എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്നോ?

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? 
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ!

പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.  എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു. 

എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും , ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും, സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! 

അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌. 
ഇല്ല. യാതൊരു രക്ഷയുമില്ല.  നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍. അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും. തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും. അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി. 

അദ്ധ്യായം 75 ഖിയാമ 3 - 15

ചിന്തിക്കുന്നവർക്ക്‌ ദൃഷ്ടാന്തമുണ്ട്‌

നിങ്ങള്‍ സന്ധ്യാവേളയിലാകുമ്പോഴും പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.) 

നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു. ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു. ഭൂമിയുടെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം അതിന്നവന്‍ ജീവന്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ട് വരപ്പെടും. 

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. 

ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. 

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.  

ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. 

അവന്‍റെ കല്‍പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന് വരുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.

അദ്ധ്യായം 30 റൂം 17 - 25

കുഞ്ഞുങ്ങള്‍ നിങ്ങളുടെ അതിഥികള്‍

ദൈവത്തിന്റെ വരദാനങ്ങളായ കുഞ്ഞുങ്ങള്‍ നിങ്ങളിലൂടെ നിങ്ങള്‍ക്ക് നല്‍കപ്പെട്ട അതിഥികള്‍ മാത്രമാണ്. ആതിഥേയന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട  മര്യാദകളും ബഹുമാനങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും  അര്‍ഹിക്കുന്നു. നല്ല ഇണകളാകുക എന്നതാണ് നല്ല രക്ഷിതാക്കളാകുന്നതിന്റെ ആദ്യ പടി. കുട്ടികളെ ഉപമിച്ചു കൊല്ലുകയും നമുക്കാവശ്യമായ രൂപത്തിലേക്ക് മോള്‍ഡ് ചെയ്‌തെടുക്കുകയും ചെയ്യുക എന്നതിനപ്പുറം ഓരോ കുഞ്ഞിനും  അവരവരുടേതായ ഒരു ഭാഗധേയമുണ്ടെന്നു മനസ്സിലാക്കി ആ ഇടത്തില്‍ പരമാവധി അവര്‍ക്ക് ശോഭിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ തന്റെ  കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ ഓരോ രക്ഷിതാവിനും സാധ്യമാകണം.

അടിച്ചേല്‍പ്പിക്കുക എന്നതല്ല  അവരുടെ താല്‍പര്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന തരത്തിലുള്ളത് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള  അവസരങ്ങള്‍ അവര്‍ക്ക്  ലഭ്യമാക്കുകയും അവരവരുടേതായ കഴിവുകള്‍ വികസിപ്പിക്കാനുതകന്ന പരിശീലനങ്ങള്‍ നല്‍കുകയും വേണം. സ്‌നേഹവും സുരക്ഷിതത്വ  ബോധവും ഓരോ കുഞ്ഞിനും പരമാവധി അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കണം. മണ്ണ് , മഴ തുടങ്ങി പ്രകൃതിയിലേക്കിറങ്ങി ചെന്നു കൊണ്ട് ബാല്യജീവിതം അനുഭവ സമ്പന്നമാക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍  അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്രായത്തിനനുസരിച്ച ലൈംഗിക വിദ്യാഭ്യാസം രക്ഷിതാക്കളില്‍ നിന്നു തന്നെ പകര്‍ന്നു നല്‍കുന്നതില്‍ പിറകോട്ട് പോകാതിരിക്കാന്‍ ഓരോ രക്ഷിതാവും  ശ്രദ്ധിക്കണം.

കടപ്പാട്‌ : സി എ റസാക്ക്

ഈസാ നബി (അ)ന്റെ ജനനം

വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക . അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം .  എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി . അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു . അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു . അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.) അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍ .  അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല . അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു . അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു . അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു . അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു . അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു . അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.  നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക . അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌. 
അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക . ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. 

അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌. ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?  അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. 

അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌.

