പുകവലി നിര്‍ത്തൂ...ജീവന്‍ രക്ഷിക്കൂ...


ലോകം ഇന്ന്‌ അഭിമുഖീകരിക്കുന്ന മാരകമായ ഒരു ഭീഷണിയാണ്‌ വര്‍ധിച്ച്‌ വരുന്ന പുകയില ഉപയോഗം. പുകയില ഒരു മാരക രോഗകാരിയാണെന്നും അത്‌ പുകവലിക്കുന്നവനെ മാത്രമല്ല അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനങ്ങളില്‍ സംശയഭേദമന്യേ തെളിയിക്കപ്പെടുകയുണ്ടായി.

പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ പുകയില ഉപയോഗം ധാരാളം സാമ്പത്തിക, പാരിസ്ഥിക ജൈവിക പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ വിഭാഗം പുകയിലയുടെ ഇസ്‌ലാമിക സമീപനത്തെ കുറിച്ച്‌ സമകാലിക പണ്ഡിതന്മാരായ ഡോ. നാസര്‍ ഫരീദ്‌ വാസില്‍, ഡോ. ഹാമിദ്‌ ജാമി, മുസ്‌തഫ മുഹമ്മദ്‌ അല്‍ഹദീദി അല്‍ തയ്യര്‍, യൂസുഫല്‍ ഖര്‍ദാവി എന്നിവരോട്‌ ആരായുകയുണ്ടായി. പുകയിലയുടെ ഉപയോഗം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന ഇവരുടെ കാഴ്‌ചപ്പാട്‌ ഇസ്‌ലാമിക്‌ റൂളിംഗ്‌ ഓണ്‍ സ്‌മോക്കിംഗ്‌ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടില്‍ പുകയില ഇസ്‌ലാമില്‍ നിഷിദ്ധമാകുന്നത്‌ താഴെ വിവരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

1). പുകയില ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരവും മരണത്തിന്‌ തന്നെ കാരണമാവുകയും ചെയ്യുന്നു. ഇത്‌ പുകവലിക്കുന്നവന്റെയും അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇസ്‌ലാം സ്വയം നശിക്കുന്നതിനെയും മറ്റുള്ളവരെ അപായപ്പെടുത്തുന്നതിനെയും നിരോധിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ സ്വയം കൊല്ലരുത്‌, അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാണ്‌ എന്ന്‌ അറിയുവിന്‍.'' (അന്നിസാഅ്‌ 29). ``സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍'' (അല്‍ബഖറ 195).

2). പുകയിലയുടെ ഉപയോഗം തീര്‍ച്ചയായും ദുര്‍വ്യയമാണ്‌. ഇസ്‌ലാം ശക്തമായി നിരോധിച്ച കാര്യമാണ്‌ ദുര്‍വ്യയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ദുര്‍വ്യയം അരുത്‌. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്‍മാരുടെ സഹോദരങ്ങളാകുന്നു'' (ബനീഇസ്‌റാഈല്‍ 26,27), ``ധൂര്‍ത്തടിക്കാതിരിക്കുവിന്‍, ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.'' (അല്‍അഅ്‌റാഫ്‌ 31). റസൂല്‍(സ) പറഞ്ഞു:�``ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.'' (ബുഖാരി മുസ്‌ലിം)

3). പുകയില ലഹരിയും മനുഷ്യ ശരീരത്തെ ദുഷിപ്പിക്കുന്നതുമാണ്‌. അല്ലാഹു അത്തരം വസ്‌തുക്കളെ നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``അവന്‍ അവര്‍ക്കായി ശുദ്ധ വസ്‌തുക്കള്‍ അനുവദിച്ചു കൊടുക്കുന്നു. അശുദ്ധ വസ്‌തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.'' (അല്‍അഅ്‌റാഫ്‌ 157). ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ) ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായി പരാമര്‍ശമുണ്ട്‌.

4). ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.'' (മുസ്‌ലിം)

ഇസ്‌ലാം മദ്യം നിരോധിച്ചപ്പോള്‍ മദ്യം കുടിക്കുന്നതോടൊപ്പം ഉല്‍പാദിപ്പിക്കുന്നതും, കൊടുക്കുന്നതും, വില്‍ക്കുന്നതും നിരോധിച്ചതായി കാണാം. അങ്ങനെ നോക്കുകയാണെങ്കില്‍ പുകവലിക്കുന്നതു പോലെ തന്നെ പുകയില വില്‍ക്കുന്നതും, വാങ്ങുന്നതും ഉല്‌പാദിപ്പിക്കുന്നതും വില്‍പനയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ അനുവദനീയമല്ലാതെ വരും. ഇങ്ങനെ നേടുന്ന സമ്പത്ത്‌ ഹജ്ജ്‌ കര്‍മ്മത്തിനു പോലും ഉപകരിക്കാവതല്ല.

പുകയില ഏതു രൂപത്തിലാണെങ്കിലും മനുഷ്യനെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. മുസ്‌ലിംകള്‍ പുകയില ഉപയോഗത്തിന്റെ ഇസ്‌ലാമിക വശം മനസ്സിലാക്കുകയും നമ്മുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, സമൂഹത്തിന്റെയും ആരോഗ്യം കണക്കിലെടുത്ത്‌ പുകയിലയുടെ ഉപയോഗം, കച്ചവടം എന്നിവ വെടിയേണ്ടതുമാണ്‌. എല്ലാ ഇസ്‌ലാമിക സംഘടനകളും പുകയിലയുടെ ദൂഷ്യഫലത്തെ കുറിച്ചും അതിന്റെ ഇസ്‌ലാമിക വശത്തെ കുറിച്ചും സമൂഹത്തെ ബോധവല്‍കരിക്കേണ്ടതുണ്ട്‌.

അതിജീവനത്തിന് പ്രകൃതിയിലേക്ക്


മനുഷ്യരാശി കൊടിയ ദുരിത വര്‍ഷങ്ങള്‍ക്കിടയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ആസുര കാലമാണിത്.ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗതിയുടെ നെറുകയില്‍ എത്തി നില്‍ക്കുമ്പോഴും മനുഷ്യന്റെ ഭാവിക്കു മുമ്പില്‍ ഇരുള്‍ പടരുന്നു.ജീവന്റെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായു,കുടിവെള്ളം,ആഹാരം തുടങ്ങിയവ ദുര്‍ലഭമായിതീര്‍ന്നിരിക്കുന്നു.ഭൂവിഭവങ്ങള്‍ വറ്റി തീര്‍ന്നതല്ല,ഉപയോഗ ശൂന്യമാകുന്നതാണ് ആധുനിക മനുഷ്യന്‍ നേരിടുന്ന പ്രശ്നം.

ലോകവേദികളില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ആഗോള താപനത്തെ കുറിച്ചാണ്.ജീവന്റെ ഉറവിടമായ ഈ ജലഗോളം ചുട്ടു പഴുത്തു തുടങ്ങിയിരിക്കുന്നു.അന്തരീക്ഷം വിഷ പടലങ്ങളാല്‍ മുഖരിതമായിരിക്കുന്നു.ഓസോണ്‍ പാളികളില്‍ സുഷിരങ്ങള്‍ വീണതിനാല്‍ മാരകമായ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുകയും ജീവന്റെ കണങ്ങള്‍ നശിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു.അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്ന വിഷ വാതകങ്ങളും,മണ്ണിലും ജലത്തിലും കടലിലും കലര്‍ന്ന രാസ വിഷ ദ്രവങ്ങളും ജീവവായുവും സസ്യ-മാംസ ആഹാര വസ്തുക്കളും വിഷമയമാക്കിയിരിക്കുന്നു.മുലപ്പാല്‍ പോലും വിഷം ചുരത്തുന്ന ഭീകര നാളുകള്‍ ആസന്നമായിക്കഴിഞ്ഞിരിക്കുന്നു.

