!' എന്നായിരിക്കും അവരുടെ പ്രാർഥന.
പരലോക കാര്യങ്ങളെക്കുറിച്ച്‌ അവർക്ക്‌ പ്രാർഥിക്കുവാനുണ്ടായിരിക്കുകയില്ല. ഇങ്ങനെയുള്ളവർക്ക്‌ പരലോകത്ത്‌ ഒന്നും ലഭിക്കുകയില്ല. ഐഹിക ആവശ്യങ്ങളാവട്ടെ അല്ലാഹു ഉദ്ദേശിച്ച അളവിൽ ലഭിക്കുകയും ചെയ്യും.

വേറൊരു വിഭാഗം ആളുകളുണ്ട്‌. അവർ ഐഹികവും പാരത്രികവുമായ നന്മക്ക്‌ വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കും. 'റബ്ബേ, ഞങ്ങൾക്ക്‌ ഇഹത്തിലും പരത്തിലും നന്മ നൽകേണമേ!' എന്നായിരിക്കും അവർ പ്രാർഥിക്കുക. അതെ, ആരോഗ്യം, സമാധാന ജീവിതം, ആവശ്യത്തിനുള്ള ധനം, പാർപ്പിടം, നല്ല വീട്ടുകാർ, ജനസമ്മിതി, അറിവ്‌, വ്ജ്ഞാനം, സൽകർമ്മം ചെയ്യാനുള്ള സൗകര്യം, ആപത്തുകളിൽ നിന്നും വിഷമങ്ങളിൽ നിന്നുമുള്ള രക്ഷ തുടങ്ങിയ ലൗകികമായ എല്ലാ നന്മകൾക്കുവേണ്ടിയും അവർ പ്രാർഥിക്കും. എന്നാൽ അവരുടെ ലക്ഷ്യം അതുകൊണ്ടവസാനിക്കുന്നില്ല. അല്ലാഹുവിന്റെ പ്രീതി, പാപമോചനം, സ്വർഗ്ഗീയാനുഗ്രഹങ്ങൾ തുടങ്ങിയ നന്മകൾ ലഭിക്കലായിരിക്കും അവരുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട്‌ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക്‌ കാരണമാകുന്ന പ്രവൃത്തികൾ ചെയ്ത്‌ നരകശിക്ഷക്ക്‌ വിധേയരാവാതെ ഞങ്ങളെ കാത്തുരക്ഷിക്കണേ എന്നുകൂടി അവർ പ്രാർഥിക്കും. ഇങ്ങനെയുള്ളവർക്കും മറ്റുള്ളവരെപ്പോലെ ഇഹത്തിൽ വെച്ച്‌ അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ ലഭിക്കും. പരലോകത്തിലാകട്ടെ അവരുടെ പ്രാർഥനകളും കർമ്മങ്ങളുമായി അവർ ഇഹത്തിൽ വെച്ച്‌ സമ്പാദിച്ച നേട്ടങ്ങൾക്കനുസരിച്ച്‌ അതിമഹത്തായ ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു.

ഈ രണ്ടുതരം പ്രാർഥനകളിൽ ഏതാണ് മാതൃകായോഗ്യമെന്നും ഏതാണ് സ്വീകരിക്കേണ്ടതെന്നും ആലോചിച്ച്‌ ഉചിതമായത്‌ അനുഷ്ടിച്ചു കൊള്ളുക എന്ന് സാരം.

By മുഹമ്മദ്‌ അമാനി മൗലവി

ഖുർആൻ പാരായണം തൊഴിലാക്കുന്നരോട്‌

ഖുർആൻപാരായണം വെറും തൊഴിലാക്കി സ്വീകരിച്ചു വരുന്നവർ താഴെ കാണുന്ന രണ്ട്‌ ഹദീസുകൾ ഗൗനിക്കേണ്ടിയിരിക്കുന്നു.

ഒരിക്കൽ ഇംറാൻ (റ), ഒരു കഥാകാരൻ (വഅള് പറയുന്നവൻ) ഖുർആൻ ഓതുകയും പിന്നീട്‌ ജനങ്ങളോട്‌ സഹായം ചോദിക്കുകയും ചെയ്യുന്നത്‌ കണ്ടു. ഉടനെ അദ്ദേഹം 'ഇസ്തിർജാഉ്‌'* ചൊല്ലി. എന്നിട്ട്‌ പറഞ്ഞു : നബി (സ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു : "ഒരാൾ ഖുർആൻ ഓതുന്നതായാൽ അതിനുള്ള പ്രതിഫലം അല്ലാഹുവിനോട്‌ കേട്ടു കൊള്ളട്ടെ. എന്നാൽ വഴിയെ ചില ആളുകൾ വരാനുണ്ട്‌; അവർ ജനങ്ങളോട്‌ ചോദിക്കുവാനായി ഖുർആൻ ഓതുന്നതാണ്" [അഹ്മദ്‌, തുർമുദി]

ബുറൈറ (റ) ഉദ്ധരിക്കുന്ന മറ്റൊരു നബിവചനം ഇങ്ങനെ : "ആരെങ്കിലും ജനങ്ങളെപ്പറ്റിത്തിന്നുവാനായി ഖുർആൻ ഓതുന്നതായാൽ ഖിയാമത്തുനാളിൽ അവൻ മുഖത്ത്‌ മാംസമില്ലാതെ എല്ലു മാത്രമായിക്കൊണ്ട്‌ വരുന്നതാണ്" [ബൈഹഖി]

