പുണ്യമേറിയ മക്കള്‍


മക്കളെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്‌ നമ്മളെല്ലാം. അവര്‍ മികച്ച അവസ്ഥയിലെത്തണമെന്ന്‌ ആഗ്രഹിക്കുന്നു. അവര്‍ വിജയികളാവണമെന്ന്‌ കൊതിക്കുന്നു. അവര്‍ ഉന്നതരാകണേ എന്ന്‌ പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്റെ ഇഷ്‌ടവും കാരുണ്യവും അവരിലുണ്ടാകാന്‍ അല്ലാഹുവിനോട്‌ തേടുന്നു.

എങ്ങനെയാണ്‌ ഇതെല്ലാം നമ്മുടെ മക്കള്‍ക്ക്‌ ലഭിക്കുക? അവരുടെ ജീവിതം കൊണ്ട്‌ മാതാപിതാക്കള്‍ പോലും മഹത്വമുള്ളവരാകുന്നതെങ്ങനെ? അതിനുള്ള വഴികള്‍ അല്ലാഹുവിന്റെ റസൂല്‍(സ) നമ്മെ അറിയിച്ചിട്ടുണ്ട്‌.

നല്ല ശിക്ഷണത്തിലൂടെ വളര്‍ന്ന നല്ലവരായ മക്കളെക്കുറിച്ച്‌ റസൂല്‍(സ) പറഞ്ഞത്‌ നോക്കൂ: ``ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ സര്‍വ കര്‍മങ്ങളും നിലച്ചുപോകും; മൂന്നെണ്ണമൊഴികെ. നിലനില്‌ക്കുന്ന ദാനധര്‍മങ്ങള്‍, ഉപകാരപ്രദമായ വിജ്ഞാനം, പ്രാര്‍ഥിക്കുന്ന മക്കള്‍'' (ബുഖാരി, അദബുല്‍മുഫ്‌റദ്‌ 38).

``അന്ത്യനാളില്‍ ഒരാള്‍ വരും; അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും: ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി? അയാളോട്‌ പറയപ്പെടും: നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്‌.''(ത്വബാറ്‌നി, ഔസത്ത്‌ 1915)

``നല്ലവനായ ഒരാള്‍ക്ക്‌ സ്വര്‍ഗലോകത്ത്‌ അല്ലാഹു പദവികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: നാഥാ, എന്തുകൊണ്ടാണ്‌ എനിക്കിങ്ങനെ അനുഗ്രഹങ്ങള്‍ വര്‍ധിക്കുന്നത്‌? അല്ലാഹു മൊഴിയും: നിന്റെ മക്കള്‍ നിനക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതുകൊണ്ട്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 36, ബസ്സാര്‍, കശ്‌ഫുല്‍ അസ്‌താര്‍ 3141)

ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്‌. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക്‌ രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.

അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ്‌ നമ്മള്‍. ഇന്ന്‌ ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ്‌ ഇസ്‌ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക്‌ ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്‌ലാമിക ദഅ്‌വത്തില്‍ ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്‌മകളൊരുക്കുന്നു.

നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച്‌ ഡോക്‌ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള്‍ ചെയ്‌തതിലേറെ ചെയ്യാന്‍ അവര്‍ക്ക്‌ കഴിവും സാധ്യതയുമുണ്ട്‌. ഈ ലോകത്ത്‌ നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്‍. അഭിമാനത്തോടെ നമുക്ക്‌ ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്‍കര്‍മമായിരിക്കും അവന്‍.

Related Posts Plugin for WordPress, Blogger...

Popular YRC Posts