ബലിപെരുന്നാള്‍ ആത്മാവിന്‍റെ ആഘോഷമാണ്. ആത്മീയതയാണതിന്റെ അടിയാധാരം. ആത്മീയതയില്ലാത്ത ആഘോഷങ്ങളെല്ലാം ഭൌതിക പരിസരങ്ങളില്‍ തിളങ്ങിയണയും. എന്നാല്‍ ആത്മാവിലലിയുന്ന ആഘോഷങ്ങള്‍ ആത്മീയതയാല്‍ സമ്പന്നമാണ്. അത് അമരമായ ആദര്‍ശത്തെയും അതുല്യമായ സന്ദേശത്തേയുമാണ് വെളിപ്പെടുത്തുന്നത്. ബലിപെരുന്നാളും മറിച്ചല്ല. ശബ്ദഘോഷങ്ങളോ വര്‍ണപ്പൊലിമകളോ ഇല്ലാതെപോലും മനസ്സുകളില്‍ ആനന്ദം വിരിയിക്കാന്‍ പെരുന്നാളുകള്‍ക്ക് കഴിയുന്നത് ആത്മീയതയുടെ സാന്നിധ്യം കൊണ്ടാണ്.
ബലിപെരുന്നാളിന്‍റെ ഓളങ്ങള്‍ ഒഴുകിനീങ്ങുന്നത് ചരിത്രത്തിന്‍റെ വിപ്ലവവീഥിയിലേക്കാണ്. ഇബ്രാഹിം നബി (അ)യുടെയും പത്നി ഹാജറയുടെയും മകന്‍ ഇസ്മായീല്‍ (അ)ന്റേയും ജീവിതത്തിന്‍റെ അടരുകളാണ് ബലിപെരുന്നാളിനെ ഹൃദയഹാരിയാക്കിത്തീര്‍ക്കുന്നത്. ആദര്‍ശഗരിമകൊണ്ടും വിശ്വാസദൃടത കൊണ്ടും ചരിത്രത്തിലേക്ക് ഇരച്ചുകയറുന്ന മുന്നേറ്റമായിരുന്നു അവരുടേത്. ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്രാഹിംനബിയും സ്വയം സന്നദ്ധതയുടെ മാതൃകാപുത്രനായി മാറിയ ഇസ്മായീല്‍നബിയും ത്യാഗമനസ്ഥിതിയുടെ സ്ത്രീരൂപമായി തിളങ്ങിയ ഹാജറയും നടന്നുനീങ്ങിയത് ഒരേ ലക്ഷ്യത്തിലേക്കായിരുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന മഹദ്'വചനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇബ്രാഹിമിന്‍റെ ഓരോ നീക്കങ്ങളും. ഏകദൈവവിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവര്‍ത്തനപഥത്തിലേക്ക് ഇറങ്ങിച്ചെന്ന ആ മഹാന്‍ പ്രബോധനവഴികളിലെ ദുര്‍ഘടാവസ്ഥകളെ മറികടന്നു. നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പൌരപ്രമുഖരുമെല്ലാം സത്യപ്രബോധനത്തിനു തടസ്സം നിന്നിട്ടും കൂസലില്ലാതെ മുന്നേറിയ അദ്ദേഹം മഹത്തായ ആദര്‍ശത്തിന് വേണ്ടി കാവലിരുന്നു. കേവലം മുന്നേറ്റമായി മാത്രം അത് ഒതുങ്ങിയില്ല. ഒരു സന്ദേശമായി ലോകം ഏറ്റുപിടിക്കുന്നതിലേക്ക് വികാസം പ്രാപിച്ചു. ചരിത്രം അത് ഉറക്കെ ഏറ്റു ചൊല്ലി.
