പൂർവ്വികരെ അന്ധമായി അനുകരിക്കാമോ?

🔸(നബിയേ) നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല.  അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?) അവര്‍ പറഞ്ഞു; നിങ്ങള്‍ ഏതൊരു സന്ദേശവും കൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു. അതിനാല്‍ നാം അവര്‍ക്ക് ശിക്ഷ നല്‍കി. അപ്പോള്‍ ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന് നോക്കുക. [അധ്യായം 43 സുഖ്‌റുഫ്‌ 23,24,25]🔸

പൂർവ്വപിതാക്കളെ അനുകരിച്ച്‌ വഴിപിഴച്ചു പോകലും ശിർക്ക്‌, ബിദ്‌അത്ത്‌ തുടങ്ങിയ ദുർമാർഗങ്ങളെ ആ അനുകരണത്തിന്റെ പേരിൽ ന്യായീകരിക്കലും അറബി മുശ്‌രിക്കുകളുടെ മാത്രം സ്വഭാവമല്ലെന്നും അത്‌ മുൻ സമുദായങ്ങളുടേയും പതിവായിരുന്നുവെന്നും പ്രസ്തുത ന്യായീകരണത്തിൽ പോലും ഇവർ അവരെ അനുകരിച്ചിരിക്കുകയാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഈ മഹാവ്യാധി കുറേകാലമായി മുസ്‌ലിം സമുദായത്തിലും പടർന്നുപിടിച്ചിരിക്കുകയാണ്. മുസ്‌ലിംകൾ വിഗ്രഹാരാധന നടത്താറില്ലെന്ന് സമ്മതിക്കാം. എങ്കിലും ശിർക്കുപരമായ എത്രയോ കാര്യങ്ങൾ അവയ്ക്ക്‌ മതപരിവേഷം നൽകപ്പെട്ടു കൊണ്ടുതന്നെ സമുദായത്തിൽ നിലനിന്നു വരുന്നത്‌ ഈ അനുകരണം ഒന്നുകൊണ്ടു മാത്രമാണ്. സമുദായത്തിലെ പ്രമാണികളും നേതാക്കളുമാകുന്ന സുഖലോലുപന്മാരാണ് ഇതിൽ മുമ്പന്മാരെന്നതും നിഷേധിക്കാൻ പറ്റാത്ത കാര്യമാണ്. മേൽ സൂക്തങ്ങൾ അക്ഷരം പ്രതി ഇന്ന് നമ്മെക്കുറിച്ചും പറയുവാനുള്ളതു തന്നെയാണ്. ഇതിന്റെ ഭവിഷ്യത്ത്‌ എന്താണെന്നും അവസാന ഭാഗത്ത്‌ നിന്നും മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിൽ ശരണം!

by മുഹമ്മദ്‌ അമാനി മൗലവി

Related Posts Plugin for WordPress, Blogger...

Popular YRC Posts