അല്ലാഹു കൂടെയുണ്ടെങ്കില്‍ ഭയപ്പെടാനൊന്നുമില്ല


"എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല". [അദ്ധ്യായം 2 ബഖറ 38]

അല്ലാഹു കാണിച്ചുകൊടുത്ത മാര്‍ഗ്ഗദര്‍ശനം ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് വലിയ രണ്ടു നേട്ടങ്ങള്‍ ലഭിക്കുന്നുവെന്ന് അല്ലാഹു ഈ വചനത്തില്‍ വിവരിക്കുന്നു. ഒന്ന് : അവര്‍ക്ക് ഭയപ്പെടാന്‍ ഒന്നുമില്ല. രണ്ട് : അവര്‍ക്ക് ദുഖിക്കേണ്ടിവരികയെ ഇല്ല. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് മനുഷ്യന് ഭയമുണ്ടാവുക. കഴിഞ്ഞുപോയ കാര്യങ്ങളായിരിക്കും ദുഖത്തിന്റെ കാരണങ്ങള്‍ . ഭാവിയെക്കുറിച്ച് ആശങ്കയും ഭയവുമില്ലാത്ത ജീവിതം സന്തോഷം നിറഞ്ഞത്‌ തന്നെയാണ്. കഴിഞ്ഞകാര്യങ്ങളിലൊന്നും ദുഖിക്കെണ്ടതില്ലാത്തവന്റെ സന്തോഷവും വലുത് തന്നെ.

മരണാനന്തര ജീവിതത്തിലാണ് യഥാര്‍ത്ഥ സുഖവും ദുഖവും അനുഭവിക്കാന്‍ പോകുന്നത്. സൃഷ്ടാവ് കാണിച്ചു തരുന്ന വഴിയിലൂടെ നടന്നു നീങ്ങിയവനാണെങ്കില്‍ പരലോകത്ത് അവനു യാതൊരു ആശങ്കകള്‍ക്കും ആകുലതകള്‍ക്കും സ്ഥാനമില്ല. മറിച്ച് പിശാചിന്റെ പ്രേരണകള്‍ക്കൊത്തു ജീവിച്ചാല്‍ അവന്റെ ജീവിതം ഭയപ്പാടിന്റെയും ദുഖത്തിന്റെയും ലോകമാവും. സൃഷ്ടാവ് കാണിച്ചു തന്ന ഹിദായത്തിന്റെപാത സ്വീകരിക്കല്‍ മാത്രമാണ് വിജയത്തിന്റെയും സമാധാനത്തിന്റെയും ഏക വഴി.

കൂട്ട അവധിക്കു വേണ്ടി കൂട്ട സിസേറിയന്‍!!!


കേരളത്തിലെ സര്‍ക്കാര്‍ ആസ്​പത്രികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുവെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ചേര്‍ത്തല താലൂക്ക് ആസ്​പത്രിയില്‍ ഈയിടെ ഉണ്ടായ സംഭവം. അവിടെ രണ്ടു ദിവസങ്ങളിലായി 22 പ്രസവശസ്ത്രക്രിയകള്‍ നടത്തുകയുണ്ടായി. ഇത് വിവാദമാകുകയും ഡോക്ടര്‍മാര്‍ക്ക് അവധി എടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ആരോപണമുയരുകയും ചെയ്ത സാഹചര്യത്തില്‍ അധികൃതര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ അസാധാരണ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവന്നേ മതിയാകൂ.

താലൂക്ക് ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ക്കിടയിലെ കിടമത്സരവും കൈക്കൂലിയും നിര്‍ബന്ധ ശസ്ത്രക്രിയയ്ക്കു പിന്നിലും ഉണ്ടെന്ന് പരാതി ഉയര്‍ന്നിരിക്കുന്നു. അടിയന്തര സാഹചര്യമില്ലെങ്കില്‍, മുന്‍കൂട്ടി നിശ്ചയിച്ച നാല് ശസ്ത്രക്രിയയില്‍ ക്കൂടുതല്‍ ഒരു ദിവസം നടത്താന്‍ പാടില്ലെന്ന് നിര്‍ദേശമുള്ളപ്പോഴാണ് ഒരു ദിവസം തന്നെ 12 ശസ്ത്രക്രിയകള്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.

വൈദ്യശാസ്ത്രത്തിന്റെ മൂല്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ചുമതലകള്‍ അര്‍പ്പണബോധത്തോടെ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ് ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ ആസ്​പത്രികളിലെത്തുന്ന രോഗികളില്‍ വലിയൊരു വിഭാഗം സമൂഹത്തിന്റെ താഴേത്തട്ടുകളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ മതിയായ സൗകര്യങ്ങളും മികച്ച സേവനവും അവയില്‍ ഉറപ്പാക്കാന്‍ സര്‍ക്കാറിനു കഴിയണം. ദൗര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ ആസ്​പത്രികളിലെ പരിമിതികള്‍, അവഗണന, ഡോക്ടര്‍മാരടക്കമുള്ളവരുടെ വീഴ്ചകള്‍ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ സാധാരണമായിരിക്കുന്നു. അധികൃതര്‍ ഇച്ഛാശക്തിയോടെ ശ്രമിച്ചാലേ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാക്കാനാവൂ. ചേര്‍ത്തല താലൂക്ക് ആസ്​പത്രിയിലെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സമഗ്രവും സമയബദ്ധവുമാകണം. മാതൃകാപരമായ തുടര്‍ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാവുകയും വേണം.

സ്രഷ്ടാവും സൃഷ്ടിയും

"അല്ലാഹു,അവനല്ലാതെ ഒരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം ഭൂവുമാകുന്നു. അവനെ മയക്കവും നിദ്രയും പിടികൂടുകയില്ല. അവനുള്ളതാണ് ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും" [ഖുര്‍ആന്‍ 2:255].

ദൈവം സ്വയം ഭൂവാണ്. അതിനാല്‍ അവനെ ആര് സൃഷ്ടിച്ചു എന്നാ ചോദ്യത്തിനു പ്രസക്തിയില്ല.സ്വയം ഭൂവിന്‍റെ സവിശേഷതകള്‍ അവനില്‍ മാത്രമാണുള്ളത്. മരണം സംഭവിക്കുന്നവന്‍ ദൈവമല്ല. ദൈവത്തെ നിദ്രപോലും പിടികൂടാന്‍ പാടില്ല. ഉറക്കം ബാധിച്ചവനെ വരെ വിളിച്ചാല്‍ കേള്‍ക്കുകയില്ല. അതിനാല്‍ ദൈവം മാത്രമാണ് വിളിച്ചുതേടല്‍ കേള്‍ക്കുന്നവന്‍. പ്രപഞ്ചത്തിന്റെ മുഴുവന്‍ അധികാരമുള്ളവന്‍ മാത്രമേ ദൈവമാവുകയുള്ളൂ.

കഷ്ടപ്പെടുന്ന സൃഷ്ടി വിളിച്ചു പ്രാര്‍ഥിച്ചാല്‍ സ്ഥലകാല വ്യത്യാസങ്ങളില്ലാതെ പ്രാര്‍ത്ഥന കേള്‍ക്കുവാനും ഉത്തരം ചെയ്യുവാനും കഷ്ടപ്പാടുകള്‍ തീര്‍ക്കുവാനും സര്‍വശക്തനായ സൃഷ്ടാവിന് മാത്രമേ സാധിക്കുകയുള്ളൂ. ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ ഈ കഴിവുണ്ടെങ്കില്‍ അതാണ്‌ പ്രാര്‍ഥിക്കാനുള്ള അര്‍ഹത. ആ ശക്തിയായിരിക്കണം ദൈവം. അല്ലാഹുവെ കൂടാതെ മറ്റൊരു ദൈവം ഉണ്ടാവുകയാണെങ്കില്‍ പ്രപഞ്ചവ്യവസ്ഥ തന്നെ തകരാറിലായിപ്പോകുമെന്നു ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

"കഷ്ടപ്പെടുന്നവര്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവനു ഉത്തരം നല്‍കുകയും വിഷമം നീക്കി കൊടുക്കുകയും നിങ്ങളെ ഭൂമിയിലെ പ്രതിപുരുഷന്മാരാക്കി വെക്കുകയും ചെയ്യുന്നവനോ (അതോ അവരുടെ ദൈവങ്ങളോ) ഉത്തമം. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? വളരെ കുറച്ചേ നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ" [ഖുര്‍ആന്‍ 27:62].

"ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക" (ഖുര്‍ആന്‍ 25:58).

"അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. നിങ്ങളുടെ ദൈവം ഏകദൈവമത്രെ" [ഖുര്‍ആന്‍ 16:20-22].

മരണം കൊതിക്കരുത്‌


പരാജിതന്റെ പോംവഴിയാണ് സ്വയംഹത്യ. സ്വപ്‌നങ്ങള്‍ വീണടിയുന്നവന്റെ സ്വപ്നമാണത് . വിശ്വാസത്തകര്ച്ചയും ആദര്‍ശരാഹിത്യവും സൃഷ്ടിച്ച അപകടകരമായ പരിണാമങ്ങളിലൊന്ന്.

ആത്മഹത്യയെ കണിശമായി നിരോധിക്കുന്നുണ്ട് ഇസ്‌ലാം. ആത്മഹത്യയെ വ്യക്തമായും എതിര്‍ക്കുന്ന വചനം : "വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗത്തിലൂടെ പരസ്പരം ഭക്ഷിക്കരുത്. ഉഭയസമ്മതത്തോടെയുള്ള വിനിമയമായിരിക്കണം. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാണെന്ന് ഗാഡമായി അറിയുക" [4 :29]. മരണം ആഗ്രഹിക്കാന്‍ പാടില്ലെന്ന് തിരുനബി (സ) പറയുന്നു : "നിങ്ങളാരും മരണം ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യരുത്. മരണത്തോടെ കര്‍മ്മങ്ങള്‍ നിലച്ചുപോകും. ദീര്‍ഘായുസ്സ്കൊണ്ട് സത്യവിശ്വാസിയുടെ നന്മ വര്‍ദ്ധിക്കുകയേ ഉള്ളൂ".

ആത്മഹത്യ ചെയ്തവരുടെ പരലോക ജീവിതത്തെക്കുറിച്ചു തിരുനബി (സ) വിവരിക്കുന്നതിങ്ങ നെ : "മലമുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ നടത്തിയവന്‍ നരകത്തിലും കീഴ്പ്പോട്ട് ചാടിക്കൊണ്ടിരിക്കും. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുന്നവന്‍ നരകത്തിലും വിഷം കഴിച്ചുകൊണ്ടിരിക്കും. ആയുധം കൊണ്ട് ആത്മഹത്യ ചെയ്തവന്‍ നരകത്തിലും അത് ചെയ്തുകൊണ്ടിരിക്കും". ആത്മഹത്യ ചെയ്തവന്‍ സ്വര്‍ഗ്ഗഗന്ധം അനുഭവിക്കില്ലെന്നും നബി (സ) പറയുന്നു.

എല്ലാവരും ഒന്നുഷാറാകൂ



എന്‍ഡോസള്‍ഫാന്‍ നിരാധിക്കണമെന്നാവശ്യപെട്ടുകൊണ്ടിറക്കിയ മാസ് പെറ്റീഷനില്‍ ഇതുവരെ ഒപ്പിട്ടവര്‍ 4233!!!

നിരാഹാരം കിടന്നപ്പോള്‍ അണ്ണാഹസാരെക്കു കോടിക്കണക്കിനു ആളുകള്‍ പിന്തുണച്ച് വോട്ടു ചെയ്തു.....

ആയിരക്കണക്കിനാളുകള്‍ കൊച്ചുകേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ദുരന്തയാതന അനുഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ /മരണത്തിലേക്ക് നിശ്ചലരാവുമ്പോള്‍ നിരാധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് വെച്ചവര്‍ വെറും 4233!!!

