കരുനാഗപ്പള്ളിയിൽ മർദ്ദനമേറ്റ് പിടഞ്ഞു മരിച്ച അന്ധവിശ്വാസത്തിന്റെ ഇരയായ പെൺകുട്ടിയും അതിലെ പ്രതിനായകനായ സിദ്ധനും വില്ലനായ ഏജന്റും നോക്കുകുത്തിയായ ഇരയുടെ പിതാവും കാണികളായ സാക്ഷികളും എല്ലാം മുസ്‌ലിം സമുദായത്തിലെ അംഗങ്ങളായിരുന്നു എന്നത് ഏറെ ഖേദകരമാണ്. കാരണം ഈ പൈശാചികത ഇസ്‌ലാമിന്റേയും മുസ്‌ലിംകളുടെയും എക്കൗണ്ടിലേക്കാണ് ചെലവെഴുതപ്പെടുന്നത്. യഥാർഥത്തിൽ ഇസ്‌ലാമിൽ ഇങ്ങനെ ഒരു ചികിൽസയുമില്ല. രോഗത്തിന്ന് മരുന്നുണ്ട്. ചികിൽസിക്കുക. അല്ലാഹുവോട് ആത്മാർത്ഥമായി പ്രാർഥിക്കുക. ഇതാണ് നബി (സ) പഠിപ്പിച്ച രീതി. 'എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്. നിങ്ങൾ ചികിൽസിക്കുക' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്.
ജിന്ന് ഒരു രോഗാണുവോ രോഗകാരണമോ അല്ല. ആയിരുന്നാൽ പോലും മനുഷ്യന് അതിനെ ഒന്നും ചെയ്യാൻ കഴിയില്ല. മാനസികരോഗം ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ട ഉത്തരം കിട്ടാത്ത ഒരു പുതിയ പ്രശ്നമല്ല. നേരിയ മാനസികാസ്വാസ്ഥ്യം മുതൽ മുഴുഭ്രാന്ത് വരെ ഉണ്ടാകാം. അക്കൂട്ടത്തിൽ മാറുന്നവയും മാറാത്തവയുമുണ്ട്. ഫലപ്രദമായ ചികിൽസ ഇന്ന് എമ്പാടും ലഭ്യമാണ്. നാട്ടിലുടനീളം ചികിൽസാ കേന്ദ്രങ്ങളുണ്ട്. ചിലതരം മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗ് മതി. കൗൺസിലിംഗ് കേന്ദ്രങ്ങളും കൗൺസിലർമാരും മുസ്‌ലിംകളിൽ തന്നെ ഏറെയുണ്ട്. ഇതൊന്നുമറിയാതെ മാനസിക പിരിമുറുക്കം കാണുമ്പോഴേക്ക് കണക്കുകാരെ കാണുകയും അവിടങ്ങളിൽ നിന്നുള്ള ഉപദേശപ്രകാരം ഇറക്കൽ വിദഗ്ധരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന കുറുക്കുവിദ്യ നാശത്തിന്റെ വഴിയാണ്. ആത്മഹത്യാ മുനമ്പി ലേക്കുള്ള യാത്രയാണ്. മാരണം (സിഹ്‌ർ) കൊണ്ട് രോഗമുണ്ടാക്കാൻ കഴിയില്ല. വല്ല രോഗവും മാരണം മൂലമാണെന്ന് തെറ്റിദ്ധരിച്ചാൽ ചികിൽസയായി മാരണം ചെയ്യുന്നത് വൻ പാപമാണ്. മന്ത്രവാദിയും മാരണക്കാരനും ഇസ്‌ലാമിനന്യമാണ്.
മനസ്സുരുകി സ്രഷ്ടാവായ അല്ലാഹുവിന്റെ മുന്നിൽ തന്റെ വേദനകളും വൃഥകളും തുറന്നുവെക്കുന്ന സത്യവിശ്വാസിക്ക് ഒരിക്കലും മന്ത്രവാദിയുടെ ചാട്ടവാറടി ഏൽക്കേണ്ടി വരില്ല. സിദ്ധന്റേയോ ജ്യോൽസ്യന്റേയോ മുന്നിൽ പണം നഷ്ടപ്പെടില്ല. സമയവും സമ്പത്തും മാനവും പലപ്പോഴും ചാരിത്ര്യവും ചിലപ്പോൾ വിലപ്പെട്ട ജീവനും നഷ്ടപ്പെടുത്തുന്ന സിദ്ധകേന്ദ്രങ്ങൾ ഇസ്‌ലാമിന്റേതല്ല. മുസ്‌ലിംകൾക്കതിൽ ഒരു ബന്ധവുമില്ല എന്ന് തുറന്ന് പറയാൻ മതപണ്ഡിതന്മാർ തയ്യാറാവണം. മത - സാമൂഹിക - വിദ്യാഭ്യാസ - രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടനകൾ ഈ ബോധവൽകരണ ദൗത്യം ഏറ്റെടുക്കണം. മുസ്‌ലിം മീഡിയ അന്ധവിശ്വാസ ക്രിമിനലുകളെ തുറന്നുകാണിക്കാൻ രംഗത്തു വരണം. ഈ അരുതായ്മകൾക്ക് മുസ്‌ലിം സമുദായത്തിലെ ഒരു അംഗവും കൂട്ടു നിൽക്കരുത്.
കടപ്പാട് : കെ എൻ എം മർക്കസുദ്ദഅ്‌വ