തിരുകേശ പ്രദര്‍ശനം


റസൂലിന്റെ ശരീരാവശിഷ്‌ടങ്ങളുടെ മഹത്വവത്‌കരണം, റസൂലിന്റെ ഉത്തമ ശിഷ്യന്മാരില്‍ നിന്നുള്ള പാരമ്പര്യമല്ല. റസൂലിന്‌ ആയിരക്കണക്കിന്‌ മുടികളുണ്ടായിട്ടുണ്ടാവാം. അതില്‍ നൂറുകള്‍ കൊഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത്‌ മൂന്ന്‌ നാലെണ്ണത്തെക്കുറിച്ച്‌ മാത്രമാണ്‌. ബാക്കിയൊക്കെ എവിടെ? എന്തുകൊണ്ട്‌ അവ സൂക്ഷിക്കപ്പെട്ടില്ല? റസൂല്‍ ഉപയോഗിച്ച എന്തെല്ലാം ഭൗതിക വസ്‌തുക്കളാണ്‌ ഇന്ന്‌ ലോകത്ത്‌ സൂക്ഷിക്കപ്പെടുന്നത്? വസ്‌ത്രവും പാത്രവും പാര്‍പ്പിടവുമെല്ലാം മുമ്പ്‌ സൂക്ഷിക്കപ്പെട്ടിരുന്നുവെന്നതിനും പില്‍ക്കാലത്ത്‌ നശിപ്പിച്ചതാണെന്നതിനും വസ്‌തുനിഷ്‌ഠമായ തെളിവുകളുണ്ടോ? അവയെല്ലാം സ്വാഭാവികമായി നശിച്ചതാണെങ്കില്‍ റസൂലി(സ)നെ ചാണിനു ചാണായും മുഴത്തിന്‌ മുഴമായും പിന്‍പറ്റിയവര്‍, സ്വന്തം ശരീരത്തേക്കാള്‍ സ്‌നേഹിച്ച സ്വഹാബികള്‍ ഇവയെല്ലാം അവഗണിച്ചതെന്തുകൊണ്ടാണ്‌?

കാരണം മറ്റൊന്നുമല്ല. ഇവയെല്ലാം സൂക്ഷിക്കപ്പെടേണ്ട തിരുശേഷിപ്പുകളാണെന്നോ ഇവ കാണുന്നതും തൊടുന്നതും മുത്തുന്നതുമെല്ലാം ഇഹലോകത്തോ പരലോകത്തോ ഗുണം നല്‍കുന്ന കാര്യമാണെന്നോ അവര്‍ മനസ്സിലാക്കിയില്ല. അവരുടെ റസൂല്‍(സ) അങ്ങനെ അവരെ പഠിപ്പിച്ചില്ല. റസൂല്‍ പുണ്യമായി പഠിപ്പിച്ചതൊന്നും ആര്‍ക്കും അവര്‍ വിട്ടുകൊടുത്തിട്ടില്ല. ഹജറുല്‍ അസ്‌വദ്‌ തകര്‍ക്കാന്‍ വന്നവരെയോ റസൂലിന്റെ(സ) ഖബ്‌ര്‍ തുരക്കാന്‍ വന്നവരെയോ അവര്‍ അനുവദിച്ചിട്ടില്ല. എന്ന്‌ മാത്രമല്ല, റസൂലിന്റെ സുന്ദരചരിത്രം വികൃതമാക്കിയ മുസ്‌ലിംകളും അല്ലാത്തവരുമായ നികൃഷ്‌ടരെ കണ്ടെത്താനും പരമാവധി അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കാലാകാലങ്ങളില്‍ സമൂഹത്തിലെ മുഹിബ്ബുര്‍റസൂലുകളായ ഉലമാക്കളും ഉമറാക്കളും ശ്രമിച്ചിട്ടുണ്ട്‌.

അതുകൊണ്ട്‌, ലോകാനുഗ്രഹിയും മാനവമോചകനുമായ മുഹമ്മദ്‌ നബി(സ)യോട്‌ ഇത്തിരിയെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ വേണ്ടത്‌ മരിച്ചുപോയ പുണ്യറസൂലിന്റെ വിസ്‌മൃതമായ ശരീരാവശിഷ്‌ടങ്ങള്‍ ഖനനം ചെയ്യാതെ പ്രഫുല്ലമായ, അനശ്വരമായ ജീവിതസന്ദേശങ്ങള്‍ സത്യാന്വേഷികളുടെ മനസ്സിലേക്കെത്തിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുകയാണ്‌. ഭൗതികതയില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ ഹതാശരായ ആധുനിക സമൂഹം കാത്തിരിക്കുന്നത്‌ ഈ ആശ്വാസതുരുത്തുകളാണ്‌.

മുടിപ്പള്ളിയുടെ നിര്‍മാണഭംഗിയും അവിടുത്തെ വിശാല പൂന്തോട്ടത്തിലെ പൂക്കളും അവിടെ പരക്കുന്ന ഊദിന്റെ ഗന്ധവുമല്ല ആത്മശാന്തി തേടുന്നവര്‍ ആഗ്രഹിക്കുന്നത്‌. അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഭക്തിയുടെ ആശ്വാസ കുളിര്‍തെന്നലാകാന്‍ എച്ചുകെട്ടലുകളില്ലാത്ത ഇസ്‌ലാമിക വിശ്വാസത്തിനും അനുഷ്‌ഠാനങ്ങള്‍ക്കും മാത്രമേ സാധിക്കൂ. അത്‌ നല്‍കുന്നതിന്റെ അളവാണ്‌ ഒരു പള്ളിയുടെ വലുപ്പം നിശ്ചയിക്കുക; തറ വിസ്‌തീര്‍ണമല്ല. നയനചാരുത ശില്‌പഭംഗിയിലല്ല ദൈവചൈതന്യത്തിലാണ്‌.

നബിവചനങ്ങള്‍ കടന്നുവന്ന വഴി, റിപ്പോര്‍ട്ടര്‍മാരുടെ വിശ്വസ്‌തത എന്നിവ നിഷ്‌കൃഷ്‌ടമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്‌. അതിനു ശേഷമാണ്‌ അതിലെ ശരിയേത്‌ പൊയ്യേതെന്ന്‌ രേഖപ്പെടുത്തപ്പെട്ടത്‌. എന്നാല്‍ റസൂലിന്റേതെന്ന്‌ അവകാശപ്പെടുന്ന മുടിയുടെ സൂക്ഷിപ്പുകാരുടെ സത്യത പരിശോധിക്കപ്പെട്ടിട്ടില്ല. ഇനിയാരെല്ലാം വേറെ മുടികള്‍ സ്വപ്‌ന ദര്‍ശനത്തിലൂടെയും മറ്റും രംഗത്തിറക്കുമെന്നും പറയാനാവില്ല. അന്ധവിശ്വാസങ്ങളില്‍ ബുദ്ധിക്കും യുക്തിക്കും പ്രസക്തിയില്ലെന്നറിയാം, എങ്കിലും പറഞ്ഞുപോകുകയാണ്‌.
Related Posts Plugin for WordPress, Blogger...

Popular YRC Posts

Follow by Email