ഇബ്രാഹിമി സ്മരണകള്‍ ജീവിതത്തിനു ആവേശം നല്‍കണം. സമരോല്‍സുകമായ ജീവിതം; ആദര്‍ശജീവിതത്തെ സന്ദേശമായും ഏകദൈവത്തെ ഉന്നതനായും വിഗ്രഹങ്ങളെ ഒന്നിനും കൊള്ളാതവയായും ചിത്രീകരിച്ച ജീവിതം; സമാധാനത്തിനര്‍ഹര്‍ ആരാണെന്നും സൃഷ്ടികളില്‍ ഉത്തമര്‍ ആരാണെന്നും കാണിച്ചുതന്ന ജീവിതം; അടുപ്പത്തിന്റെ അളവ്കോലുകള്‍ക്കപ്പുറത്ത് അല്ലാഹുവിന്‍റെ കൂട്ടുകാരനെന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹതകിട്ടിയ ജീവിതം; ചരിത്രം കൈകൂപ്പി നില്‍ക്കുന്ന വിസ്മയ ജീവിതം. ഇബ്രാഹിമിന്‍റെ ജീവിതം ഒരു സമൂഹത്തിന്‍റെ ചരിത്രമായി മാറിയതും ഒരു സന്ദേശമായി വികാസംകൊണ്ടതും അദ്ദേഹം കൂടെ കരുതിയ വിശ്വാസത്തിന്‍റെ കരുത്തിലായിരുന്നു.
ഇബ്രാഹിം നബിയുടെ ജീവിത സന്ദേശമാണ് ഈദ് സുദിനത്തിലും നാം അനുസ്മരിക്കുന്നത്. ഈദ് വിപ്ലവത്തിന്റെ വിളംബര ശബ്ദമാണ്. ജീവിതത്തിന്‍റെ ആദര്‍ശം സ്നേഹനിധിയായ അല്ലാഹുവാണെന്ന നിര്‍ണയത്തെ സാക്ഷ്യപ്പെടുത്തുകയാണ് ഓരോ തക്ബീര്‍ മന്ത്രധ്വനികളും. ആക്രമണങ്ങളെയും അധിനിവേശങ്ങളെയും പ്രകോപനങ്ങളേയും പ്രീണനങ്ങളേയും ദൌര്‍ബല്യങ്ങളെയും പ്രതിരോധിക്കാനാണവ ഊര്‍ജംനല്‍കുന്നത്. പുതിയ പ്രതീക്ഷകളെയും പുതിയ പുലരികളെയുമാണ് ഈദ് നമ്മുടെമുന്നില്‍ വരച്ചുകാട്ടുന്നത്. ആണും പെണ്ണും വൃദ്ധരും കുട്ടികളും ഒരു സാഗരംപോലെ ഒത്തുചേര്‍ന്ന് തോളോട്തോളുരുമ്മിനിന്ന് പോര്‍ക്കളത്തിലെന്നപോലെ അണിചേരുമ്പോള്‍ ഈദ് ഐക്യത്തിന്‍റെതു കൂടിയാവുന്നു.
പരസ്പരസ്നേഹവും സൌഹാര്‍ദ്ധവുമാണ് അത് വിളംബരം ചെയ്യുന്നത്. നോവുന്ന ഹൃദയത്തെ സമാശ്വസിപ്പിക്കുവാനും കരയുന്നവന്റെ കണ്ണീരൊപ്പാനും സാധിക്കാത്തവന് വിശ്വാസിയാവാന്‍ കഴിയില്ല. കരഞ്ഞുകലങ്ങിയ കണ്ണുമായി ഈദ് ദിനം കൊണ്ടാടുന്ന ചിലരെങ്കിലും നമ്മോടൊപ്പം ഇന്നുമുണ്ട്. ഓര്‍ക്കുക നാം. ഈ ബലിപെരുന്നാള്‍ സുദിനത്തില്‍ ഇബ്രാഹീമുമാരായിത്തീരാനുള്ള ഇച്ചാശക്തിയാണ് നാം കാണിക്കേണ്ടത്. ദുരാചാരങ്ങള്‍ക്കും പൈശാചികഇറക്കുമതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടയണിചേരുക നാം. സകലമാന അടിമപ്പെടുത്തലുകള്‍ക്കുമെതിരെ ഇതാ ജിഹാദ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
അല്ലാഹു അക്ബര്‍, വലില്ലാഹില്‍ഹംദ്.