ഖുർആൻ പാരായണം തൊഴിലാക്കുന്നരോട്‌

ഖുർആൻപാരായണം വെറും തൊഴിലാക്കി സ്വീകരിച്ചു വരുന്നവർ താഴെ കാണുന്ന രണ്ട്‌ ഹദീസുകൾ ഗൗനിക്കേണ്ടിയിരിക്കുന്നു.

ഒരിക്കൽ ഇംറാൻ (റ), ഒരു കഥാകാരൻ (വഅള് പറയുന്നവൻ) ഖുർആൻ ഓതുകയും പിന്നീട്‌ ജനങ്ങളോട്‌ സഹായം ചോദിക്കുകയും ചെയ്യുന്നത്‌ കണ്ടു. ഉടനെ അദ്ദേഹം 'ഇസ്തിർജാഉ്‌'* ചൊല്ലി. എന്നിട്ട്‌ പറഞ്ഞു : നബി (സ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു : "ഒരാൾ ഖുർആൻ ഓതുന്നതായാൽ അതിനുള്ള പ്രതിഫലം അല്ലാഹുവിനോട്‌ കേട്ടു കൊള്ളട്ടെ. എന്നാൽ വഴിയെ ചില ആളുകൾ വരാനുണ്ട്‌; അവർ ജനങ്ങളോട്‌ ചോദിക്കുവാനായി ഖുർആൻ ഓതുന്നതാണ്" [അഹ്മദ്‌, തുർമുദി]

ബുറൈറ (റ) ഉദ്ധരിക്കുന്ന മറ്റൊരു നബിവചനം ഇങ്ങനെ : "ആരെങ്കിലും ജനങ്ങളെപ്പറ്റിത്തിന്നുവാനായി ഖുർആൻ ഓതുന്നതായാൽ ഖിയാമത്തുനാളിൽ അവൻ മുഖത്ത്‌ മാംസമില്ലാതെ എല്ലു മാത്രമായിക്കൊണ്ട്‌ വരുന്നതാണ്" [ബൈഹഖി]

ജനങ്ങളോട്‌ യാചിച്ചു നടക്കുന്നത്‌ നബി (സ) കഠിനമായി ആക്ഷേപിച്ചിട്ടുള്ളതാണല്ലോ. യാചകൻ ഖിയാമത്തുനാളിൽ അവൻ മുഖത്തു മാംസമില്ലാത്ത വിധത്തിൽ വരുവാൻ അതും കാരണമാകുമെന്നും താക്കീതു ചെയ്തിരിക്കുന്നു. എന്നിരിക്കെ യാചനക്ക്‌ ഖുർആനെ ഒരു ആയുധം കൂടി ആക്കുമ്പോൾ അതു കൂടുതൽ ദോഷകരമാണെന്ന് പറയേണ്ടതില്ല. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ (ആമീൻ)

* വല്ല ആപത്തോ അപായമോ അറിയുമ്പോൾ ' انا لله و انا اليه راجعون  (നാമെല്ലാം അല്ലാഹുവിന്റേതാണ്. നാം അവനിലേക്ക്‌ തന്നെ മടങ്ങുന്നവരാണ്) എന്ന് പറയുന്നതിനെയാണ് ' ഇസ്തിർജാഅ്‌' എന്ന് പറയുന്നത്‌. മടക്കം കാണിക്കുക എന്ന് വാക്കർത്ഥം.

By മുഹമ്മദ്‌ അമാനി മൗലവി

Related Posts Plugin for WordPress, Blogger...

Popular YRC Posts