എല്ലാവരും ഒന്നുഷാറാകൂ.

പെറ്റീഷനില്‍ ഇനിയും ഒപ്പ് വെച്ചില്ലെങ്കില്‍ ഉടന്‍ചെയ്യൂ.

ഇപ്പോള്‍ തന്നെ.

നല്ലൊരുകാര്യത്തിനുവേണ്ടി റിഷെയര്‍ ചെയ്യൂ..

സുഹൃത്തുക്കള്‍ക്കു മെയിലയക്കൂ.

www.endosulfan.in
Ban Endosulfan | Join the Campaign

തിരുകേശ പ്രദര്‍ശനം






റസൂലിന്റെ ശരീരാവശിഷ്‌ടങ്ങളുടെ മഹത്വവത്‌കരണം, റസൂലിന്റെ ഉത്തമ ശിഷ്യന്മാരില്‍ നിന്നുള്ള പാരമ്പര്യമല്ല. റസൂലിന്‌ ആയിരക്കണക്കിന്‌ മുടികളുണ്ടായിട്ടുണ്ടാവാം. അതില്‍ നൂറുകള്‍ കൊഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത്‌ മൂന്ന്‌ നാലെണ്ണത്തെക്കുറിച്ച്‌ മാത്രമാണ്‌. ബാക്കിയൊക്കെ എവിടെ? എന്തുകൊണ്ട്‌ അവ സൂക്ഷിക്കപ്പെട്ടില്ല? റസൂല്‍ ഉപയോഗിച്ച എന്തെല്ലാം ഭൗതിക വസ്‌തുക്കളാണ്‌ ഇന്ന്‌ ലോകത്ത്‌ സൂക്ഷിക്കപ്പെടുന്നത്? വസ്‌ത്രവും പാത്രവും പാര്‍പ്പിടവുമെല്ലാം മുമ്പ്‌ സൂക്ഷിക്കപ്പെട്ടിരുന്നുവെന്നതിനും പില്‍ക്കാലത്ത്‌ നശിപ്പിച്ചതാണെന്നതിനും വസ്‌തുനിഷ്‌ഠമായ തെളിവുകളുണ്ടോ? അവയെല്ലാം സ്വാഭാവികമായി നശിച്ചതാണെങ്കില്‍ റസൂലി(സ)നെ ചാണിനു ചാണായും മുഴത്തിന്‌ മുഴമായും പിന്‍പറ്റിയവര്‍, സ്വന്തം ശരീരത്തേക്കാള്‍ സ്‌നേഹിച്ച സ്വഹാബികള്‍ ഇവയെല്ലാം അവഗണിച്ചതെന്തുകൊണ്ടാണ്‌?

കാരണം മറ്റൊന്നുമല്ല. ഇവയെല്ലാം സൂക്ഷിക്കപ്പെടേണ്ട തിരുശേഷിപ്പുകളാണെന്നോ ഇവ കാണുന്നതും തൊടുന്നതും മുത്തുന്നതുമെല്ലാം ഇഹലോകത്തോ പരലോകത്തോ ഗുണം നല്‍കുന്ന കാര്യമാണെന്നോ അവര്‍ മനസ്സിലാക്കിയില്ല. അവരുടെ റസൂല്‍(സ) അങ്ങനെ അവരെ പഠിപ്പിച്ചില്ല. റസൂല്‍ പുണ്യമായി പഠിപ്പിച്ചതൊന്നും ആര്‍ക്കും അവര്‍ വിട്ടുകൊടുത്തിട്ടില്ല. ഹജറുല്‍ അസ്‌വദ്‌ തകര്‍ക്കാന്‍ വന്നവരെയോ റസൂലിന്റെ(സ) ഖബ്‌ര്‍ തുരക്കാന്‍ വന്നവരെയോ അവര്‍ അനുവദിച്ചിട്ടില്ല. എന്ന്‌ മാത്രമല്ല, റസൂലിന്റെ സുന്ദരചരിത്രം വികൃതമാക്കിയ മുസ്‌ലിംകളും അല്ലാത്തവരുമായ നികൃഷ്‌ടരെ കണ്ടെത്താനും പരമാവധി അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കാലാകാലങ്ങളില്‍ സമൂഹത്തിലെ മുഹിബ്ബുര്‍റസൂലുകളായ ഉലമാക്കളും ഉമറാക്കളും ശ്രമിച്ചിട്ടുണ്ട്‌.

