🔸ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. [അദ്ധ്യായം 9 തൗബ 113]🔸
പ്രവാചകൻ (സ )യുടെ പിതൃവ്യൻ അബൂത്വാലിബിന്റെ മരണത്തോടു കൂടി അവതരിപ്പിക്കപ്പെട്ടതാണ് ഈ ആയത്ത്. അദ്ദേഹത്തിന്റെ മരണം നബിയെ വളരെയധികം വേദനിപ്പിച്ചു. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത അബൂത്വാലിബിന്റെ ബാധ്യത നിർവ്വഹിക്കുവാൻ അദ്ദേഹത്തിന്ന് വേണ്ടി പാപമോചനത്തിന്ന് നബി (സ) പ്രാർത്ഥിച്ചതിനെ പരിശുദ്ധ ഖുർആൻ വിരോധിക്കുകയാണ് ഈ ആയത്തിൽ. ജീവിച്ചിരിക്കുന്ന ശിർക്ക് ചെയ്യുന്നവരുടെ നന്മക്ക് വേണ്ടിയും പാപമോചനത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നതിനു വിരോധമില്ല. അവരെ സന്മാർഗ്ഗത്തിലാക്കുക എന്നതാണ് ഈ പാപമോചനം കൊണ്ട് അർത്ഥമാക്കുന്നത്. ബാഹ്യമായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രശ്നങ്ങളിൽ നാം വ്യക്തികളെ പരിഗണിക്കേണ്ടത്. ആരേയും നരകത്തിലാണെന്ന് വിധി പറയാൻ നമുക്ക് അവകാശമില്ല. രക്തബന്ധത്തേക്കാൾ പരിഗണന ആദർശ ബന്ധത്തിനാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.
എ അബ്ദുസ്സലാം സുല്ലമി