അദ്ധ്യായം 19 മറിയം 16 - 34

മദ്യം സാമൂഹിക വിപത്ത്‌

സാമൂഹ്യ ജീർണതയുടെ ദുർമുഖം പൂർണമായി പ്രകടമാകുന്ന വിപത്താണ് മദ്യം. മദ്യം നിലനിൽക്കുന്ന സമൂഹത്തിൽ നന്മയുടെ യാതൊരു അംശവും അവശേഷിക്കുകയില്ല. അതു കൊണ്ടുതന്നെ ഈ വിപത്തിനെതിരെ വിശുദ്ധ ഖുർആന്റെ കൽപന ഇങ്ങനെ :  " സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക്‌ വിജയം പ്രാപിക്കാം ". (അദ്ധ്യായം 5 മാഇദ 90)

'കുറ്റകൃത്യങ്ങളുടെ മാതാവ്‌ 'എന്ന് പ്രവാചകൻ (സ) വിശേഷിപ്പിച്ച മദ്യത്തിന്റെ പ്രധാന ഇരകൾ പാവപ്പെട്ട സ്ത്രീകളും കുട്ടികളുമാണ്. മദ്യം സേവിച്ച ഭർത്താക്കന്മാരാൽ വധിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതുമായ സ്ത്രീകളുടേയും പിഞ്ചോമനകളുടേയും കണ്ണുനീരും ചോരയും നക്കിക്കുടിച്ചു കൊണ്ടാണ് നമ്മുടെ രാജ്യത്തെ അബ്‌കാരികൾ തടിച്ചു കൊഴുത്തു നിൽക്കുന്നത്‌. അതിന്റെ പങ്കുപറ്റിക്കൊണ്ടാണ് രാഷ്ട്രീയ നേതാക്കന്മാർ മാന്യന്മാരായി നടക്കുന്നത്‌.

ഇവിടെ നടക്കുന്ന കലാപങ്ങൾ, കൊലവിളികൾ, കുടുംബകലഹങ്ങൾ, ക്വട്ടേഷൻ കൊലകൾ, രാഷ്ട്രീയ കൊലകൾ, വാഹനാപകടങ്ങൾ, സ്ത്രീപീഡനങ്ങൾ തുടങ്ങിയ ഒട്ടനേകം ദുരന്തങ്ങളുടെ പിന്നിൽ മദ്യരാജാവു വർത്തിക്കുന്നു. ഈ യാഥാർഥ്യം അറിയാത്തവരായി ഇവിടെ ആരുമില്ല. ഈ ജീർണതയിൽ നിന്ന് സഹജീവികളെ മോചിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കു പോലും ഇവിടെ ജീവിക്കാൻ പറ്റാത്ത വിധം രാജ്യം മദ്യലോബികളുടെ കൈകളിൽ അമർന്നിരിക്കുന്നു.

ഇവിടെയാണ് ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടിന്റെ പ്രസക്തി എത്ര വലുതാണെന്നും വിലപിടിച്ചതാണെന്നും നമുക്ക്‌ മനസ്സിലാവുന്നത്‌. മഹാകവി ടി ഉബൈദ്‌ ആവശ്യപ്പെട്ടതു പോലെ നമുക്കും സമൂഹത്തോടാവശ്യപ്പെടാം :

വിളക്കു വെക്കുവിൻ; വിളക്കു വെക്കുവിൻ;
വെളിച്ചം കാണട്ടെ, വിളക്കു വെക്കുവിൻ!
അടുത്തു നിന്നിടുമനുജനെപ്പോലും
തടഞ്ഞുവീഴുമാറിരുണ്ടുപോയ്‌ രംഗം.
വിളക്കു വെക്കുവിൻ; വിളക്കു വെക്കുവിൻ
വെളിച്ചം തൂകട്ടെ; വിളക്കു വെക്കുവിൻ.

കടപ്പാട്‌ : എം എം നദ്‌ വി

മുസ്‌ലിം സമൂഹമേ, ജാഗ്രത!!!

കരുനാഗപ്പള്ളിയിൽ മർദ്ദനമേറ്റ്‌ പിടഞ്ഞു മരിച്ച അന്ധവിശ്വാസത്തിന്റെ ഇരയായ പെൺകുട്ടിയും അതിലെ പ്രതിനായകനായ സിദ്ധനും വില്ലനായ ഏജന്റും നോക്കുകുത്തിയായ ഇരയുടെ പിതാവും കാണികളായ സാക്ഷികളും എല്ലാം മുസ്‌ലിം സമുദായത്തിലെ അംഗങ്ങളായിരുന്നു എന്നത്‌ ഏറെ ഖേദകരമാണ്. കാരണം ഈ പൈശാചികത ഇസ്‌ലാമിന്റേയും മുസ്‌ലിംകളുടെയും എക്കൗണ്ടിലേക്കാണ് ചെലവെഴുതപ്പെടുന്നത്‌. യഥാർഥത്തിൽ ഇസ്‌ലാമിൽ ഇങ്ങനെ ഒരു ചികിൽസയുമില്ല. രോഗത്തിന്ന് മരുന്നുണ്ട്‌. ചികിൽസിക്കുക. അല്ലാഹുവോട്‌ ആത്മാർത്ഥമായി പ്രാർഥിക്കുക. ഇതാണ് നബി (സ) പഠിപ്പിച്ച രീതി. 'എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്‌. നിങ്ങൾ ചികിൽസിക്കുക' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്.

ജിന്ന് ഒരു രോഗാണുവോ രോഗകാരണമോ അല്ല. ആയിരുന്നാൽ പോലും മനുഷ്യന് അതിനെ ഒന്നും ചെയ്യാൻ കഴിയില്ല. മാനസികരോഗം ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ട ഉത്തരം കിട്ടാത്ത ഒരു പുതിയ പ്രശ്നമല്ല. നേരിയ മാനസികാസ്വാസ്ഥ്യം മുതൽ മുഴുഭ്രാന്ത്‌ വരെ ഉണ്ടാകാം. അക്കൂട്ടത്തിൽ മാറുന്നവയും മാറാത്തവയുമുണ്ട്‌. ഫലപ്രദമായ ചികിൽസ ഇന്ന് എമ്പാടും ലഭ്യമാണ്. നാട്ടിലുടനീളം ചികിൽസാ കേന്ദ്രങ്ങളുണ്ട്‌.  ചിലതരം മാനസിക പ്രശ്നങ്ങൾക്ക്‌ കൗൺസിലിംഗ്‌ മതി. കൗൺസിലിംഗ്‌ കേന്ദ്രങ്ങളും കൗൺസിലർമാരും മുസ്‌ലിംകളിൽ തന്നെ ഏറെയുണ്ട്‌. ഇതൊന്നുമറിയാതെ മാനസിക പിരിമുറുക്കം കാണുമ്പോഴേക്ക്‌ കണക്കുകാരെ കാണുകയും അവിടങ്ങളിൽ നിന്നുള്ള ഉപദേശപ്രകാരം ഇറക്കൽ വിദഗ്ധരിലേക്ക്‌ എത്തിച്ചേരുകയും ചെയ്യുന്ന കുറുക്കുവിദ്യ നാശത്തിന്റെ വഴിയാണ്. ആത്മഹത്യാ മുനമ്പി ലേക്കുള്ള യാത്രയാണ്. മാരണം (സിഹ്‌ർ) കൊണ്ട്‌ രോഗമുണ്ടാക്കാൻ കഴിയില്ല. വല്ല രോഗവും മാരണം മൂലമാണെന്ന് തെറ്റിദ്ധരിച്ചാൽ ചികിൽസയായി മാരണം ചെയ്യുന്നത്‌ വൻ പാപമാണ്. മന്ത്രവാദിയും മാരണക്കാരനും ഇസ്‌ലാമിനന്യമാണ്.