അതുകൊണ്ട്‌, ലോകാനുഗ്രഹിയും മാനവമോചകനുമായ മുഹമ്മദ്‌ നബി(സ)യോട്‌ ഇത്തിരിയെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ വേണ്ടത്‌ മരിച്ചുപോയ പുണ്യറസൂലിന്റെ വിസ്‌മൃതമായ ശരീരാവശിഷ്‌ടങ്ങള്‍ ഖനനം ചെയ്യാതെ പ്രഫുല്ലമായ, അനശ്വരമായ ജീവിതസന്ദേശങ്ങള്‍ സത്യാന്വേഷികളുടെ മനസ്സിലേക്കെത്തിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുകയാണ്‌. ഭൗതികതയില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ ഹതാശരായ ആധുനിക സമൂഹം കാത്തിരിക്കുന്നത്‌ ഈ ആശ്വാസതുരുത്തുകളാണ്‌.

മുടിപ്പള്ളിയുടെ നിര്‍മാണഭംഗിയും അവിടുത്തെ വിശാല പൂന്തോട്ടത്തിലെ പൂക്കളും അവിടെ പരക്കുന്ന ഊദിന്റെ ഗന്ധവുമല്ല ആത്മശാന്തി തേടുന്നവര്‍ ആഗ്രഹിക്കുന്നത്‌. അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഭക്തിയുടെ ആശ്വാസ കുളിര്‍തെന്നലാകാന്‍ എച്ചുകെട്ടലുകളില്ലാത്ത ഇസ്‌ലാമിക വിശ്വാസത്തിനും അനുഷ്‌ഠാനങ്ങള്‍ക്കും മാത്രമേ സാധിക്കൂ. അത്‌ നല്‍കുന്നതിന്റെ അളവാണ്‌ ഒരു പള്ളിയുടെ വലുപ്പം നിശ്ചയിക്കുക; തറ വിസ്‌തീര്‍ണമല്ല. നയനചാരുത ശില്‌പഭംഗിയിലല്ല ദൈവചൈതന്യത്തിലാണ്‌.

നബിവചനങ്ങള്‍ കടന്നുവന്ന വഴി, റിപ്പോര്‍ട്ടര്‍മാരുടെ വിശ്വസ്‌തത എന്നിവ നിഷ്‌കൃഷ്‌ടമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്‌. അതിനു ശേഷമാണ്‌ അതിലെ ശരിയേത്‌ പൊയ്യേതെന്ന്‌ രേഖപ്പെടുത്തപ്പെട്ടത്‌. എന്നാല്‍ റസൂലിന്റേതെന്ന്‌ അവകാശപ്പെടുന്ന മുടിയുടെ സൂക്ഷിപ്പുകാരുടെ സത്യത പരിശോധിക്കപ്പെട്ടിട്ടില്ല. ഇനിയാരെല്ലാം വേറെ മുടികള്‍ സ്വപ്‌ന ദര്‍ശനത്തിലൂടെയും മറ്റും രംഗത്തിറക്കുമെന്നും പറയാനാവില്ല. അന്ധവിശ്വാസങ്ങളില്‍ ബുദ്ധിക്കും യുക്തിക്കും പ്രസക്തിയില്ലെന്നറിയാം, എങ്കിലും പറഞ്ഞുപോകുകയാണ്‌.

ഒരു തരം രണ്ടു തരം മൂന്നാം തരം!!


മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്ന 'ഇടനിലക്കാരന്‍', ദൈവഹിതം വിശ്വാസിയെ അറിയിക്കുന്ന 'മാധ്യമം' എന്നീ സ്ഥാനങ്ങളാണ് പലപ്പോഴും പുരോഹിതന്‍ എടുത്തണിയുന്നത്‌. പൌരോഹിത്യത്തിന്‍റെ നിരങ്കുഷമായ തേര്‍വാഴ്ച ഇന്ന് ഏതാണ്ടെല്ലാ മതങ്ങളെയും ഗ്രസിച്ചിരിക്കുന്നു. പൌരോഹിത്യത്തിനെതിരെ കര്‍ക്കശമായ നിലപാടെടുത്ത മതമാണ്‌ ഇസ്‌ലാം. മുന്കഴിഞ്ഞ എല്ലാ പ്രവാചകന്മാരെയും പോലെ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ (സ)യും പൌരോഹിത്യത്തിനെതിരെ ആഞ്ഞടിച്ചു. വിശുദ്ധ ഖുര്‍ആന്‍ നിരവധി കുറ്റാരോപണങ്ങള്‍ തന്നെ പുരോഹിതന്മാര്‍ക്കെതിരെ നിരത്തിയിട്ടുണ്ട്.

പൌരോഹിത്യത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തെ ഏറ്റവും സൂക്ഷ്മമായി വിശകലനം ചെയ്തു കൊണ്ട് ഖുര്‍ആന്‍ നിരത്തുന്ന കുറ്റാരോപണം ശ്രദ്ധിക്കുക : "സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലുംപെട്ട ധാരാളംപേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു" [9 :34]. "അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌)" [3:79].

വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ഈ മതവിമര്‍ശം എല്ലാ മതാനുയായികള്‍ക്കുമുള്ള സന്ദേശമായിത്തന്നെ നാമുള്‍ക്കൊള്ളണം . മുസ്ലിംകള്‍ക്കിടയിലും പൌരോഹിത്യ പ്രവണതകള്‍ ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുകയും വേണം. ബുദ്ധി ഉപയോഗിക്കാനുള്ള ആഹ്വാനം ഖുര്‍ആന്‍റെ മുഖ്യപ്രമേയങ്ങളിലൊന്നാണ്. ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ പഠിക്കാന്‍ വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. തെളിവിന്റെ അടിസ്ഥാനത്തിലുള്ള ന്യായവാദത്തെ മഹത്വവല്‍ക്കരിച്ച്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: "(നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌" [2:111].


ശരീരത്തിലെ ഒരു മാംസകഷ്ണം


നമ്മുടെ ചിന്തകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്റെ വ്യവഹാരങ്ങളും,സമീപനങ്ങളുമെല്ലാം അവന്റെ ചിന്തയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ചിന്തകളെ നാം തേച്ചുമിനുക്കുകയും അത്‌ നമ്മുടെ വിശ്വാസത്തോട്‌ യോജിച്ചുപോവുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും വേണം. നമ്മുടെ വിചാരങ്ങള്‍ വിശ്വാസവുമായി കോര്‍ത്തുകെട്ടണം.


``എന്റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‌പിച്ചുകൊണ്ടുവരുന്നതുമാണ്‌.'' (വി.ഖു. 20:124)


തങ്ങളെ കാക്കണേ, പെങ്ങളെ ഞമ്മളേം കാക്കണേ...


``അല്ലാഹുവിന്‌ പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറഞ്ഞിരുന്നത്‌) ഇവര്‍ അല്ലാഹുവിലേക്ക്‌ ഞങ്ങളെ അടുപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്‌ ഇവരെ ഞങ്ങള്‍ ആരാധിച്ചിരുന്നത്‌ എന്നാണ്‌.'' (സുമര്‍ 3)

