സാമൂഹ്യ ജീർണതയുടെ ദുർമുഖം പൂർണമായി പ്രകടമാകുന്ന വിപത്താണ് മദ്യം. മദ്യം നിലനിൽക്കുന്ന സമൂഹത്തിൽ നന്മയുടെ യാതൊരു അംശവും അവശേഷിക്കുകയില്ല. അതു കൊണ്ടുതന്നെ ഈ വിപത്തിനെതിരെ വിശുദ്ധ ഖുർആന്റെ കൽപന ഇങ്ങനെ : " സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം ". (അദ്ധ്യായം 5 മാഇദ 90)
'കുറ്റകൃത്യങ്ങളുടെ മാതാവ് 'എന്ന് പ്രവാചകൻ (സ) വിശേഷിപ്പിച്ച മദ്യത്തിന്റെ പ്രധാന ഇരകൾ പാവപ്പെട്ട സ്ത്രീകളും കുട്ടികളുമാണ്. മദ്യം സേവിച്ച ഭർത്താക്കന്മാരാൽ വധിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതുമായ സ്ത്രീകളുടേയും പിഞ്ചോമനകളുടേയും കണ്ണുനീരും ചോരയും നക്കിക്കുടിച്ചു കൊണ്ടാണ് നമ്മുടെ രാജ്യത്തെ അബ്‌കാരികൾ തടിച്ചു കൊഴുത്തു നിൽക്കുന്നത്. അതിന്റെ പങ്കുപറ്റിക്കൊണ്ടാണ് രാഷ്ട്രീയ നേതാക്കന്മാർ മാന്യന്മാരായി നടക്കുന്നത്.
ഇവിടെ നടക്കുന്ന കലാപങ്ങൾ, കൊലവിളികൾ, കുടുംബകലഹങ്ങൾ, ക്വട്ടേഷൻ കൊലകൾ, രാഷ്ട്രീയ കൊലകൾ, വാഹനാപകടങ്ങൾ, സ്ത്രീപീഡനങ്ങൾ തുടങ്ങിയ ഒട്ടനേകം ദുരന്തങ്ങളുടെ പിന്നിൽ മദ്യരാജാവു വർത്തിക്കുന്നു. ഈ യാഥാർഥ്യം അറിയാത്തവരായി ഇവിടെ ആരുമില്ല. ഈ ജീർണതയിൽ നിന്ന് സഹജീവികളെ മോചിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കു പോലും ഇവിടെ ജീവിക്കാൻ പറ്റാത്ത വിധം രാജ്യം മദ്യലോബികളുടെ കൈകളിൽ അമർന്നിരിക്കുന്നു.
ഇവിടെയാണ് ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടിന്റെ പ്രസക്തി എത്ര വലുതാണെന്നും വിലപിടിച്ചതാണെന്നും നമുക്ക് മനസ്സിലാവുന്നത്. മഹാകവി ടി ഉബൈദ് ആവശ്യപ്പെട്ടതു പോലെ നമുക്കും സമൂഹത്തോടാവശ്യപ്പെടാം :
വിളക്കു വെക്കുവിൻ; വിളക്കു വെക്കുവിൻ;
വെളിച്ചം കാണട്ടെ, വിളക്കു വെക്കുവിൻ!
അടുത്തു നിന്നിടുമനുജനെപ്പോലും
തടഞ്ഞുവീഴുമാറിരുണ്ടുപോയ് രംഗം.
വിളക്കു വെക്കുവിൻ; വിളക്കു വെക്കുവിൻ
വെളിച്ചം തൂകട്ടെ; വിളക്കു വെക്കുവിൻ.
കടപ്പാട് : എം എം നദ് വി