ഭൂമി മനുഷ്യര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതല്ല.അത് എല്ലാ ജീവികളുടെയും തറവാടാണ്.ഈ തറവാടിന്റെ സൂക്ഷിപ്പുകാരന്‍ മനുഷ്യനാണ്.എന്നാല്‍,മറ്റൊരു ജീവിയും ഭൂമിക്കോ പ്രകൃതിക്കോ ഒരിക്കലും അപായം വരുത്തിയിട്ടില്ല.മനുഷ്യന്റെ ലക്ക് കെട്ട ജീവിതം മാത്രമാണ് എല്ലാ ദുസ്ഥിതികളും വരുത്തി വെച്ചിരിക്കുന്നത്.

മനുഷ്യര്‍ ഉള്‍പ്പെടെ,എല്ലാ ജീവികള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ദൈവം ഒരുക്കി വെച്ചിരിക്കുന്നു.അത് തനിക്കും തന്റെ തലമുറക്കും ഭാവി തലമുറക്കും ബാക്കി നിര്‍ത്തിക്കൊണ്ട് മിതമായി ഉപയോഗിക്കാനേ മനുഷ്യന് അനുമതിയുള്ളൂ.എല്ലാവരുടെയും ആവശ്യം നിറവേറ്റാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്,എന്നാല്‍ ഒരാളുടെ പോലും ആസക്തി ശമിപ്പിക്കാന്‍ മതിയായ വിഭവങ്ങള്‍ ഭൂമിയിലില്ല എന്ന പ്രാഥമിക ഉപപോഗ തത്വം മനുഷ്യന്‍ മറക്കുകയായിരുന്നു.അതിന്റെ ഫലമാണ് നാം സാക്ഷ്യം വഹിക്കുന്ന ദുരന്തങ്ങള്‍.

വ്യവസായ വിപ്ലവത്തിന്റെയും ഹരിത വിപ്ലവത്തിന്റെയും മുദ്രാവാക്യം അമിതോല്‍പ്പതാദനം ആയിരുന്നു.രാസവളങ്ങളും രാസ കീടനാശിനികളും അമിതോല്‍പ്പാദന വിത്തുകളും നമ്മെ രക്ഷിക്കുമെന്ന് നാം വ്യാമോഹിച്ചു.പ്രപഞ്ചത്തിന്റെ സൃഷ്ടി വ്യവസ്ഥയെ താളം തെറ്റിക്കുന്ന ജനിതക വക്രീകരണം ശാസ്ത്ര നേട്ടമായി നാം അഹങ്കരിച്ചു.മുതലാളിത്ത സംസ്കാരം ശീലിപ്പിച്ച കൂടുതല്‍ ലാഭം,കൂടുതല്‍ സുഖസൌകര്യങ്ങള്‍ എന്ന ജീവിത രീതി ഒടുവില്‍ അന്തകനായി തിരിഞ്ഞു കുത്തിയിരിക്കുന്നു.കാലാവസ്ഥ മാറ്റം,സുനാമികള്‍,കൊടുങ്കാറ്റ്,ഭീകരമായ രോഗങ്ങള്‍ തുടങ്ങിയ മാനവ ദുരന്തങ്ങള്‍ നമ്മുടെ ദുരയുടെ ശമ്പളം തന്നെയാണ്."ഭൂമിയില്‍ കരയിലും കടലിലും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു;മനുഷ്യരുടെ കരങ്ങളുടെ ചെയ്തി കാരണം"(വി-ഖുറാന്‍, 30-41)

സഹോദങ്ങളെ,പ്രകൃതിക്കും ആവാസ വ്യവസ്ഥക്കും അനുകൂലമായ ഒരു ജീവത ശൈലിയിലേക്ക് മടങ്ങുകയാണ് നമുക്ക് മുമ്പിലുള്ള രക്ഷാമാര്‍ഗം.അമിതോപഭോഗവും ആസക്തിയും വെടിഞ്ഞു കൊണ്ടു ആത്മീയമായ ജീവിതമാണ് പ്രകൃതി സൌഹൃദപരം.ഇസ്ലാം ആവശ്യപ്പെടുന്നത് ആ ജീവിത ശൈലിയാണ്.അത് മാത്രമാണ് ആത്യന്തികമായ സമാധാനത്തിന്റെ വഴിയും.