മഹാന്മാരായ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ബിംബങ്ങളുണ്ടാക്കി പൂജിച്ചപ്പോള്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പറഞ്ഞ ഇതേ മറുപടി തന്നെയാണ്‌ ജാറങ്ങളില്‍ ആഗ്രഹസഫലീകരണത്തിന്‌ പോകുന്നവര്‍ക്കും പറയാനുള്ളത്‌. മരണ സ്‌മരണയുണര്‍ത്താനും പരലോക ചിന്തയുണ്ടാക്കാനുമാണ്‌ ഖബര്‍ സിയാറത്ത്‌ നബി(സ) സുന്നത്താക്കിയത്‌. ഇക്കാര്യം സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്‌. ഖബര്‍ സിയാറത്തിനെ ആരും എതിര്‍ത്തിട്ടില്ല, എതിര്‍ക്കുന്നുമില്ല. എന്നാല്‍ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയിലും മറ്റും നടക്കുന്നത്‌ ഖബര്‍ സിയാറത്തല്ല, ഖബര്‍പൂജയാണ്‌. ഓരോ ദിവസവും ആയിരക്കണക്കിന്‌ പച്ചത്തുണികളാണ്‌ നേര്‍ച്ചയായി ആ മഖ്‌ബറയില്‍ സമര്‍പ്പിക്കപ്പെടുന്നത്‌. കഅ്‌ബയുടെ പരിസരത്ത്‌ പോലും കാണാത്ത അതിരുവിട്ട ഭക്തി പാരവശ്യമാണ്‌ ദര്‍ഗകളില്‍ കാണുന്നത്‌. ഇവരെ സേവിക്കാന്‍ കുറെ മുസ്‌ലിം `പൂജാരി'മാരുമുണ്ട്‌.

പ്രവാചകന്റെ(സ) അന്തിമ വസിയ്യത്തിനെ കാറ്റില്‍ പറത്തി ഇത്തരം മഖ്‌ബറകള്‍ പൂജാകേന്ദ്രങ്ങളാകുകയാണ്‌! ഇതിനെ ന്യായീകരിക്കാന്‍ കുറെ പുരോഹിതന്മാരും. മുസ്‌ലിംകള്‍ അധസ്ഥിതരും നിന്ദിതരുമാകാന്‍ വേറെ കാരണം തെരയുന്നതെന്തിന്‌? ദൈവിക കാരുണ്യത്തില്‍ നിന്ന്‌ മുസ്‌ലിംകള്‍ അകറ്റപ്പെടാനും ദൈവകോപത്തിന്റെ കാഹളം മുഴങ്ങാനും ഇതില്‍പരം കാരണം വേറെയന്തിന്‌? സമുദായത്തിന്റെ അസ്‌തിത്വം നിലനിര്‍ത്താന്‍ ഇസ്‌ലാമിനോട്‌ സ്‌നേഹമുള്ള, പരലോകബോധമുള്ള മുസ്‌ലിംകളെല്ലാം ഈ കടുത്ത തിന്മക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിവരും. ഇതിനോട്‌ മൗനം പാലിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന പുരോഹിതന്മാരുടെ താല്‌പര്യം ഇസ്‌ലാമിനു പുറത്താണ്‌. ഇത്തരം ദുരാചാരകേന്ദ്രങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി ജീവിക്കുകയും ഇതിലൂടെ വരുന്ന അവിഹിത വരുമാനത്തിന്റെ വിഹിതം പങ്കിട്ടെടുത്ത്‌ ജീവിതം തള്ളിനീക്കുകയും ചെയ്യുന്നവരാണിവരിലധിക പേരും. പരലോകത്തെക്കാള്‍ ഇഹലോകത്തിന്‌ മുന്‍ഗണന കൊടുക്കുന്ന ഇത്തരം പണ്ഡിത പുരോഹിതന്മാരില്‍ നിന്ന്‌ ഒരു ഗുണവും ഇസ്‌ലാമിക സമൂഹത്തിനുണ്ടാകില്ലെന്നുറപ്പാണ്‌.

