ഒരാൾ നബി (സ)യോട് ചോദിച്ചു :അല്ലാഹുവിന്റെ റസൂലേ, ജനങ്ങളിൽ ആരാണു എന്റെ നല്ല സഹവാസം ലഭിക്കാൻ ഏറ്റവും അർഹതപ്പെട്ടത്?
നബി (സ) പറഞ്ഞു : നിന്റെ മാതാവ്.
പിന്നെയാരാണ്?
നിന്റെ മാതാവ്.
പിന്നെയാരാണ്?
നിന്റെ മാതാവ്.
പിന്നെ ആരാണ്?
നിന്റെ പിതാവ്.
(ബുഖാരി, മുസ്‌ലിം)
മക്കൾക്ക് ജന്മം നൽകി അവരെ സ്നേഹിച്ചും ശാസിച്ചും, തൊട്ടും തലോടിയും, വെച്ചും വിളമ്പിയും, ഊട്ടിയും ഉറക്കിയും സാംസ്കാരികതയിലേക്ക് കൈപിടിച്ചുയർത്തി വളർത്തിയെടുക്കുന്നത് മാതാപിതാക്കൾക്ക് ഇസ്‌ലാം നൽകുന്ന ബഹുമതിയാണ്. ഈ ബഹുമതിയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരിയാണ് മാതാവ്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ സ്ത്രീ ജന്മത്തിന്റെ പരിപൂർണ്ണതയും ദൈവികമായ ഈ സ്ഥാനാരോഹണമാണ്. ഇവിടെയൊക്കെയും മാതാപിതാക്കളുടെ പ്രത്യേകിച്ചും ഒരു മാതാവിന്റെ സ്നേഹപരിലാളനകളാണ് കുട്ടികൾക്ക് ഏറെ ആവശ്യം. മനുഷ്യന്റെ സ്വഭാവരൂപീകരണത്തിൽ ഏറെ പങ്കുവഹിക്കുന്നത് അവൻ ജനിച്ചു വളരുന്ന സാഹചര്യമായിരിക്കും. നബി (സ) പറഞ്ഞു : സന്മാർഗത്തിലാക്കുന്നത് അല്ലാഹുവാണ്. മര്യാദ പഠിപ്പിക്കേണ്ടത് മാതാപിതാക്കളും. (അദബുൽ മുഫ്‌റദ്)
കടപ്പാട് : എ ജമീല ടീച്ചർ