ഒരു കാലത്തും ഒരാൾക്കും കഴിയില്ല

🔸"നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).  നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌ [അദ്ധ്യായം 2 ബഖറ 23,24]🔸

മുഹമ്മദ്‌ നബി (സ) കൊണ്ടുവന്നിട്ടുള്ള ഈ ഖുർആൻ അല്ലാഹു അവതരിപ്പിച്ചതല്ലെന്നോ അത്‌ അദ്ദേഹമോ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലുമോ കെട്ടിച്ചമച്ചതാണെന്നോ അദ്ദേഹത്തിന്റെ ദിവ്യദൗത്യവാദം ശരിയല്ലെന്നോ വാദിക്കുകയോ സംശയിക്കുകയോ ചെയ്യുന്നവർക്കെല്ലാം - അവർ ഏതു കാല ദേശക്കാരനായാലും ശരി - ഒരു വമ്പിച്ച വെല്ലുവിളിയാണിത്‌.

വെല്ലുവിളി കൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. അല്ലാഹു അല്ലാത്ത മറ്റാരേയും നിങ്ങൾക്ക്‌ വിളിച്ചു കൂട്ടാം. എന്നാലും നിങ്ങൾക്ക്‌ ഒരു കാലത്തും അതിനു സാധ്യമല്ല എന്ന് അതോടൊപ്പം തന്നെ അല്ലാഹു തീർത്തുപറയുകയും ചെയ്തിരിക്കുന്നു. ഈ വെല്ലുവിളിയെ നേരിടുവാൻ കഴിയുകയില്ലെന്ന് ബോധ്യമായിട്ട്‌ പിന്നേയും പിന്മടങ്ങാത്ത പക്ഷം അതികഠിനമായ നരകശിക്ഷക്ക്‌ തയ്യാറായിക്കൊള്ളണമെന്നൊരു കനത്ത താക്കീതും അല്ലാഹു നൽകിയിരിക്കുന്നു. ഇവിടെ മാത്രമല്ല അദ്ധ്യായം ഹൂദിലും യൂനുസിലും അല്ലാഹു ഈ വെല്ലുവിളി ആവർത്തിച്ചിട്ടുണ്ട്‌.

by മുഹമ്മദ്‌ അമാനി മൗലവി

Related Posts Plugin for WordPress, Blogger...

Popular YRC Posts