അല്ലാഹുവിൽ പൂർണ്ണമായി വിശ്വാസമർപ്പിക്കുകയും അവന്റെ ഹിതത്തിന്ന് ജീവിതത്തെ വിധേയമാക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക് നേടാൻ കഴിയുന്ന വലിയൊരു സൗഭാഗ്യമാണ് ഭയമോ ദു:ഖമോ ബാധിക്കാത്ത ജീവിതം. സാക്ഷാൽ രക്ഷിതാവിനെ മാത്രം ഭയപ്പെടുന്നതിനാൽ മറ്റു മനുഷ്യരെ ബാധിക്കുന്ന ഭയത്തിൽ നിന്നെല്ലാം അവർ മുക്തരാകുന്നു. അല്ലാഹു ഇഷ്ടപ്പെടാത്തതൊന്നും പറയാതിരിക്കാനും പ്രവർത്തിക്കാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്നതു കൊണ്ട് അവർ ദു:ഖിക്കേണ്ട സ്ഥിതി സംജാതമാവുകയുമില്ല.
അല്ലാഹു പറയുന്നു : "ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം" [അദ്ധ്യായം 19 യൂനുസ് 62-64]
"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്" [അദ്ധ്യായം 46 അഹ്‌ഖാഫ് 13,14]
by ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി