പരാജിതന്റെ പോംവഴിയാണ് സ്വയംഹത്യ. സ്വപ്‌നങ്ങള്‍ വീണടിയുന്നവന്റെ സ്വപ്നമാണത് . വിശ്വാസത്തകര്ച്ചയും ആദര്‍ശരാഹിത്യവും സൃഷ്ടിച്ച അപകടകരമായ പരിണാമങ്ങളിലൊന്ന്.
ആത്മഹത്യയെ കണിശമായി നിരോധിക്കുന്നുണ്ട് ഇസ്‌ലാം. ആത്മഹത്യയെ വ്യക്തമായും എതിര്‍ക്കുന്ന വചനം : "വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗത്തിലൂടെ പരസ്പരം ഭക്ഷിക്കരുത്. ഉഭയസമ്മതത്തോടെയുള്ള വിനിമയമായിരിക്കണം. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാണെന്ന് ഗാഡമായി അറിയുക" [4 :29]. മരണം ആഗ്രഹിക്കാന്‍ പാടില്ലെന്ന് തിരുനബി (സ) പറയുന്നു : "നിങ്ങളാരും മരണം ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യരുത്. മരണത്തോടെ കര്‍മ്മങ്ങള്‍ നിലച്ചുപോകും. ദീര്‍ഘായുസ്സ്കൊണ്ട് സത്യവിശ്വാസിയുടെ നന്മ വര്‍ദ്ധിക്കുകയേ ഉള്ളൂ".
ആത്മഹത്യ ചെയ്തവരുടെ പരലോക ജീവിതത്തെക്കുറിച്ചു തിരുനബി (സ) വിവരിക്കുന്നതിങ്ങ നെ : "മലമുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ നടത്തിയവന്‍ നരകത്തിലും കീഴ്പ്പോട്ട് ചാടിക്കൊണ്ടിരിക്കും. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുന്നവന്‍ നരകത്തിലും വിഷം കഴിച്ചുകൊണ്ടിരിക്കും. ആയുധം കൊണ്ട് ആത്മഹത്യ ചെയ്തവന്‍ നരകത്തിലും അത് ചെയ്തുകൊണ്ടിരിക്കും". ആത്മഹത്യ ചെയ്തവന്‍ സ്വര്‍ഗ്ഗഗന്ധം അനുഭവിക്കില്ലെന്നും നബി (സ) പറയുന്നു.