റബ്ബനാ ആതിനാ ഫിദ്ദുന്യാ ഹസന

"മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്‌. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.  മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.  അവര്‍ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്‌" [ അദ്ധ്യായം 2 ബഖറ 200 - 202]

ചില മനുഷ്യർ അല്ലാഹുവിനെ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുമെങ്കിലും അവർക്ക്‌ ഐഹികമായ കാര്യങ്ങൾ മാത്രമേ ലക്ഷ്യമുണ്ടായിരിക്കുകയുള്ളൂ. 'റബ്ബേ, ഞങ്ങൾക്ക്‌ ഇഹത്തിൽ ഇന്നിന്ന കാര്യങ്ങൾ നൽകേണമേ!' എന്നായിരിക്കും അവരുടെ പ്രാർഥന.
പരലോക കാര്യങ്ങളെക്കുറിച്ച്‌ അവർക്ക്‌ പ്രാർഥിക്കുവാനുണ്ടായിരിക്കുകയില്ല. ഇങ്ങനെയുള്ളവർക്ക്‌ പരലോകത്ത്‌ ഒന്നും ലഭിക്കുകയില്ല. ഐഹിക ആവശ്യങ്ങളാവട്ടെ അല്ലാഹു ഉദ്ദേശിച്ച അളവിൽ ലഭിക്കുകയും ചെയ്യും.

വേറൊരു വിഭാഗം ആളുകളുണ്ട്‌. അവർ ഐഹികവും പാരത്രികവുമായ നന്മക്ക്‌ വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കും. 'റബ്ബേ, ഞങ്ങൾക്ക്‌ ഇഹത്തിലും പരത്തിലും നന്മ നൽകേണമേ!' എന്നായിരിക്കും അവർ പ്രാർഥിക്കുക. അതെ, ആരോഗ്യം, സമാധാന ജീവിതം, ആവശ്യത്തിനുള്ള ധനം, പാർപ്പിടം, നല്ല വീട്ടുകാർ, ജനസമ്മിതി, അറിവ്‌, വ്ജ്ഞാനം, സൽകർമ്മം ചെയ്യാനുള്ള സൗകര്യം, ആപത്തുകളിൽ നിന്നും വിഷമങ്ങളിൽ നിന്നുമുള്ള രക്ഷ തുടങ്ങിയ ലൗകികമായ എല്ലാ നന്മകൾക്കുവേണ്ടിയും അവർ പ്രാർഥിക്കും. എന്നാൽ അവരുടെ ലക്ഷ്യം അതുകൊണ്ടവസാനിക്കുന്നില്ല. അല്ലാഹുവിന്റെ പ്രീതി, പാപമോചനം, സ്വർഗ്ഗീയാനുഗ്രഹങ്ങൾ തുടങ്ങിയ നന്മകൾ ലഭിക്കലായിരിക്കും അവരുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട്‌ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക്‌ കാരണമാകുന്ന പ്രവൃത്തികൾ ചെയ്ത്‌ നരകശിക്ഷക്ക്‌ വിധേയരാവാതെ ഞങ്ങളെ കാത്തുരക്ഷിക്കണേ എന്നുകൂടി അവർ പ്രാർഥിക്കും. ഇങ്ങനെയുള്ളവർക്കും മറ്റുള്ളവരെപ്പോലെ ഇഹത്തിൽ വെച്ച്‌ അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ ലഭിക്കും. പരലോകത്തിലാകട്ടെ അവരുടെ പ്രാർഥനകളും കർമ്മങ്ങളുമായി അവർ ഇഹത്തിൽ വെച്ച്‌ സമ്പാദിച്ച നേട്ടങ്ങൾക്കനുസരിച്ച്‌ അതിമഹത്തായ ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു.

ഈ രണ്ടുതരം പ്രാർഥനകളിൽ ഏതാണ് മാതൃകായോഗ്യമെന്നും ഏതാണ് സ്വീകരിക്കേണ്ടതെന്നും ആലോചിച്ച്‌ ഉചിതമായത്‌ അനുഷ്ടിച്ചു കൊള്ളുക എന്ന് സാരം.

By മുഹമ്മദ്‌ അമാനി മൗലവി

Related Posts Plugin for WordPress, Blogger...

Popular YRC Posts