ദൈവം മരിക്കില്ല, ദൈവങ്ങള്‍ മരിക്കും



ആന്തരാവയവങ്ങള്‍ നേരാവണ്ണം പ്രതികരിക്കാത്തവിധം 85കാരനായ ബാബ കടുത്തപനിയും ശ്വാസതടസ്സവും മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. ദിവസങ്ങളായി ബാബവെന്റിലേറ്ററിലാണ്. അതിലേറെ വലിയ തമാശ ഈ വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ ബാബ ഭക്തന്മാര്‍ അക്രമാസക്തരായി അനന്തപൂര്‍ ജില്ലാ കലക്ടറുടെ കാറിന് നേരെ കല്ലെറിഞ്ഞു. ആശുപത്രിയിലേക്ക് ഇരച്ചു കയറിയ ഭക്തജനങ്ങളോട് ബാബക്ക് വേണ്ടി പ്രാത്ഥിക്കാന്‍ ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു!!

അവര്‍ ഇനി ആരോട് പ്രാര്‍ത്ഥിക്കണം?!

അവരുടെ ആഗ്രഹ സഫലീകരണത്തിനും, രോഗശമനത്തിനും മറ്റും മറ്റുമായി അവര്‍ നമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന അവരുടെ കണ്‍കണ്ട ദൈവമായ ബാബക്കാണ് ഈ ഗതി വന്നിരിക്കുന്നത്! പ്രപഞ്ചനാഥനായ ഏകദൈവത്തെ വിട്ട് എവിടെപ്പോയാലും മനുഷ്യന്‍ അങ്കലാപ്പിലകപ്പെടുന്നു.

“തീര്‍ച്ചയായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെ പ്പോലെയുള്ള ദാസന്മാര്‍ മാത്രമാണ്. എന്നാല്‍ നിങ്ങള്‍ അവരെ വിളിച്ചു പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. [വി.ഖുര്‍ആന്‍ 7:194]

ജനിക്കുകയും വളരുകയും രോഗിയാവുകയും തളരുകയും അവസാനം തനിക്ക് നിശ്ചയിക്കപ്പെട്ട അവധിയെത്തിയാല്‍ മരിക്കുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യനാണ് ശ്രീ സത്യസായി ബാബ.

അദ്ദേഹത്തിന്റെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളമാളുകള്‍ക്ക് ഉപകാരങ്ങളും സഹായങ്ങളും ലഭിച്ചു വരുന്നുണ്ട്. ഒരു വലിയ മാനുഷിക ധര്‍മ്മമാണ് അതുമുഖേന അദ്ദേഹം നിറവേറ്റിവരുന്നത്.പക്ഷേ അദ്ദേഹം ദൈവമല്ല. കേവലം ഒരു സൃഷ്ടിമാത്രം, അദ്ദേഹം ഒന്നും സൃഷ്ടിക്കുന്നില്ല.

“മനുഷ്യരെ ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിനായി അവരെല്ലാം ഒത്തു ചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.” [വി.ഖുര്‍ആന്‍ 22:73]

ജീലാനി ദിനം

അന്ധമായി നേതാക്കളെ പിന്‍പറ്റുന്ന സമുദായത്തോടും ബോധപൂര്‍വം ദിശമാറ്റി അവരെ നയിക്കുന്ന നേതൃത്വത്തോടും `ജീലാനി ദിനാചരണം' അടിസ്ഥാനരഹിതമാണെന്ന്‌ പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍ ചിന്തിക്കുന്ന മലയാളിയോട്‌ പറയാനുള്ളത്‌ ഇതാണ്‌: മുഹ്‌യിദ്ദീന്‍ ശൈഖിനെപ്പറ്റി രചിക്കപ്പെട്ട മാലയും മുഹ്‌യിദ്ദീന്‍ ശൈഖ്‌ രചിച്ച കിതാബുകളും താരതമ്യം ചെയ്‌തുപഠിക്കുക. മാല ഒരു കെട്ടുകഥയും ശൈഖിന്റെ സ്വന്തം ഗ്രന്ഥങ്ങള്‍ ഭൂമിയിലെ മനുഷ്യര്‍ക്കു വേണ്ടി രചിക്കപ്പെട്ട പണ്ഡിതരചനയും ആണെന്ന തിരിച്ചറിവുണ്ടാകും.

വായിക്കുക : ജീലാനി ദിനം
Related Posts Plugin for WordPress, Blogger...

Popular YRC Posts