ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? 

സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. 

(അദ്ധ്യായം 61 സ്വഫ്ഫ്‌ 2,3)

നാം പ്രവർത്തിക്കുവാൻ തയ്യാറില്ലാത്തത്‌ ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയോ പ്രഖ്യാപിക്കുകയോ ചെയ്യരുത്‌. ചിലർ വലിയ സംഖ്യ പിരിവിനു വരുന്നവരോട്‌ വാഗ്ദാനം ചെയ്യും. ശേഷം നൽകുകയുമില്ല. ഇതു പോലെ മക്കയിൽ മുസ്‌ലിംകൾ ജീവിച്ചിരുന്ന സമയത്ത്‌ യുദ്ധമനുവദിച്ചിരുന്നില്ല. അപ്പോൾ യുദ്ധം അനുവദിച്ചാൽ ഞങ്ങൾ ഇസ്‌ലാമിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് ചിലർ പ്രഖ്യാപിച്ചു. പക്ഷേ മദീനാ കാലഘട്ടത്തിൽ യുദ്ധം മതപരമാക്കിയപ്പോൾ ചില ദുർബ്ബല വിശ്വാസികളും കപടവിശ്വാസികളും അതിൽ നിന്ന് പിന്തിരിഞ്ഞു. ആ സന്ദർഭത്തിലാണ് ഈ ആയത്ത്‌ അവതരിപ്പിക്കപ്പെടുന്നത്‌.

ഒരു പുണ്യകർമ്മം മറ്റുള്ളവർ ചെയ്യാതിരുന്നാൽ അവരെ ആക്ഷേപിക്കുക, വിമർശിച്ച്‌ സംസാരിക്കുക, ആക്ഷേപിക്കുന്നവൻ അത്‌ ചെയ്യാൻ അവസരം ലഭിച്ചാലും ചെയ്യാതിരിക്കുക. അതുപോലെ ഒരു മനുഷ്യൻ ഒരു തിന്മ ചെയ്താൽ അവനെ അതിൽ ആക്ഷേപിക്കുക, അതു വർജ്ജിക്കാൻ അവനോട്‌ കൽപ്പിക്കുകയും എന്നാൽ കൽപ്പിക്കുന്നവൻ ആ തിന്മ പ്രവർത്തിക്കുകയും ചെയ്യുക തുടങ്ങിയവയും ഈ ആയത്തിന്റെ പരിധിയിൽ വരുന്നു.

എങ്കിലും ഒരാൾ തിന്മ ചെയ്യുന്നവനാണെങ്കിലും അതിന്റെ ഇസ്‌ലാമിക വിധി മറ്റുള്ളവർക്ക്‌ പറഞ്ഞു കൊടുക്കുക തന്നെ വേണം.

കടപ്പാട്‌ : അബ്ദുസ്സലാം സുല്ലമി

Related Posts Plugin for WordPress, Blogger...

Popular YRC Posts