ചില മുസ്‌ലിംകൾ ദഅ്‌വ നടത്തുന്നതായി അവകാശപ്പെടാറുണ്ട്. മിക്കപ്പോഴും ശരിയല്ലത്. എന്താണ് ദഅ്‌വ എന്നും എന്തല്ല ദഅവ എന്നും അവർക്കറിയില്ല. ഉദാഹരണത്തിന്ന് ഇതര വിശ്വാസികളുമായി ധാരാളം പേർ സംവാദങ്ങൾ സംഘടിപ്പിക്കുകയും അതിനെ ദഅ്‌വ എന്ന് വിളിക്കുകയും ചെയ്യുന്നു. പക്ഷേ സംവാദം ഒരുതരം ധൈഷണിക ഗുസ്തി മാത്രമാണ്. ദഅ്‌വയല്ല.
ദഅ്‌വയും സംവാദവും വിഭിന്നങ്ങളാണ്. നിങ്ങളുടെ ശത്രുവിന്റെ മുന്നിൽ നിങ്ങളുടെ സത്യം സമർത്ഥിക്കലാണ് സംവാദത്തിൽ നടക്കുന്നത്. പക്ഷേ സർവ്വശക്തന്റെ കോപത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമമാണ് ദഅവ. അവിടെ നിങ്ങളൊരു ഗുണകാംക്ഷിയാണ്. ദൈവമാർഗത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാൻ ശ്രമിക്കുന്ന ആളാണ് ഒരു ദാഇ. അഥവാ ദഅവയുടെ അത്മാവ് സഹാനുഭൂതിയാണ്. സംവാദത്തിന്റെയാകട്ടെ ഗുസ്തിയും.
ദഅ്‌വയെന്നാൽ ജനങ്ങളെ ഇസ്‌ലാമിലേക്ക് വിളിക്കലാണ്. ഒരു ദാഇക്കും ശത്രുവിനെ ഉണ്ടാക്കാനാവില്ല. ദാഇയുടെ ഹൃദയം സ്നേഹത്താലും കാരുണ്യത്താലും നിറഞ്ഞതാണ്. മനുഷ്യരാശിയെ മുഴുവൻ (തന്റെ ശത്രുവിനെ ഉൾപ്പെടെ) സ്നേഹിക്കുവാൻ കഴിയുന്നവനാണ് ദാഇ. പ്രവാചകൻ (സ) പറഞ്ഞിരുന്നത് 'ഞാൻ നിങ്ങളുടെ ഗുണകാംക്ഷിയാണ് ' എന്നാണ്. ദാഇയുടെ പെരുമാറ്റം എപ്പോഴും സൗഹൃദാടിസ്ഥാനത്തിലായിരിക്കണം. ദഅവയിൽ നവീകരണം (അപ്‌ഡേറ്റിംഗ്) അത്യന്താപേക്ഷികമാണ്. ഓരോ പ്രവാചകനും അതാതു സംഘങ്ങളുടെ ഭാഷയിലാണ് അയക്കപ്പെട്ടത്. ഭാഷ എന്നു പറയുമ്പോൾ മാധ്യമങ്ങളും പെടും. ആധുനിക കാലത്ത് എല്ലാം മാറിക്കഴിഞ്ഞു. അതിനൊത്ത് നമ്മളും നവീകരിക്കണം.
കടപ്പാട് : മൗലാനാ വഹീദുദ്ദീൻ ഖാൻ