ദൈവത്തിന്റെ വരദാനങ്ങളായ കുഞ്ഞുങ്ങള്‍ നിങ്ങളിലൂടെ നിങ്ങള്‍ക്ക് നല്‍കപ്പെട്ട അതിഥികള്‍ മാത്രമാണ്. ആതിഥേയന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട മര്യാദകളും ബഹുമാനങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും അര്‍ഹിക്കുന്നു. നല്ല ഇണകളാകുക എന്നതാണ് നല്ല രക്ഷിതാക്കളാകുന്നതിന്റെ ആദ്യ പടി. കുട്ടികളെ ഉപമിച്ചു കൊല്ലുകയും നമുക്കാവശ്യമായ രൂപത്തിലേക്ക് മോള്‍ഡ് ചെയ്‌തെടുക്കുകയും ചെയ്യുക എന്നതിനപ്പുറം ഓരോ കുഞ്ഞിനും അവരവരുടേതായ ഒരു ഭാഗധേയമുണ്ടെന്നു മനസ്സിലാക്കി ആ ഇടത്തില്‍ പരമാവധി അവര്‍ക്ക് ശോഭിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ തന്റെ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ ഓരോ രക്ഷിതാവിനും സാധ്യമാകണം.
അടിച്ചേല്‍പ്പിക്കുക എന്നതല്ല അവരുടെ താല്‍പര്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന തരത്തിലുള്ളത് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള അവസരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുകയും അവരവരുടേതായ കഴിവുകള്‍ വികസിപ്പിക്കാനുതകന്ന പരിശീലനങ്ങള്‍ നല്‍കുകയും വേണം. സ്‌നേഹവും സുരക്ഷിതത്വ ബോധവും ഓരോ കുഞ്ഞിനും പരമാവധി അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കണം. മണ്ണ് , മഴ തുടങ്ങി പ്രകൃതിയിലേക്കിറങ്ങി ചെന്നു കൊണ്ട് ബാല്യജീവിതം അനുഭവ സമ്പന്നമാക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്രായത്തിനനുസരിച്ച ലൈംഗിക വിദ്യാഭ്യാസം രക്ഷിതാക്കളില്‍ നിന്നു തന്നെ പകര്‍ന്നു നല്‍കുന്നതില്‍ പിറകോട്ട് പോകാതിരിക്കാന്‍ ഓരോ രക്ഷിതാവും ശ്രദ്ധിക്കണം.
കടപ്പാട് : സി എ റസാക്ക്