നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകളിൽ ബഹുഭൂരിപക്ഷവും ഒരു മിഷൻ മുൻനിർത്തിയല്ല പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. താൽക്കാലികമായ ചില ലക്ഷ്യങ്ങൾക്കുപരി ആത്യന്തിക ആദർശങ്ങൾ അവയിൽ പലതിനുമില്ല. ഉണ്ടെങ്കിൽ തന്നെ പാർട്ടി ആപ്പീസിലെ മാറാല പിടിച്ച അലമാരയിൽ നുരുമ്പിയ ഭരണഘടനയിലെ ഏതോ പേജുകളിൽ വിസ്മൃതമായിക്കിടപ്പാണ് ആ ആദർശങ്ങൾ. ചില നേതാക്കളുടെ നിലനിൽപ്പിനു വേണ്ടി മാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ സംഘടനകൾക്ക് മഹത്തായ ആദർശ ലക്ഷ്യങ്ങൾ പ്രതീക്ഷിക്കുന്നതിലർഥമില്ലല്ലോ. ആദർശ ശൂന്യമായ ഇത്തരം സംഘടനകളുടെ ഉന്നം കൂടുതൽ വോട്ടും കൂടുതൽ മെമ്പർമാരും ആയിരിക്കുക സ്വാഭാവികം. അവരുടെ പ്രബോധനം സംഘടനയിലേക്കാവും; ആദർശങ്ങളിലേക്കാവില്ല. ഈ സംഘടനാ സംസ്കാരം ആദർശ പ്രസ്ഥാനങ്ങളെ സ്വാധീനിച്ചാൽ അത് ഗുരുതരമായ പതനത്തിലേക്കുള്ള വഴി തുറക്കും. ഇസ്‌ലാമിക സംഘടനകൾ അനുനിമിഷം പര്യാലോചിക്കേണ്ട വിഷയമാണിത്.
ദൗർഭാഗ്യവശാൽ പല മതസംഘടനകളും ഭൗതികസംഘടനകളുടെ അതേ മാതൃകയിൽ ഇസ്‌ലാമിനേയും അതിന്റെ കേന്ദ്ര പ്രമേയമായ തൗഹീദിനേയുംകാൾ പ്രാധാന്യം സംഘടനക്ക് നൽകുന്നുണ്ടോ എന്ന് സംശയിച്ചു പോകും. ആശയാദർശങ്ങളേക്കാൾ ഉയരത്തിൽ സംഘടനാ ചിഹ്നങ്ങൾ സ്ഥാപിക്കാനുള്ള വെപ്രാളം നിശിതമായി വിമർശന വിധേയമാക്കിയേ തീരൂ. സംഘടനാ പരിപാടികൾ ആസൂത്രണം ചെയ്യുമ്പോഴും നടപ്പാക്കുമ്പോഴും ബഹുജന സ്വാധീനവും സംഘടനാ ബലവും വർദ്ധിപ്പിക്കുക മാത്രമാണ് ഫലത്തിൽ സംഭവിക്കുന്നതെങ്കിൽ പ്രവർത്തകരുടെ അധ്വാനവും സമ്പത്തും തീർത്തും നഷ്ടത്തിലായിത്തീരും. നേതാക്കളാവും അതിനു സമാധാനം പറയേണ്ടി വരിക.
സംഘടനയല്ല അവസാന വാക്ക്; മറിച്ച് അതിന്റെ ആദർശമാണ്. സംഘടന നിലനിൽക്കുമ്പോഴും അതിന്റെ ദൗത്യം സംഘടനാ ചട്ടക്കൂടുകളെ കവിഞ്ഞ് വളർന്നു കൊണ്ടിരിക്കണം. സംഘടന മാർ ഗമാണ്. ആദർശം വഹിക്കുന്ന വാഹനമാണത്. അതിനാൽ വാഹനമാകരുത്, വാഹനത്തിന്റെ യാത്രാലക്ഷ്യമായിരിക്കണം പ്രഥമ ഗണനീയം.
കടപ്പാട് : മുജീബുറഹ്മാൻ കിനാലൂർ