കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുവെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ ഈയിടെ ഉണ്ടായ സംഭവം. അവിടെ രണ്ടു ദിവസങ്ങളിലായി 22 പ്രസവശസ്ത്രക്രിയകള്‍ നടത്തുകയുണ്ടായി. ഇത് വിവാദമാകുകയും ഡോക്ടര്‍മാര്‍ക്ക് അവധി എടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ആരോപണമുയരുകയും ചെയ്ത സാഹചര്യത്തില്‍ അധികൃതര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ അസാധാരണ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവന്നേ മതിയാകൂ.
താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കിടയിലെ കിടമത്സരവും കൈക്കൂലിയും നിര്‍ബന്ധ ശസ്ത്രക്രിയയ്ക്കു പിന്നിലും ഉണ്ടെന്ന് പരാതി ഉയര്‍ന്നിരിക്കുന്നു. അടിയന്തര സാഹചര്യമില്ലെങ്കില്‍, മുന്‍കൂട്ടി നിശ്ചയിച്ച നാല് ശസ്ത്രക്രിയയില്‍ ക്കൂടുതല്‍ ഒരു ദിവസം നടത്താന്‍ പാടില്ലെന്ന് നിര്‍ദേശമുള്ളപ്പോഴാണ് ഒരു ദിവസം തന്നെ 12 ശസ്ത്രക്രിയകള്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.
വൈദ്യശാസ്ത്രത്തിന്റെ മൂല്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ചുമതലകള്‍ അര്‍പ്പണബോധത്തോടെ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ് ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ ആസ്പത്രികളിലെത്തുന്ന രോഗികളില്‍ വലിയൊരു വിഭാഗം സമൂഹത്തിന്റെ താഴേത്തട്ടുകളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ മതിയായ സൗകര്യങ്ങളും മികച്ച സേവനവും അവയില്‍ ഉറപ്പാക്കാന്‍ സര്‍ക്കാറിനു കഴിയണം. ദൗര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ ആസ്പത്രികളിലെ പരിമിതികള്‍, അവഗണന, ഡോക്ടര്‍മാരടക്കമുള്ളവരുടെ വീഴ്ചകള്‍ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ സാധാരണമായിരിക്കുന്നു. അധികൃതര്‍ ഇച്ഛാശക്തിയോടെ ശ്രമിച്ചാലേ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാക്കാനാവൂ. ചേര്‍ത്തല താലൂക്ക് ആസ്പത്രിയിലെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സമഗ്രവും സമയബദ്ധവുമാകണം. മാതൃകാപരമായ തുടര്‍ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാവുകയും വേണം.