പുണ്യമേറിയ മക്കള്‍


മക്കളെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്‌ നമ്മളെല്ലാം. അവര്‍ മികച്ച അവസ്ഥയിലെത്തണമെന്ന്‌ ആഗ്രഹിക്കുന്നു. അവര്‍ വിജയികളാവണമെന്ന്‌ കൊതിക്കുന്നു. അവര്‍ ഉന്നതരാകണേ എന്ന്‌ പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്റെ ഇഷ്‌ടവും കാരുണ്യവും അവരിലുണ്ടാകാന്‍ അല്ലാഹുവിനോട്‌ തേടുന്നു.

എങ്ങനെയാണ്‌ ഇതെല്ലാം നമ്മുടെ മക്കള്‍ക്ക്‌ ലഭിക്കുക? അവരുടെ ജീവിതം കൊണ്ട്‌ മാതാപിതാക്കള്‍ പോലും മഹത്വമുള്ളവരാകുന്നതെങ്ങനെ? അതിനുള്ള വഴികള്‍ അല്ലാഹുവിന്റെ റസൂല്‍(സ) നമ്മെ അറിയിച്ചിട്ടുണ്ട്‌.

നല്ല ശിക്ഷണത്തിലൂടെ വളര്‍ന്ന നല്ലവരായ മക്കളെക്കുറിച്ച്‌ റസൂല്‍(സ) പറഞ്ഞത്‌ നോക്കൂ: ``ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ സര്‍വ കര്‍മങ്ങളും നിലച്ചുപോകും; മൂന്നെണ്ണമൊഴികെ. നിലനില്‌ക്കുന്ന ദാനധര്‍മങ്ങള്‍, ഉപകാരപ്രദമായ വിജ്ഞാനം, പ്രാര്‍ഥിക്കുന്ന മക്കള്‍'' (ബുഖാരി, അദബുല്‍മുഫ്‌റദ്‌ 38).

``അന്ത്യനാളില്‍ ഒരാള്‍ വരും; അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും: ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി? അയാളോട്‌ പറയപ്പെടും: നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്‌.''(ത്വബാറ്‌നി, ഔസത്ത്‌ 1915)

``നല്ലവനായ ഒരാള്‍ക്ക്‌ സ്വര്‍ഗലോകത്ത്‌ അല്ലാഹു പദവികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: നാഥാ, എന്തുകൊണ്ടാണ്‌ എനിക്കിങ്ങനെ അനുഗ്രഹങ്ങള്‍ വര്‍ധിക്കുന്നത്‌? അല്ലാഹു മൊഴിയും: നിന്റെ മക്കള്‍ നിനക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതുകൊണ്ട്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 36, ബസ്സാര്‍, കശ്‌ഫുല്‍ അസ്‌താര്‍ 3141)

ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്‌. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക്‌ രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.

അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ്‌ നമ്മള്‍. ഇന്ന്‌ ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ്‌ ഇസ്‌ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക്‌ ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്‌ലാമിക ദഅ്‌വത്തില്‍ ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്‌മകളൊരുക്കുന്നു.

നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച്‌ ഡോക്‌ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള്‍ ചെയ്‌തതിലേറെ ചെയ്യാന്‍ അവര്‍ക്ക്‌ കഴിവും സാധ്യതയുമുണ്ട്‌. ഈ ലോകത്ത്‌ നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്‍. അഭിമാനത്തോടെ നമുക്ക്‌ ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്‍കര്‍മമായിരിക്കും അവന്‍.

ദൈവം മരിക്കുമെന്നോ?


