ഈദുല്‍ ഫിത്വര്‍ ആശംസകള്‍



ആഘോഷങ്ങള്‍ക്ക്‌ മാന്യതയുടെയും മാനവികതയുടെയും മാനങ്ങള്‍ നല്‍കിയത്‌ ഇസ്‌ലാമാണ്‌.എല്ലാത്തരം ബന്ധങ്ങളും മറന്നാടുന്ന ആഘോഷ-ഉത്സവരീതികള്‍ക്ക്‌ പകരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു അവസരമായി ആഘോഷങ്ങളെ ഇസ്‌ലാം പരിവര്‍ത്തിപ്പിച്ചു. സ്രഷ്‌ടാവിനെ മറന്നുകൊണ്ടുള്ള ഒരാഘോഷവും അംഗീകരിക്കാവതല്ല. പെരുന്നാള്‍ സുദിനത്തിന്റെ സുവിശേഷം ശ്രവിക്കുന്ന മാത്രയില്‍ വിശ്വാസി പറയുന്നു; അല്ലാഹു അക്‌ബര്‍. സ്രഷ്‌ടാവായ അല്ലാഹുവാണ്‌ അത്യുന്നതന്‍. അവന്റെ താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി താന്‍ യാതൊന്നിനും പ്രാമുഖ്യം കാണിക്കില്ല എന്ന വിളംബരം.

ഈദ്‌ പ്രോഗ്രാമുകളുടെ പ്രഥമസംരംഭം ആരാധനതന്നെ. ആബാലവൃദ്ധം ഒത്തുചേരുന്നു. നമസ്‌കരിക്കുന്നു. ഉപദേശം ശ്രദ്ധിക്കുന്നു. ആശംസകള്‍ കൈമാറുന്നു. ബന്ധങ്ങള്‍ പുതുക്കുന്നു. സ്രഷ്‌ടാവുമായുള്ള ബന്ധവും ഒപ്പം സാഹോദര്യവും കുടുംബബന്ധവും എല്ലാം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചേര്‍ക്കുന്നു. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ തിരക്കുപിടിച്ച മനുഷ്യര്‍ എല്ലാം താല്‍ക്കാലികമായി മാറ്റിവയ്‌ക്കുന്നു. വീട്ടിലേക്ക്‌ എത്തിച്ചേരുന്നു. തന്റെ പിഞ്ചോമന മക്കള്‍, ഭാര്യമാര്‍, നിര്‍ബന്ധിതമായിട്ടാണെങ്കിലും അകന്നുകഴിയേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന വിഷമതകള്‍ക്ക്‌ താല്‍ക്കാലിക വിരാമമിട്ടുകൊണ്ട്‌ കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍.... ഈ ബന്ധമാണ്‌ പെരുന്നാളാഘോഷത്തിന്റെ രണ്ടാമത്തെ ഘടകം. പുത്തനുടുപ്പുകളും മികച്ച ആഹാരങ്ങളും അനാവശ്യമല്ലാത്ത വിനോദങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. അശരണരായി, ശയ്യാവലംബികളായി കഴിയുന്നവരെ ചെന്നുകണ്ട്‌ ആഘോഷഹര്‍ഷം അവര്‍ക്കെത്തിക്കുന്നു. ഇങ്ങനെയാണ്‌ സമൂഹത്തിന്റെ രചനാത്മകമായ ആഘോഷം ഇസ്‌ലാം കാണിച്ചുതന്നത്‌.

ആഘോഷം നിശ്ചയിച്ച പശ്ചാത്തലം പോലും ചിന്തോദ്ദീപകമാണ്‌. മഹാന്മാരുടെ ജനനദിനങ്ങളോ ചരമദിനങ്ങളോ ആണ്‌ പലസമൂഹങ്ങളിലും ആഘോഷത്തിന്റെ സമയം. ശവകുടീരങ്ങളാണ്‌ പലതിന്റെയും വേദി. എന്നാല്‍ ത്യാഗനിര്‍ഭരമായ രണ്ട്‌ ആരാധനാകര്‍മങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇസ്‌ലാം ഈദുകള്‍ നിശ്ചയിച്ചത്‌. ഒന്ന്‌ റമദാനിലെ വ്രതം. മറ്റേത്‌ ദുല്‍ഹിജ്ജയിലെ ഹജ്ജ്‌ കര്‍മം. വ്രതസമാപനമായി കടന്നുവന്ന ഈദുല്‍ഫിത്വ്‌റാണ്‌ നമ്മുടെ മുന്നിലുള്ളത്‌. സമൂഹത്തിലെ പാവപ്പെട്ടവരുടെ അവസ്ഥ ആഘോഷവേളയില്‍ അവഗണിക്കരുത്‌. അതിനു വേണ്ടിയാണ്‌ `നോമ്പുപെരുന്നാളി'നോടനുബന്ധിച്ച്‌ സകാതുല്‍ഫിത്വ്‌റും `ഹജ്ജുപെരുന്നാളി'നോടനുബന്ധിച്ച്‌ ബലികര്‍മവും വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാക്കിയത്‌.

പെരുന്നാളിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ അധികപേരും തയ്യാറാകുന്നില്ല. കേവല ചടങ്ങുകളായി എല്ലാം നടത്തിത്തീര്‍ക്കുന്നു. സാമ്പത്തിക സുസ്ഥിതിയും സുഭിക്ഷിതയും മൂലം `നമുക്ക്‌ പെരുന്നാളാണ്‌' എന്ന പ്രയോഗം പോലും അസ്ഥാനത്തായിരിക്കുന്നു. ഇതരസമൂഹങ്ങളെ അനുകരിച്ച്‌ പടക്കവും പൂത്തിരിയും മറ്റുമായി പെരുന്നാളിനെ വഴിതിരിച്ചുവിടുന്നു ചിലര്‍. എല്ലാവരും കുടുംബത്തില്‍ ഒത്തുചേരുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പെരുന്നാളിന്‌ `ടൂര്‍' സംഘടിപ്പിക്കുക എന്നത്‌ ഇന്ന്‌ വ്യാപകമായിരിക്കുകയാണ്‌!

ഇതര സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനുള്ള അവസരമായി ഈദ്‌ സുദിനങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്‌. മതനിരപേക്ഷ ഭാരതത്തില്‍ പരസ്‌പരം മനസ്സിലാക്കുക, ഉള്‍ക്കൊള്ളുക എന്നത്‌ അനിവാര്യമാണ്‌. മതവിശ്വാസികള്‍ തമ്മിലെ സൗഹാര്‍ദത്തിന്‌ പേരുകേട്ട കേരളത്തില്‍പോലും ഈദുല്‍ഫിത്വ്‌ര്‍ എന്നതിന്‌ `റംസാന്‍' എന്നാണ്‌ ഇന്നും ഉപയോഗിക്കുന്നത്‌. ചാന്ദ്രമാസങ്ങളിലെ ഒരു മാസമാണ്‌ `റംസാന്‍' എന്നും റമദാനിനു ശേഷമുള്ള ആഘോഷം ഈദുല്‍ഫിത്വ്‌ര്‍ ആണെന്നുമുളള സാമാന്യജ്ഞാനമെങ്കിലും ശരാശരി കേരളീയനു പകര്‍ന്നുനല്‍കാന്‍ ഈയവസരം ഉപയോഗപ്പെടട്ടെ. വ്രതനിര്‍വൃതിയോടെ ഈദുല്‍ ഫിത്വ്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുക.
എല്ലാവര്‍ക്കും YRCയുടെ ഹൃദ്യം നിറഞ്ഞ  ഈദുല്‍ഫുത്വ്‌ര്‍ ആശംസകള്‍. അല്ലാഹു അക്‌ബര്‍... വലില്ലാഹില്‍ഹംദ്‌.

തറാവീഹ് : സുന്നത് പിന്‍പറ്റുക, ബിദ്അത്ത് വെടിയുക


ഖിയാമുല്ലൈല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നമസ്കാരത്തിലെ റകഅത്തുകള്‍ ഒറ്റയില്‍ അവസാനിപ്പിക്കുന്നത്കൊണ്ട് വിത്ര്‍ എന്നും അല്‍പ്പം ഉറങ്ങിയ ശേഷം നമസ്ക്കരിക്കുകയാണെങ്കില്‍ തഹജ്ജുദ് എന്നും റമദാന്‍ മാസത്തിലെ രാവുകളില്‍ നിര്‍വഹിക്കുകയാണെങ്കില്‍ ഖിയാമുറമദാന്‍ എന്നും പറയുന്നു. തറാവീഹ് എന്ന പേര് പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ നല്‍കിയതാണ്.


അല്ലാഹു പറയുന്നു : "ഭയത്താലും പ്രത്യാശയാലും തങ്ങളുടെ നാഥനോട് പ്രാര്‍ഥിച്ചു കൊണ്ട് അവരുടെ പാര്‍ശങ്ങള്‍ കിടപ്പ് സ്ഥാനങ്ങളില്‍ നിന്നും ഉയരുന്നതാണ്". [സൂറ 32 :16 ]

"അവര്‍ എഴുനേറ്റുനിന്നും സാഷ്ടാംഗംചെയ്തും അവരുടെ രക്ഷിതാവിനു വേണ്ടി രാത്രി കഴിച്ചു കൂട്ടുന്നതാണ്". [സൂറ 25 : 64 ]

പതിനൊന്നു റകഅത്തില്‍ കൂടുതല്‍ ഈ നമസ്കാരം ഒരു കാലത്തും ഒരു സന്ദര്‍ഭത്തിലും നമസ്ക്കരിക്കേണ്ടതില്ല. [ആയിശ (റ) പറയുന്നു : റമദാനിലോ മറ്റു മാസങ്ങളിലോ നബി (സ) രാത്രി നമസ്കാരം 11 റകഅത്തില്‍ കൂടുതല്‍ നിര്‍വഹിച്ചിട്ടില്ല (ബുഖാരി)].

1,3,5,7,9 എന്നിങ്ങനെ ചുരുക്കുന്നതിനു വിരോധമില്ല. ഈരണ്ടു റകഅത്തില്‍ സലാം വീട്ടുന്നതാണ് ഏറ്റവും ഉത്തമം. വിത്'റാക്കിയ ശേഷം സുബഹി നമസ്കാരത്തിന്‍റെ രണ്ട് റകഅത്ത് സുന്നതല്ലാതെ മറ്റൊന്നും നമസ്ക്കരിക്കരുത്. വിതര്‍ ഒരു റകഅത്ത് മാത്രമായി നമസ്ക്കരിക്കലാണ് ഉത്തമം. വിത്റിന്റെ ആദ്യ റകഅത്തില്‍ 'സബ്ബിഹിസ്മ' യും രണ്ടാമത്തെ റകഅത്തില്‍ 'കാഫിറൂന്‍ ' സൂറത്തും അവസാനം 'ഇഖ്'ലാസ്' സൂറത്തും ഓതുന്നത്‌ നബി ചര്യയാണ്.




Related Posts Plugin for WordPress, Blogger...

Popular YRC Posts