മനസ്സുരുകി സ്രഷ്ടാവായ അല്ലാഹുവിന്റെ മുന്നിൽ തന്റെ വേദനകളും വൃഥകളും തുറന്നുവെക്കുന്ന സത്യവിശ്വാസിക്ക്‌ ഒരിക്കലും മന്ത്രവാദിയുടെ ചാട്ടവാറടി ഏൽക്കേണ്ടി വരില്ല. സിദ്ധന്റേയോ ജ്യോൽസ്യന്റേയോ മുന്നിൽ പണം നഷ്ടപ്പെടില്ല. സമയവും സമ്പത്തും മാനവും പലപ്പോഴും ചാരിത്ര്യവും ചിലപ്പോൾ വിലപ്പെട്ട ജീവനും നഷ്ടപ്പെടുത്തുന്ന സിദ്ധകേന്ദ്രങ്ങൾ ഇസ്‌ലാമിന്റേതല്ല. മുസ്‌ലിംകൾക്കതിൽ ഒരു ബന്ധവുമില്ല എന്ന് തുറന്ന് പറയാൻ മതപണ്ഡിതന്മാർ തയ്യാറാവണം. മത - സാമൂഹിക - വിദ്യാഭ്യാസ - രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടനകൾ ഈ ബോധവൽകരണ ദൗത്യം ഏറ്റെടുക്കണം. മുസ്‌ലിം മീഡിയ അന്ധവിശ്വാസ ക്രിമിനലുകളെ തുറന്നുകാണിക്കാൻ രംഗത്തു വരണം. ഈ അരുതായ്മകൾക്ക്‌ മുസ്‌ലിം സമുദായത്തിലെ ഒരു അംഗവും കൂട്ടു നിൽക്കരുത്‌.

കടപ്പാട്‌ : കെ എൻ എം മർക്കസുദ്ദഅ്‌വ

മര്യാദ പഠിപ്പിക്കേണ്ടത്‌ മാതാപിതാക്കൾ

ഒരാൾ നബി (സ)യോട്‌ ചോദിച്ചു :അല്ലാഹുവിന്റെ റസൂലേ, ജനങ്ങളിൽ ആരാണു എന്റെ നല്ല സഹവാസം ലഭിക്കാൻ ഏറ്റവും അർഹതപ്പെട്ടത്‌?
നബി (സ) പറഞ്ഞു : നിന്റെ മാതാവ്‌.
പിന്നെയാരാണ്?
നിന്റെ മാതാവ്‌.
പിന്നെയാരാണ്?
നിന്റെ മാതാവ്‌.
പിന്നെ ആരാണ്?
നിന്റെ പിതാവ്‌.
(ബുഖാരി, മുസ്‌ലിം)

മക്കൾക്ക്‌ ജന്മം നൽകി അവരെ സ്നേഹിച്ചും ശാസിച്ചും, തൊട്ടും തലോടിയും, വെച്ചും വിളമ്പിയും, ഊട്ടിയും ഉറക്കിയും സാംസ്കാരികതയിലേക്ക്‌ കൈപിടിച്ചുയർത്തി വളർത്തിയെടുക്കുന്നത്‌ മാതാപിതാക്കൾക്ക്‌ ഇസ്‌ലാം നൽകുന്ന ബഹുമതിയാണ്. ഈ ബഹുമതിയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരിയാണ് മാതാവ്‌. ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ സ്ത്രീ ജന്മത്തിന്റെ പരിപൂർണ്ണതയും ദൈവികമായ ഈ സ്ഥാനാരോഹണമാണ്. ഇവിടെയൊക്കെയും മാതാപിതാക്കളുടെ പ്രത്യേകിച്ചും ഒരു മാതാവിന്റെ സ്നേഹപരിലാളനകളാണ് കുട്ടികൾക്ക്‌ ഏറെ ആവശ്യം. മനുഷ്യന്റെ സ്വഭാവരൂപീകരണത്തിൽ ഏറെ പങ്കുവഹിക്കുന്നത്‌ അവൻ ജനിച്ചു വളരുന്ന സാഹചര്യമായിരിക്കും. നബി (സ) പറഞ്ഞു : സന്മാർഗത്തിലാക്കുന്നത്‌ അല്ലാഹുവാണ്. മര്യാദ പഠിപ്പിക്കേണ്ടത്‌ മാതാപിതാക്കളും. (അദബുൽ മുഫ്‌റദ്‌)

കടപ്പാട്‌ : എ  ജമീല ടീച്ചർ

ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? 

സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. 

