തങ്ങളെ കാക്കണേ, പെങ്ങളെ ഞമ്മളേം കാക്കണേ...


``അല്ലാഹുവിന്‌ പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറഞ്ഞിരുന്നത്‌) ഇവര്‍ അല്ലാഹുവിലേക്ക്‌ ഞങ്ങളെ അടുപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്‌ ഇവരെ ഞങ്ങള്‍ ആരാധിച്ചിരുന്നത്‌ എന്നാണ്‌.'' (സുമര്‍ 3)

മഹാന്മാരായ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ബിംബങ്ങളുണ്ടാക്കി പൂജിച്ചപ്പോള്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പറഞ്ഞ ഇതേ മറുപടി തന്നെയാണ്‌ ജാറങ്ങളില്‍ ആഗ്രഹസഫലീകരണത്തിന്‌ പോകുന്നവര്‍ക്കും പറയാനുള്ളത്‌. മരണ സ്‌മരണയുണര്‍ത്താനും പരലോക ചിന്തയുണ്ടാക്കാനുമാണ്‌ ഖബര്‍ സിയാറത്ത്‌ നബി(സ) സുന്നത്താക്കിയത്‌. ഇക്കാര്യം സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്‌. ഖബര്‍ സിയാറത്തിനെ ആരും എതിര്‍ത്തിട്ടില്ല, എതിര്‍ക്കുന്നുമില്ല. എന്നാല്‍ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയിലും മറ്റും നടക്കുന്നത്‌ ഖബര്‍ സിയാറത്തല്ല, ഖബര്‍പൂജയാണ്‌. ഓരോ ദിവസവും ആയിരക്കണക്കിന്‌ പച്ചത്തുണികളാണ്‌ നേര്‍ച്ചയായി ആ മഖ്‌ബറയില്‍ സമര്‍പ്പിക്കപ്പെടുന്നത്‌. കഅ്‌ബയുടെ പരിസരത്ത്‌ പോലും കാണാത്ത അതിരുവിട്ട ഭക്തി പാരവശ്യമാണ്‌ ദര്‍ഗകളില്‍ കാണുന്നത്‌. ഇവരെ സേവിക്കാന്‍ കുറെ മുസ്‌ലിം `പൂജാരി'മാരുമുണ്ട്‌.

പ്രവാചകന്റെ(സ) അന്തിമ വസിയ്യത്തിനെ കാറ്റില്‍ പറത്തി ഇത്തരം മഖ്‌ബറകള്‍ പൂജാകേന്ദ്രങ്ങളാകുകയാണ്‌! ഇതിനെ ന്യായീകരിക്കാന്‍ കുറെ പുരോഹിതന്മാരും. മുസ്‌ലിംകള്‍ അധസ്ഥിതരും നിന്ദിതരുമാകാന്‍ വേറെ കാരണം തെരയുന്നതെന്തിന്‌? ദൈവിക കാരുണ്യത്തില്‍ നിന്ന്‌ മുസ്‌ലിംകള്‍ അകറ്റപ്പെടാനും ദൈവകോപത്തിന്റെ കാഹളം മുഴങ്ങാനും ഇതില്‍പരം കാരണം വേറെയന്തിന്‌? സമുദായത്തിന്റെ അസ്‌തിത്വം നിലനിര്‍ത്താന്‍ ഇസ്‌ലാമിനോട്‌ സ്‌നേഹമുള്ള, പരലോകബോധമുള്ള മുസ്‌ലിംകളെല്ലാം ഈ കടുത്ത തിന്മക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിവരും. ഇതിനോട്‌ മൗനം പാലിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന പുരോഹിതന്മാരുടെ താല്‌പര്യം ഇസ്‌ലാമിനു പുറത്താണ്‌. ഇത്തരം ദുരാചാരകേന്ദ്രങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി ജീവിക്കുകയും ഇതിലൂടെ വരുന്ന അവിഹിത വരുമാനത്തിന്റെ വിഹിതം പങ്കിട്ടെടുത്ത്‌ ജീവിതം തള്ളിനീക്കുകയും ചെയ്യുന്നവരാണിവരിലധിക പേരും. പരലോകത്തെക്കാള്‍ ഇഹലോകത്തിന്‌ മുന്‍ഗണന കൊടുക്കുന്ന ഇത്തരം പണ്ഡിത പുരോഹിതന്മാരില്‍ നിന്ന്‌ ഒരു ഗുണവും ഇസ്‌ലാമിക സമൂഹത്തിനുണ്ടാകില്ലെന്നുറപ്പാണ്‌.
Related Posts Plugin for WordPress, Blogger...

Popular YRC Posts

Follow by Email