കൊടുക്കുന്നതേ തിരിച്ചു കിട്ടൂ!



അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: അവന്‍ നിര്‍ഭാഗ്യവാന്‍! അപ്പോള്‍ ചിലര്‍ ചോദിച്ചു: ആരാണ്‌ പ്രവാചകരേ അവന്‍? നബി(സ) പറഞ്ഞു: തന്റെ മാതാപിതാക്കളില്‍ രണ്ടുപേരോ അവരിലൊരാളോ വാര്‍ധക്യം ബാധിച്ച അവസ്ഥയില്‍ തന്നോടൊപ്പമുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍.'' (മുസ്‌ലിം)

മാലിക്‌ബ്‌നു റബീഅ(റ) പറയുന്നു: ``ഞങ്ങള്‍ നബി(സ)യുടെ സമീപത്തിരിക്കുകയായിരുന്നു. അപ്പോള്‍ ബനൂസ്സുലൈമയില്‍ പെട്ട ഒരാള്‍ വന്ന്‌ ചോദിച്ചു. പ്രവാചകരേ, മരിച്ചുപോയ നിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി എനിക്ക്‌ ചെയ്യാവുന്ന വല്ല പുണ്യകര്‍മവുമുണ്ടോ? അവിടുന്ന്‌ പറഞ്ഞു: ഉണ്ട്‌, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. അവരുടെ നരകമോചനത്തിനു വേണ്ടി അല്ലാഹുവോട്‌ തേടുക. അവര്‍ ചെയ്‌ത കരാറുകള്‍ പൂര്‍ത്തീകരിക്കുക, അവരിലൂടെ നിലനില്‌ക്കുന്ന കുടുംബബന്ധം ചേര്‍ക്കുക, അവരുടെ സ്‌നേഹിതരെ ആദരിക്കുക.'' (അബൂദാവൂദ്‌)

മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന രണ്ട്‌ ഹദീസുകളാണിവ. രണ്ട്‌ ഹദീസുകളില്‍ നിന്നും വായിച്ചെടുക്കാവുന്ന മതകീയ തത്വങ്ങളും നിയമങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:

1. വൃദ്ധരായ മാതാപിതാക്കളെ സന്താനങ്ങള്‍ ശല്യമായോ ഭാരമായോ അല്ല കാണേണ്ടത്‌. `ഡിസ്‌പോസിബിള്‍ സംസ്‌കാരം' വ്യാപിച്ചുകൊണ്ടിരിക്കുകയും പഞ്ചായത്തുകള്‍ തോറും വൃദ്ധസദനങ്ങള്‍ ആരംഭിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ അവശരായ വൃദ്ധ മാതാപിതാക്കള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്ന സന്ദേശം പകര്‍ന്നു തരുന്ന ഈ ഹദീസുകള്‍ക്ക്‌ വലിയ പ്രസക്തിയുണ്ട്‌.

2. മാതാപിതാക്കളെ സ്‌നേഹിച്ചും പരിചരിച്ചും അവര്‍ക്ക്‌ സാന്ത്വനസ്‌പര്‍ശമായി മക്കള്‍ സമീപത്തുണ്ടാകുന്നത്‌ മരണാനന്തരം മക്കള്‍ക്ക്‌ സ്വര്‍ഗപ്രവേശം എളുപ്പമാക്കും.

3. വൃദ്ധരായ മാതാപിതാക്കളെ അവഗണിച്ച്‌ അവരുടെ സങ്കടങ്ങള്‍ക്കും വേദനകള്‍ക്കും വില കല്‌പിക്കാതെ ഭാര്യാസന്താനങ്ങളുടെ സുഖജീവിതത്തില്‍ മാത്രം ശ്രദ്ധയുമൂന്നി ജീവിക്കുന്നവര്‍ക്ക്‌ ഈ ലോകത്ത്‌ താല്‌ക്കാലികവും നൈമിഷികവുമായ `സ്വര്‍ഗം' പണിയാന്‍ സാധിക്കുമായിരിക്കും. പക്ഷെ, പരലോകത്ത്‌ സ്വര്‍ഗപ്രവേശം വിദൂരസാധ്യത മാത്രമായിരിക്കും.

4. അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥ ജീവിത വിജയത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കാനോ വഴിയാധാരമാക്കാനോ തോന്നുകയില്ല.

5. മരണത്തിനപ്പുറത്തേക്കും തുറന്നുകിടക്കുന്ന നന്മയുടെ വാതിലുകളാണ്‌ മാതാപിതാക്കള്‍. മരണാനന്തരവും മാതാപിതാക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന അഞ്ച്‌ പുണ്യാവസരങ്ങള്‍ വിശ്വാസികളായ മക്കളുടെ മുമ്പില്‍ തുറന്നുകിടക്കുന്നു. ഈ കാര്യം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതിലൂടെ മാതാപിതാക്കള്‍ അവരുടെ ജീവിതകാലത്തും അവരുടെ മരണശേഷവും അവരുടെ സഹൃദയരായ മക്കള്‍ക്ക്‌ പുണ്യം നേടാനുള്ള `കല്‌പവൃക്ഷങ്ങ'ളാണ്‌.

6. മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിന്‌ മൂന്ന്‌ സന്ദര്‍ഭങ്ങളുണ്ട്‌. അവരുടെ ജീവിതകാലത്ത്‌ അല്ലാഹുവിന്റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക, അവര്‍ക്ക്‌ വേണ്ടി മയ്യിത്ത്‌ നമസ്‌കരിക്കുക, നമുക്ക്‌ മുമ്പേ മരിച്ചുപോയ മാതാപിതാക്കളുടെ മഗ്‌ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക എന്നിവയാണവ.

7. ജീവിതകാലത്ത്‌ മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്പെടുന്ന സഹായങ്ങള്‍, വാഗ്‌ദാനങ്ങള്‍, അമാനത്തുകള്‍ എന്നിവ മരണപ്പെട്ട മാതാപിതാക്കള്‍ നിര്‍വഹിച്ചിരുന്നത്‌ സാമ്പത്തികവും സാഹചര്യവും അനുകൂലമുള്ള മക്കള്‍ തുടര്‍ന്നും നടത്തിക്കൊണ്ടുപോകണം. `ഉപ്പയും ഉമ്മയും നിങ്ങളെയൊക്കെ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, ഞങ്ങള്‍ക്കതിന്‌ മനസ്സില്ല' എന്ന ചിന്താഗതി കൈവന്ന പുണ്യത്തെ തട്ടിമാറ്റലാണെന്ന്‌ വിശ്വാസികളായ സന്താനങ്ങള്‍ ഓര്‍ക്കണം.

8. മാതാപിതാക്കള്‍ മരിച്ചുപോയെങ്കിലും അവരുടെ സഹോദരങ്ങളും സഹോദര മക്കളും ഉണ്ടെങ്കില്‍ അവരുമായി കുടുംബബന്ധം കാത്തുസൂക്ഷിക്കേണ്ടത്‌ സന്താനങ്ങളുടെ കടമയാകുന്നു. നമ്മുടെ മാതാപിതാക്കള്‍ എന്ന `ഇടക്കണ്ണി' ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാം പറയുന്നതും അറിയുന്നതുമായ എളാപ്പ, മൂത്താപ്പ, എളേമ, മൂത്തമ്മ അവരുടെ മക്കളായ നമ്മുടെ സഹോദരങ്ങള്‍ എന്നീ ബന്ധങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ! മരണപ്പെട്ട ഉപ്പയുടെയും ഉമ്മയുടെയും ബന്ധുക്കളെ സ്വന്തക്കാരും ബന്ധക്കാരുമായി കണ്ട്‌ നല്ല ബന്ധം സ്ഥാപിക്കുന്നത്‌ മാതാപിതാക്കള്‍ മരിച്ചാലും തുറന്നുകിടക്കുന്ന പുണ്യത്തിന്റെ വാതിലുകളാണ്‌.

9. മരണപ്പെട്ട മാതാപിതാക്കളുടെ ബന്ധുക്കളോട്‌ മാത്രമല്ല, അവരുടെ സ്‌നേഹിതരോടും മക്കള്‍ക്ക്‌ കടപ്പാടുണ്ട്‌. മാതാവിതാക്കളുടെ സ്‌നേഹിതന്മാരാണ്‌ എന്ന ഒറ്റ പരിഗണന വെച്ച്‌ അവരെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യണമെന്നാണ്‌ ഹദീസ്‌ നല്‌കുന്ന ഗുണപാഠം. (മാതാപിതാക്കളുടെ ദുര്‍വൃത്തരായ, മാതാപിതാക്കളെത്തന്നെ വഴിതെറ്റിക്കാന്‍ കാരണക്കാരായ കൂട്ടുകാര്‍ക്ക്‌ ഇത്‌ ബാധകമല്ല.)

10. ദൈവമാര്‍ഗത്തിലുള്ള ധര്‍മസമരത്തിനും പലായനത്തിനും (ജിഹാദിനും ഹിജ്‌റക്കും) സ്വയം സന്നദ്ധരായി വന്ന ഒരു സ്വഹാബിയോട്‌ നബി(സ) ചോദിച്ചു: നിനക്ക്‌ വൃദ്ധരായ മാതാപിതാക്കളുണ്ടോ? അദ്ദേഹം ഉണ്ട്‌ എന്നുത്തരം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ``നീ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ തിരിച്ചു പോവുക! എന്നിട്ട്‌ നിന്റെ മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തുകൊടുക്കുക.'' അബ്‌ദുല്ലാഹിബ്‌നു അംറുബ്‌നു ആസില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ സംഭവവും മേല്‌പറഞ്ഞ കാര്യങ്ങളോട്‌ ചേര്‍ന്ന്‌ വായിച്ചാല്‍ മാതാപിതാക്കള്‍ നമുക്ക്‌ സ്വര്‍ഗത്തിലേക്കുള്ള അകലം കുറച്ചുതരുന്ന പ്രകാശവഴികളാണെന്ന്‌ ബോധ്യപ്പെടും. പക്ഷെ, `ഞാനും എന്റെ കെട്ട്യോളും കുട്ടികളും' എന്ന്‌ മാത്രമായിരിക്കുന്ന സമകാലിക `ലൈഫ്‌ സ്റ്റൈല്‍' മാറ്റാതെ ഈ പ്രകാശവഴിയും നന്മയുടെ വാതിലും കാണാന്‍ കഴിയില്ല!
Related Posts Plugin for WordPress, Blogger...

Popular YRC Posts