ജനങ്ങളോട്‌ യാചിച്ചു നടക്കുന്നത്‌ നബി (സ) കഠിനമായി ആക്ഷേപിച്ചിട്ടുള്ളതാണല്ലോ. യാചകൻ ഖിയാമത്തുനാളിൽ അവൻ മുഖത്തു മാംസമില്ലാത്ത വിധത്തിൽ വരുവാൻ അതും കാരണമാകുമെന്നും താക്കീതു ചെയ്തിരിക്കുന്നു. എന്നിരിക്കെ യാചനക്ക്‌ ഖുർആനെ ഒരു ആയുധം കൂടി ആക്കുമ്പോൾ അതു കൂടുതൽ ദോഷകരമാണെന്ന് പറയേണ്ടതില്ല. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ (ആമീൻ)

* വല്ല ആപത്തോ അപായമോ അറിയുമ്പോൾ ' انا لله و انا اليه راجعون  (നാമെല്ലാം അല്ലാഹുവിന്റേതാണ്. നാം അവനിലേക്ക്‌ തന്നെ മടങ്ങുന്നവരാണ്) എന്ന് പറയുന്നതിനെയാണ് ' ഇസ്തിർജാഅ്‌' എന്ന് പറയുന്നത്‌. മടക്കം കാണിക്കുക എന്ന് വാക്കർത്ഥം.

By മുഹമ്മദ്‌ അമാനി മൗലവി

ഒരു കാലത്തും ഒരാൾക്കും കഴിയില്ല

🔸"നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).  നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌ [അദ്ധ്യായം 2 ബഖറ 23,24]🔸

മുഹമ്മദ്‌ നബി (സ) കൊണ്ടുവന്നിട്ടുള്ള ഈ ഖുർആൻ അല്ലാഹു അവതരിപ്പിച്ചതല്ലെന്നോ അത്‌ അദ്ദേഹമോ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലുമോ കെട്ടിച്ചമച്ചതാണെന്നോ അദ്ദേഹത്തിന്റെ ദിവ്യദൗത്യവാദം ശരിയല്ലെന്നോ വാദിക്കുകയോ സംശയിക്കുകയോ ചെയ്യുന്നവർക്കെല്ലാം - അവർ ഏതു കാല ദേശക്കാരനായാലും ശരി - ഒരു വമ്പിച്ച വെല്ലുവിളിയാണിത്‌.

വെല്ലുവിളി കൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. അല്ലാഹു അല്ലാത്ത മറ്റാരേയും നിങ്ങൾക്ക്‌ വിളിച്ചു കൂട്ടാം. എന്നാലും നിങ്ങൾക്ക്‌ ഒരു കാലത്തും അതിനു സാധ്യമല്ല എന്ന് അതോടൊപ്പം തന്നെ അല്ലാഹു തീർത്തുപറയുകയും ചെയ്തിരിക്കുന്നു. ഈ വെല്ലുവിളിയെ നേരിടുവാൻ കഴിയുകയില്ലെന്ന് ബോധ്യമായിട്ട്‌ പിന്നേയും പിന്മടങ്ങാത്ത പക്ഷം അതികഠിനമായ നരകശിക്ഷക്ക്‌ തയ്യാറായിക്കൊള്ളണമെന്നൊരു കനത്ത താക്കീതും അല്ലാഹു നൽകിയിരിക്കുന്നു. ഇവിടെ മാത്രമല്ല അദ്ധ്യായം ഹൂദിലും യൂനുസിലും അല്ലാഹു ഈ വെല്ലുവിളി ആവർത്തിച്ചിട്ടുണ്ട്‌.

by മുഹമ്മദ്‌ അമാനി മൗലവി

കഴിവനുസരിച്ച്‌ മാത്രം പ്രവർത്തിച്ചാൽ മതി

🔸വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും [അദ്ധ്യായം 7 അഅറാഫ്‌ 42]🔸

സത്യവിശ്വാസികളുടെ പര്യവസാനം എങ്ങനെയായിരിക്കുമെന്ന് അല്ലാഹു ഈ വചനത്തിൽ വിവരിക്കുന്നു. വിശ്വാസം കൊണ്ട്‌ മാത്രം മതിയാക്കാൻ പാടില്ലെന്നും അതോടുകൂടി സൽകർമ്മങ്ങൾ പ്രവർത്തിക്കൽ അനിവാര്യമാണെന്നും മറ്റു പലേടത്തുമെന്നപോലെ ഇവിടേയും അല്ലാഹു ഉണർത്തുന്നു. സൽക്കർമ്മങ്ങളെപ്പറ്റി പറഞ്ഞപ്പോൾ ഓരോരുത്തരുടേയും കഴിവിനനുസരിച്ചല്ലാതെ ആരോടും ശാസിക്കുകയില്ലെന്ന് ഇടക്ക്‌ വെച്ച്‌ പ്രത്യേകം ഉണർത്തിയത്‌ ശ്രദ്ധേയമാകുന്നു. പ്രവർത്തിക്കുവാനുള്ള കഴിവ്‌ എല്ലാവർക്കും ഒരുപോലെയുണ്ടായിരിക്കുകയില്ലല്ലോ. അതുകൊണ്ട്‌ ഓരോ വ്യക്തിയുടേയും കഴിവും സാധ്യതയും അനുസരിച്ച്‌ സൽക്കർമ്മങ്ങൾ ചെയ്യണമെന്നേ നിർബന്ധമുള്ളൂവെന്ന് താൽപര്യം.

By മുഹമ്മദ്‌ അമാനി മൗലവി

Related Posts Plugin for WordPress, Blogger...

Popular YRC Posts

Follow by Email