(അദ്ധ്യായം 61 സ്വഫ്ഫ്‌ 2,3)

നാം പ്രവർത്തിക്കുവാൻ തയ്യാറില്ലാത്തത്‌ ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയോ പ്രഖ്യാപിക്കുകയോ ചെയ്യരുത്‌. ചിലർ വലിയ സംഖ്യ പിരിവിനു വരുന്നവരോട്‌ വാഗ്ദാനം ചെയ്യും. ശേഷം നൽകുകയുമില്ല. ഇതു പോലെ മക്കയിൽ മുസ്‌ലിംകൾ ജീവിച്ചിരുന്ന സമയത്ത്‌ യുദ്ധമനുവദിച്ചിരുന്നില്ല. അപ്പോൾ യുദ്ധം അനുവദിച്ചാൽ ഞങ്ങൾ ഇസ്‌ലാമിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് ചിലർ പ്രഖ്യാപിച്ചു. പക്ഷേ മദീനാ കാലഘട്ടത്തിൽ യുദ്ധം മതപരമാക്കിയപ്പോൾ ചില ദുർബ്ബല വിശ്വാസികളും കപടവിശ്വാസികളും അതിൽ നിന്ന് പിന്തിരിഞ്ഞു. ആ സന്ദർഭത്തിലാണ് ഈ ആയത്ത്‌ അവതരിപ്പിക്കപ്പെടുന്നത്‌.

ഒരു പുണ്യകർമ്മം മറ്റുള്ളവർ ചെയ്യാതിരുന്നാൽ അവരെ ആക്ഷേപിക്കുക, വിമർശിച്ച്‌ സംസാരിക്കുക, ആക്ഷേപിക്കുന്നവൻ അത്‌ ചെയ്യാൻ അവസരം ലഭിച്ചാലും ചെയ്യാതിരിക്കുക. അതുപോലെ ഒരു മനുഷ്യൻ ഒരു തിന്മ ചെയ്താൽ അവനെ അതിൽ ആക്ഷേപിക്കുക, അതു വർജ്ജിക്കാൻ അവനോട്‌ കൽപ്പിക്കുകയും എന്നാൽ കൽപ്പിക്കുന്നവൻ ആ തിന്മ പ്രവർത്തിക്കുകയും ചെയ്യുക തുടങ്ങിയവയും ഈ ആയത്തിന്റെ പരിധിയിൽ വരുന്നു.

എങ്കിലും ഒരാൾ തിന്മ ചെയ്യുന്നവനാണെങ്കിലും അതിന്റെ ഇസ്‌ലാമിക വിധി മറ്റുള്ളവർക്ക്‌ പറഞ്ഞു കൊടുക്കുക തന്നെ വേണം.

കടപ്പാട്‌ : അബ്ദുസ്സലാം സുല്ലമി

മക്കൾക്ക്‌ സ്വർഗം വേണ്ടേ?

വിദ്യാർത്ഥി നേതൃത്വവുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ അവർ ഉന്നയിച്ച ഒരു പരാതി മുതിർന്ന സജീവ സംഘടനാ പ്രവർത്തകർ തങ്ങളുടെ മക്കളേയും സഹോദരങ്ങളെയും സംഘടനാ പ്രവർത്തനത്തിന് അയക്കാൻ താൽപര്യപ്പെടുന്നില്ല എന്നതാണ്. പ്രസ്ഥാന പ്രവർത്തകരുടെ മക്കൾ സംഘടനക്കും പലപ്പോഴും മതത്തിനു തന്നേയും അപരിചിതരായിത്തീരുന്നത്‌ ഇസ്‌ലാമിക ചര്യക്ക്‌ നിരക്കുന്നതാണോ? പ്രസ്ഥാനം ഇഹത്തിലും പരത്തിലും നമ്മുടെ ആദർശജീവിതത്തിന്ന് കാവലാണെന്ന് കരുതുന്ന ഒരാൾക്ക്‌ തന്റെ പ്രിയ പുത്രനെ/പുത്രിയെ ആ വഴിയിൽ ചേർക്കേണ്ടത്‌ ബാധ്യതയല്ലേ?

'റബ്ബനാ ഹബ്‌ ലനാ....മുത്തഖീന ഇമാമാ' എന്ന് പ്രാർഥിക്കുന്നവർ അതിനൊത്ത നിലപാടും സ്വീകരിച്ചേ പറ്റൂ. നബി (സ) പറഞ്ഞു : "ഒരു പിതാവിനും നല്ല ശിക്ഷണത്തേക്കാൾ മഹത്തായ ഒരു സമ്മാനം തന്റെ സന്തതിക്ക്‌ നൽകാനില്ല"(തുർമുദി). "സന്മാർഗത്തിലാക്കുന്നത്‌ അല്ലാഹുവാണ്. ശിക്ഷണം നൽകേണ്ടത്‌ മാതാപിതാക്കളും" (ബുഖാരി). സംഘടനയേക്കാൾ വലിയ ഒരു ശിക്ഷണശാല ഏതുണ്ട്‌?

