മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്ന 'ഇടനിലക്കാരന്‍', ദൈവഹിതം വിശ്വാസിയെ അറിയിക്കുന്ന 'മാധ്യമം' എന്നീ സ്ഥാനങ്ങളാണ് പലപ്പോഴും പുരോഹിതന്‍ എടുത്തണിയുന്നത്. പൌരോഹിത്യത്തിന്‍റെ നിരങ്കുഷമായ തേര്‍വാഴ്ച ഇന്ന് ഏതാണ്ടെല്ലാ മതങ്ങളെയും ഗ്രസിച്ചിരിക്കുന്നു. പൌരോഹിത്യത്തിനെതിരെ കര്‍ക്കശമായ നിലപാടെടുത്ത മതമാണ് ഇസ്‌ലാം. മുന്കഴിഞ്ഞ എല്ലാ പ്രവാചകന്മാരെയും പോലെ അന്ത്യ പ്രവാചകന്‍ മുഹമ്മദ് (സ)യും പൌരോഹിത്യത്തിനെതിരെ ആഞ്ഞടിച്ചു. വിശുദ്ധ ഖുര്‍ആന്‍ നിരവധി കുറ്റാരോപണങ്ങള്‍ തന്നെ പുരോഹിതന്മാര്‍ക്കെതിരെ നിരത്തിയിട്ടുണ്ട്. സന്യാസം യഥാര്‍ത്ഥ മത ദര്‍ശനത്തിലേക്ക് അന്യായമായി തള്ളിക്കയറ്റപ്പെട്ട പുത്തനാശയമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ജൂത ക്രൈസ്തവ മതങ്ങള്‍ അവരിലേക്കാഗതരായ പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ക്ക് വിരുദ്ധമായി തങ്ങളുടെ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും ദൈവത്തെ കൂടാതെ തന്നെ റബ്ബുകളായി വരിച്ചുവെന്നു ഖുര്‍ആന്‍ മൊഴിയുന്നു. അല്ലാഹുവിനെക്കൂടാതെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും കൈകാര്യ കര്‍ത്താക്കളാക്കുന്നതിനെ ഖുര്‍ആന്‍ ശക്തമായി എതിര്‍ക്കുന്നു.
പൌരോഹിത്യത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തെ ഏറ്റവും സൂക്ഷ്മമായി വിശകലനം ചെയ്തു കൊണ്ട് ഖുര്‍ ആന്‍ നിരത്തുന്ന കുറ്റാരോപണം ശ്രദ്ധിക്കുക : "സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലുംപെട്ട ധാരാളംപേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു" [9 :34]. "അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്)" [3:79].
വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ഈ മതവിമര്‍ശം എല്ലാ മതാനുയായികള്‍ക്കുമുള്ള സന്ദേശമായിത്തന്നെ നാമുള്‍ക്കൊള്ളണം . മുസ്ലിംകള്‍ക്കിടയിലും പൌരോഹിത്യ പ്രവണതകള്‍ ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുകയും വേണം. ബുദ്ധി ഉപയോഗിക്കാനുള്ള ആഹ്വാനം ഖുര്‍ആന്‍റെ മുഖ്യപ്രമേയങ്ങളിലൊന്നാണ്. ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ പഠിക്കാന്‍ വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. തെളിവിന്റെ അടിസ്ഥാനത്തിലുള്ള ന്യായവാദത്തെ മഹത്വവല്‍ക്കരിച്ച്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: "(നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്" [2:111].
ഇസ്ലാമിലെ ഒരു ചടങ്ങിലും പുരോഹിതന്റെ ആവശ്യമില്ല. എന്നാല്‍ പുരോഹിത സമാനം ചിലര്‍ മുസ്ലിം വിവാഹവേളകളിലും മറ്റും വിലസുന്നത് കാണാം. മതപ്രബോധനത്തിനു പ്രതിഫലം പറ്റാതിരിക്കുക എന്നത് പ്രവാചകന്മാരുടെ ശൈലിയായിരുന്നു എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് [26 :145] പൌരോഹിത്യവല്കരണ പദ്ധതികള്‍ക്ക് തടയിടാന്‍ കൂടിയാണ്. മനുഷ്യരെ ചൂഷണം ചെയ്യുന്നതിനും അടിച്ചമര്‍ത്തുന്നതിനും ത്രിമുഖ മര്ദക വ്യവസ്ഥിതി ലോകത്ത് നിലനില്‍ക്കുന്നുവെന്നാണ് ഖുര്‍ആന്‍റെ നിരൂപണം. എല്ലാ നീചത്വങ്ങളുടെയും പ്രതീകമാണീ വ്യവസ്ഥ. ശക്തിയുള്ളവന്റെയാണ് ശരി എന്ന വിലയിരുത്തലാണിതിന്റെ കാമ്പും കാതലും. അധികാരിയായ ഫിര്‍ഔനും, മുതലാളിത്തത്തിന്‍റെ പ്രതീകമായ ഖാരൂനും, മത പൌരോഹിത്യത്തിന്‍റെ പ്രതീകമായ ഹാമാനും പരസ്പരം സഹായിച്ചു കൊണ്ടിരിക്കുന്ന ദുഷ്ട വ്യവസ്ഥിതിയെ തകര്‍ക്കുക എന്നതാണ് യഥാര്‍ത്ഥ വിശ്വാസിയുടെ ധര്‍മം.