അല്ലാഹുവിന്‍റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്. തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങള്‍ക്ക് എതിരില്‍ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങള്‍ (അവയില്‍ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിക്കതും അല്ലാഹു അറിയില്ലെന്നാണ്. അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു.
അദ്ധ്യായം 41 ഫുസ്സിലത്ത് 19 - 23