തിന്മകൾ പെരുകുവാനുള്ള ഏറ്റവും പ്രധാന കാരണം ചോദ്യമുയർത്തുന്നവരുടെ തിരോധാനമാണ്. ചോദ്യം ചോദിക്കാത്തവരെ പ്രശംസിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നത് ദീനം പിടിച്ച ഒരു കാലത്തിന്റെ ലക്ഷണമാണ്. വിമർശനത്തെ ഭയക്കുകയും വിമർശകരെ അരുക്കാക്കുകയും ചെയ്യുമ്പോൾ സ്തുതി പാഠകരുടേയും ഉദാസീനരുടേയും ഒരു തലമുറ ഉയർന്നുവരും. തിന്മകളോട് മസ്വ്‌ലഹത്താകുന്ന തലമുറ.
തിന്മ ചെയ്യാതിരിക്കുന്നതു പോലെ അതിനു കൂട്ടുനിൽക്കാതിരിക്കുന്നതും സർവ്വ ഊക്കോടെ അതിനെ ചെറുക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വ്യക്തിപരമായി കുറ്റം ചെയ്യുന്നവൻ മാത്രമല്ല പാപി, കുറ്റങ്ങളോട് നിസ്സംഗത പുലർത്തുന്നവനും പാപി തന്നെയാണ്. അതു കൊണ്ടാണ് ഉത്തമസമൂഹത്തിന്റെ യോഗ്യതയായി നന്മ കൽപ്പിക്കുന്നതോടൊപ്പം തിന്മ വിലക്കുന്നതിനേയും ഖുർആൻ എടുത്തു കാണിക്കുന്നത്. അരുതായ്മകൾ കാണുമ്പോൾ അത് നമ്മിൽ അസ്വസ്ഥത ഉണർത്തുന്നില്ലെങ്കിൽ നമ്മുടെ ഈമാൻ അതീവ ദുർബലമാണെന്ന് തിരിച്ചറിയണം.
കടപ്പാട് : മുജീബു റഹ്മാൻ കിനാലൂർ