നമ്മുടെ സാക്ഷര സുന്ദര കേരളത്തില്‍ എത്രയെത്ര ആള്‍ദൈവങ്ങളാണ്‌ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌? കേരളം പോലുള്ള പ്രബുദ്ധ പരിസരത്ത്‌ ജീവിക്കുന്നവര്‍ പോലും പലരിലും അമാനുഷികസിദ്ധികള്‍ ആരോപിക്കുന്നുവെന്നത്‌ ചിന്തിക്കേണ്ട വിഷയം തന്നെയാണ്‌. മനുഷ്യന്‌ മറ്റൊരു ശക്തിയെ ആശ്രയിക്കേണ്ടിവരുന്നത്‌ അവന്‌ സ്വന്തത്തെക്കുറിച്ചുള്ള നിസ്സഹായാവസ്ഥ ബോധ്യപ്പെടുമ്പോഴാണ്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കൊരു അതുല്യശക്തിയുടെ തുണ വേണമെന്ന ചിന്തയാണ്‌ മനുഷ്യനെ ദൈവവിശ്വാസത്തിലേക്കടുപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇവിടെ ആള്‍ദൈവങ്ങള്‍ ആസൂത്രിതമായി ഇടപെടുകയും മനുഷ്യന്റെ നിസ്സഹായാവസ്ഥക്കും പ്രതിസന്ധികള്‍ക്കും പ്രതിവിധി നല്‍കാന്‍ തങ്ങള്‍ക്കാവുമെന്ന്‌ മനുഷ്യനെ ധരിപ്പിക്കുകയും ചെയ്യുന്നു.

സാങ്കേതിക വൈജ്ഞാനിക രംഗത്തെല്ലാം ഉന്നതിയിലെത്തിയ ബുദ്ധിജീവികള്‍ പോലും ആള്‍ദൈവങ്ങളുടെ വലയിലകപ്പെടുന്നതിന്റെ രഹസ്യമിതാണ്‌. മനുഷ്യന്റെ പുതിയ മൂല്യസങ്കല്‍പങ്ങളും ആത്മാവ്‌ നഷ്‌ടപ്പെട്ട വിശ്വാസവും അവനെ കൊണ്ടെത്തിക്കുന്നത്‌ വ്യാജ സിദ്ധന്മാരുടെയും ആള്‍ദൈവങ്ങളുടെയും അടുത്തേക്കാണ്‌. നമ്മുടെ സമൂഹം യഥാര്‍ഥ പ്രബുദ്ധതയുടെ അംശങ്ങള്‍ ജീവിതത്തില്‍ ആവാഹിച്ചിരുന്നുവെങ്കില്‍ ആള്‍ദൈവങ്ങള്‍ക്ക്‌ ഇത്ര പെട്ടെന്ന്‌ ചുവടുറപ്പിക്കാന്‍ കഴിയില്ലായിരുന്നു.

ലോകത്ത്‌ ഏറ്റവും ലാഭം കൊയ്യാന്‍ കഴിയുന്ന വിപണിയായി ആത്മീയലോകം മാറിക്കഴിഞ്ഞിട്ടുണ്ട്‌. പ്രത്യേക മതങ്ങളില്ല, എല്ലാ മതങ്ങളുടെയും പ്രതിനിധികളുണ്ട്‌. സ്വാമിമാരും സ്വാമിനിമാരും പാസ്റ്റര്‍മാരും ഔലിയാക്കളും ബീവികളും നിരനിരയായി നില്‍ക്കുന്നുണ്ട്‌. ഇവരോടൊപ്പം പേര്‌ ചേര്‍ക്കാവുന്ന ഒരാളാണ്‌ സത്യസായിബാബയും.