കടപ്പാട്‌ : മുജീബുറഹ്മാൻ കിനാലൂർ

സംഘടനയേക്കാൾ പ്രാധാന്യം ആദർശത്തിന്

നമുക്ക്‌ ചുറ്റുമുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകളിൽ ബഹുഭൂരിപക്ഷവും ഒരു മിഷൻ മുൻനിർത്തിയല്ല പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്‌. താൽക്കാലികമായ ചില ലക്ഷ്യങ്ങൾക്കുപരി ആത്യന്തിക ആദർശങ്ങൾ അവയിൽ പലതിനുമില്ല. ഉണ്ടെങ്കിൽ തന്നെ പാർട്ടി ആപ്പീസിലെ മാറാല പിടിച്ച അലമാരയിൽ നുരുമ്പിയ ഭരണഘടനയിലെ ഏതോ പേജുകളിൽ വിസ്മൃതമായിക്കിടപ്പാണ് ആ ആദർശങ്ങൾ. ചില നേതാക്കളുടെ നിലനിൽപ്പിനു വേണ്ടി മാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ സംഘടനകൾക്ക്‌ മഹത്തായ ആദർശ ലക്ഷ്യങ്ങൾ പ്രതീക്ഷിക്കുന്നതിലർഥമില്ലല്ലോ. ആദർശ ശൂന്യമായ ഇത്തരം സംഘടനകളുടെ ഉന്നം കൂടുതൽ വോട്ടും കൂടുതൽ മെമ്പർമാരും ആയിരിക്കുക സ്വാഭാവികം. അവരുടെ പ്രബോധനം സംഘടനയിലേക്കാവും; ആദർശങ്ങളിലേക്കാവില്ല. ഈ സംഘടനാ സംസ്കാരം ആദർശ പ്രസ്ഥാനങ്ങളെ സ്വാധീനിച്ചാൽ അത്‌ ഗുരുതരമായ പതനത്തിലേക്കുള്ള വഴി തുറക്കും. ഇസ്‌ലാമിക സംഘടനകൾ അനുനിമിഷം പര്യാലോചിക്കേണ്ട വിഷയമാണിത്‌.

ദൗർഭാഗ്യവശാൽ പല മതസംഘടനകളും ഭൗതികസംഘടനകളുടെ അതേ മാതൃകയിൽ ഇസ്‌ലാമിനേയും അതിന്റെ കേന്ദ്ര പ്രമേയമായ തൗഹീദിനേയുംകാൾ പ്രാധാന്യം സംഘടനക്ക്‌ നൽകുന്നുണ്ടോ എന്ന് സംശയിച്ചു പോകും. ആശയാദർശങ്ങളേക്കാൾ ഉയരത്തിൽ സംഘടനാ ചിഹ്നങ്ങൾ സ്ഥാപിക്കാനുള്ള വെപ്രാളം നിശിതമായി വിമർശന വിധേയമാക്കിയേ തീരൂ. സംഘടനാ പരിപാടികൾ ആസൂത്രണം ചെയ്യുമ്പോഴും നടപ്പാക്കുമ്പോഴും ബഹുജന സ്വാധീനവും സംഘടനാ ബലവും വർദ്ധിപ്പിക്കുക മാത്രമാണ് ഫലത്തിൽ സംഭവിക്കുന്നതെങ്കിൽ പ്രവർത്തകരുടെ അധ്വാനവും സമ്പത്തും തീർത്തും നഷ്ടത്തിലായിത്തീരും. നേതാക്കളാവും അതിനു സമാധാനം പറയേണ്ടി വരിക.

