
നമ്മുടെ സാക്ഷര സുന്ദര കേരളത്തില്‍ എത്രയെത്ര ആള്‍ദൈവങ്ങളാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്? കേരളം പോലുള്ള പ്രബുദ്ധ പരിസരത്ത് ജീവിക്കുന്നവര്‍ പോലും പലരിലും അമാനുഷികസിദ്ധികള്‍ ആരോപിക്കുന്നുവെന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. മനുഷ്യന് മറ്റൊരു ശക്തിയെ ആശ്രയിക്കേണ്ടിവരുന്നത് അവന് സ്വന്തത്തെക്കുറിച്ചുള്ള നിസ്സഹായാവസ്ഥ ബോധ്യപ്പെടുമ്പോഴാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കൊരു അതുല്യശക്തിയുടെ തുണ വേണമെന്ന ചിന്തയാണ് മനുഷ്യനെ ദൈവവിശ്വാസത്തിലേക്കടുപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇവിടെ ആള്‍ദൈവങ്ങള്‍ ആസൂത്രിതമായി ഇടപെടുകയും മനുഷ്യന്റെ നിസ്സഹായാവസ്ഥക്കും പ്രതിസന്ധികള്‍ക്കും പ്രതിവിധി നല്‍കാന്‍ തങ്ങള്‍ക്കാവുമെന്ന് മനുഷ്യനെ ധരിപ്പിക്കുകയും ചെയ്യുന്നു.
സാങ്കേതിക വൈജ്ഞാനിക രംഗത്തെല്ലാം ഉന്നതിയിലെത്തിയ ബുദ്ധിജീവികള്‍ പോലും ആള്‍ദൈവങ്ങളുടെ വലയിലകപ്പെടുന്നതിന്റെ രഹസ്യമിതാണ്. മനുഷ്യന്റെ പുതിയ മൂല്യസങ്കല്‍പങ്ങളും ആത്മാവ് നഷ്‌ടപ്പെട്ട വിശ്വാസവും അവനെ കൊണ്ടെത്തിക്കുന്നത് വ്യാജ സിദ്ധന്മാരുടെയും ആള്‍ദൈവങ്ങളുടെയും അടുത്തേക്കാണ്. നമ്മുടെ സമൂഹം യഥാര്‍ഥ പ്രബുദ്ധതയുടെ അംശങ്ങള്‍ ജീവിതത്തില്‍ ആവാഹിച്ചിരുന്നുവെങ്കില്‍ ആള്‍ദൈവങ്ങള്‍ക്ക് ഇത്ര പെട്ടെന്ന് ചുവടുറപ്പിക്കാന്‍ കഴിയില്ലായിരുന്നു.
ലോകത്ത് ഏറ്റവും ലാഭം കൊയ്യാന്‍ കഴിയുന്ന വിപണിയായി ആത്മീയലോകം മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രത്യേക മതങ്ങളില്ല, എല്ലാ മതങ്ങളുടെയും പ്രതിനിധികളുണ്ട്. സ്വാമിമാരും സ്വാമിനിമാരും പാസ്റ്റര്‍മാരും ഔലിയാക്കളും ബീവികളും നിരനിരയായി നില്‍ക്കുന്നുണ്ട്. ഇവരോടൊപ്പം പേര് ചേര്‍ക്കാവുന്ന ഒരാളാണ് സത്യസായിബാബയും.
സായി ബാബയുടെ വിയോഗം നമുക്ക് നല്‍കുന്നത് വലിയൊരു സന്ദേശമാണ്. എത്രവലിയ ശക്തിയാണെന്ന് സ്വയം കരുതിയാലും അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചാലും അത്ഭുതവിദ്യകള്‍ കാട്ടി ജനങ്ങളെ വിഭ്രമിപ്പിച്ചാലും മായാജാലങ്ങള്‍ കാട്ടി ജനങ്ങളുടെ ബുദ്ധിയെ മയക്കിക്കിടത്തിയാലും അവതാരമാണെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചാലും മരണമെന്ന അലംഘനീയ വിധിക്ക് കീഴൊതുങ്ങണമെന്ന വലിയ സന്ദേശം! അല്ലാഹുവിന്റെ അപാരമായ ശക്തിക്ക് മുമ്പില്‍ സൃഷ്‌ടികളായ മനുഷ്യരെല്ലാം കേവലം നിസ്സാരരാണെന്നുള്ള വലിയ പാഠം! ജീവിച്ചിരിക്കുമ്പോള്‍ ഒട്ടേറെ അത്ഭുതങ്ങള്‍ കാട്ടി ജനങ്ങളെ ആകര്‍ഷിച്ച സത്യസായ് ബാബയ്‌ക്കും അല്ലാഹുവിന്റെ വിധിക്ക് മുമ്പില്‍ തോല്‍ക്കേണ്ടിവന്നു. ഇഷ്‌ടമില്ലെങ്കിലും, പ്രവചനകാലം പൂര്‍ത്തിയാക്കാതെ ബാബക്ക് മടങ്ങേണ്ടിവന്നു.
മരണം വന്നെത്തുന്നതിന് മുമ്പായി നേരായ ദൈവവിശ്വാസത്തിലും സല്‍ക്കര്‍മങ്ങളിലും നിരതരാവാന്‍ കഴിഞ്ഞാല്‍ അതാണ് ഭാഗ്യം. ``നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വന്നെത്തുന്നതിന് മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും: ``എന്റെ രക്ഷിതാവേ, അടുത്ത ഒരവധി വരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി എല്ലാം സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.'' (ഖു. 63:10,11)
ഇന്നലെ വരെ അന്തസ്സോടെ വിരിമാറ് കുലുക്കി നടന്നവര്‍ ഇന്ന് മരണത്തിന്റെ വിധിക്ക് കീഴടങ്ങി മണ്ണില്‍ നിലംപതിക്കുന്നു. ജനങ്ങളുടെ നേതാവായി പ്രശസ്‌തരായവരും അവരുടെ ആവേശമായി കത്തിത്തിളങ്ങിയവരുമെല്ലാം മരണത്തിന് മുമ്പില്‍ മുട്ടുമടക്കുന്നു. ആരും ഇതില്‍ നിന്ന് ഒഴിവാകുന്നില്ല. മുന്‍കഴിഞ്ഞ മുഴുവന്‍ പ്രവാചകന്മാരും മരണത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്. നാടടക്കി ഭരിച്ച ഭരണകര്‍ത്താക്കളും ആള്‍ദൈവങ്ങളായി സ്വയം പരിചയപ്പെടുത്തി ജനങ്ങളുടെ സ്‌നേഹപുഷ്‌പങ്ങള്‍ ഏറ്റുവാങ്ങിയവരുമെല്ലാം മരണത്തോട് മത്സരിക്കാനാവാതെ കുഴഞ്ഞുവീഴുന്നു. 2021-ാമാണ്ടില്‍ തന്റെ 96-ാമത്തെ വയസ്സിലേ ഈ ശരീരം വെടിയൂ എന്ന സായിബാബയുടെ വിധിതീര്‍പ്പ്, അല്ലാഹുവിന്റെ അപാരമായ വിധിക്ക് മുന്നില്‍ നിഷ്‌പ്രഭമായില്ലേ?