സായി ബാബയുടെ വിയോഗം നമുക്ക്‌ നല്‍കുന്നത്‌ വലിയൊരു സന്ദേശമാണ്‌. എത്രവലിയ ശക്തിയാണെന്ന്‌ സ്വയം കരുതിയാലും അത്‌ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചാലും അത്ഭുതവിദ്യകള്‍ കാട്ടി ജനങ്ങളെ വിഭ്രമിപ്പിച്ചാലും മായാജാലങ്ങള്‍ കാട്ടി ജനങ്ങളുടെ ബുദ്ധിയെ മയക്കിക്കിടത്തിയാലും അവതാരമാണെന്ന്‌ പറഞ്ഞ്‌ ജനങ്ങളെ പറ്റിച്ചാലും മരണമെന്ന അലംഘനീയ വിധിക്ക്‌ കീഴൊതുങ്ങണമെന്ന വലിയ സന്ദേശം! അല്ലാഹുവിന്റെ അപാരമായ ശക്തിക്ക്‌ മുമ്പില്‍ സൃഷ്‌ടികളായ മനുഷ്യരെല്ലാം കേവലം നിസ്സാരരാണെന്നുള്ള വലിയ പാഠം! ജീവിച്ചിരിക്കുമ്പോള്‍ ഒട്ടേറെ അത്ഭുതങ്ങള്‍ കാട്ടി ജനങ്ങളെ ആകര്‍ഷിച്ച സത്യസായ്‌ ബാബയ്‌ക്കും അല്ലാഹുവിന്റെ വിധിക്ക്‌ മുമ്പില്‍ തോല്‍ക്കേണ്ടിവന്നു. ഇഷ്‌ടമില്ലെങ്കിലും, പ്രവചനകാലം പൂര്‍ത്തിയാക്കാതെ ബാബക്ക്‌ മടങ്ങേണ്ടിവന്നു.

മരണം വന്നെത്തുന്നതിന്‌ മുമ്പായി നേരായ ദൈവവിശ്വാസത്തിലും സല്‍ക്കര്‍മങ്ങളിലും നിരതരാവാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഭാഗ്യം. ``നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വന്നെത്തുന്നതിന്‌ മുമ്പായി നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും: ``എന്റെ രക്ഷിതാവേ, അടുത്ത ഒരവധി വരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി എല്ലാം സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.'' (ഖു. 63:10,11)

ഇന്നലെ വരെ അന്തസ്സോടെ വിരിമാറ്‌ കുലുക്കി നടന്നവര്‍ ഇന്ന്‌ മരണത്തിന്റെ വിധിക്ക്‌ കീഴടങ്ങി മണ്ണില്‍ നിലംപതിക്കുന്നു. ജനങ്ങളുടെ നേതാവായി പ്രശസ്‌തരായവരും അവരുടെ ആവേശമായി കത്തിത്തിളങ്ങിയവരുമെല്ലാം മരണത്തിന്‌ മുമ്പില്‍ മുട്ടുമടക്കുന്നു. ആരും ഇതില്‍ നിന്ന്‌ ഒഴിവാകുന്നില്ല. മുന്‍കഴിഞ്ഞ മുഴുവന്‍ പ്രവാചകന്മാരും മരണത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്‌. നാടടക്കി ഭരിച്ച ഭരണകര്‍ത്താക്കളും ആള്‍ദൈവങ്ങളായി സ്വയം പരിചയപ്പെടുത്തി ജനങ്ങളുടെ സ്‌നേഹപുഷ്‌പങ്ങള്‍ ഏറ്റുവാങ്ങിയവരുമെല്ലാം മരണത്തോട്‌ മത്സരിക്കാനാവാതെ കുഴഞ്ഞുവീഴുന്നു. 2021-ാമാണ്ടില്‍ തന്റെ 96-ാമത്തെ വയസ്സിലേ ഈ ശരീരം വെടിയൂ എന്ന സായിബാബയുടെ വിധിതീര്‍പ്പ്‌, അല്ലാഹുവിന്റെ അപാരമായ വിധിക്ക്‌ മുന്നില്‍ നിഷ്‌പ്രഭമായില്ലേ?

Related Posts Plugin for WordPress, Blogger...

Popular YRC Posts

Follow by Email