സംഘടനയല്ല അവസാന വാക്ക്‌; മറിച്ച്‌ അതിന്റെ ആദർശമാണ്. സംഘടന നിലനിൽക്കുമ്പോഴും അതിന്റെ ദൗത്യം സംഘടനാ ചട്ടക്കൂടുകളെ കവിഞ്ഞ്‌ വളർന്നു കൊണ്ടിരിക്കണം. സംഘടന മാർ ഗമാണ്. ആദർശം വഹിക്കുന്ന വാഹനമാണത്‌. അതിനാൽ വാഹനമാകരുത്‌, വാഹനത്തിന്റെ യാത്രാലക്ഷ്യമായിരിക്കണം പ്രഥമ ഗണനീയം.

കടപ്പാട്‌ : മുജീബുറഹ്മാൻ കിനാലൂർ

ദഅ്‌വത്ത്‌ ഗുണകാംക്ഷയാണ്, ഗുസ്തിയല്ല

ചില മുസ്‌ലിംകൾ ദഅ്‌വ നടത്തുന്നതായി അവകാശപ്പെടാറുണ്ട്‌. മിക്കപ്പോഴും ശരിയല്ലത്‌. എന്താണ് ദഅ്‌വ എന്നും എന്തല്ല ദഅവ എന്നും അവർക്കറിയില്ല. ഉദാഹരണത്തിന്ന് ഇതര വിശ്വാസികളുമായി ധാരാളം പേർ സംവാദങ്ങൾ സംഘടിപ്പിക്കുകയും അതിനെ ദഅ്‌വ എന്ന് വിളിക്കുകയും ചെയ്യുന്നു. പക്ഷേ സംവാദം ഒരുതരം ധൈഷണിക ഗുസ്തി മാത്രമാണ്. ദഅ്‌വയല്ല.

ദഅ്‌വയും സംവാദവും വിഭിന്നങ്ങളാണ്. നിങ്ങളുടെ ശത്രുവിന്റെ മുന്നിൽ നിങ്ങളുടെ സത്യം സമർത്ഥിക്കലാണ് സംവാദത്തിൽ നടക്കുന്നത്‌. പക്ഷേ സർവ്വശക്തന്റെ കോപത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമമാണ് ദഅവ. അവിടെ നിങ്ങളൊരു ഗുണകാംക്ഷിയാണ്. ദൈവമാർഗത്തെക്കുറിച്ച്‌ മറ്റുള്ളവരെ ബോധവാന്മാരാക്കാൻ ശ്രമിക്കുന്ന ആളാണ് ഒരു ദാഇ. അഥവാ ദഅവയുടെ അത്മാവ്‌ സഹാനുഭൂതിയാണ്. സംവാദത്തിന്റെയാകട്ടെ ഗുസ്തിയും.

ദഅ്‌വയെന്നാൽ ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ വിളിക്കലാണ്. ഒരു ദാഇക്കും ശത്രുവിനെ ഉണ്ടാക്കാനാവില്ല. ദാഇയുടെ ഹൃദയം സ്നേഹത്താലും കാരുണ്യത്താലും നിറഞ്ഞതാണ്. മനുഷ്യരാശിയെ മുഴുവൻ (തന്റെ ശത്രുവിനെ ഉൾപ്പെടെ) സ്നേഹിക്കുവാൻ കഴിയുന്നവനാണ് ദാഇ. പ്രവാചകൻ (സ) പറഞ്ഞിരുന്നത്‌ 'ഞാൻ നിങ്ങളുടെ ഗുണകാംക്ഷിയാണ് ' എന്നാണ്. ദാഇയുടെ പെരുമാറ്റം എപ്പോഴും സൗഹൃദാടിസ്ഥാനത്തിലായിരിക്കണം. ദഅവയിൽ നവീകരണം (അപ്‌ഡേറ്റിംഗ്‌) അത്യന്താപേക്ഷികമാണ്. ഓരോ പ്രവാചകനും അതാതു സംഘങ്ങളുടെ ഭാഷയിലാണ് അയക്കപ്പെട്ടത്‌. ഭാഷ എന്നു പറയുമ്പോൾ മാധ്യമങ്ങളും പെടും. ആധുനിക കാലത്ത്‌ എല്ലാം മാറിക്കഴിഞ്ഞു. അതിനൊത്ത്‌ നമ്മളും നവീകരിക്കണം.

കടപ്പാട്‌ : മൗലാനാ വഹീദുദ്ദീൻ ഖാൻ

Related Posts Plugin for WordPress, Blogger...

Popular YRC Posts