▫വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ? നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി▫
[അദ്ധ്യായം 38 സ്വാദ് 28-29]
വളരെ അനുഗ്രഹീതമായ (ബർക്കത്തുള്ള) ഒരു പുണ്യഗ്രന്ഥമത്രെ ഖുർആൻ. എന്നാൽ കേവലം പുണ്യത്തിനു വേണ്ടി മാത്രം പാരായണം ചെയ്യാൻ വേണ്ടിയല്ല അതു അവതരിപ്പിച്ചതെന്നും അതിന്റെ സന്ദേശങ്ങൾ മനസ്സിലാക്കുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്യുവാൻ വേണ്ടിയാണ് അവതരിപ്പിച്ചതെന്നും മേൽ വചനങ്ങൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. ബർക്കത്തിനു വേണ്ടി മാത്രം ഖുർആൻ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവർ പ്രത്യേകം ഓർമ്മിക്കേണ്ടതുള്ള ആയത്തുകളാണിവ.
ഹസൻ ബസരി (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു : "ഖുർആന്റെ അർത്ഥസാരങ്ങൾ അറിയാത്ത കുട്ടികളും അടിമകളുമെല്ലാം അത് വായിക്കുന്നു. അവരതിന്റെ അക്ഷരങ്ങൾ പാഠമാക്കുകയും അതിന്റെ നിയമങ്ങൾ പാഴാക്കുകയും ചെയ്യുന്നു. ഒരാൾ പറഞ്ഞേക്കും; താൻ ഖുർആന്റെ ഒരക്ഷരവും ബാക്കിയില്ലാതെ പഠിച്ചിരിക്കുന്നുവെന്ന്. എന്നാൽ അല്ലാഹുവാണെ സത്യം! അവൻ ഒന്നും പഠിക്കാതെ സകലതും വിട്ടുകളഞ്ഞിരിക്കുകയാണ്. അവന്റെ സ്വഭാവത്തിലോ പ്രവൃത്തിയിലോ അത് പഠിച്ചതിന്റെ ഒരടയാളവും കാണപ്പെടുകയില്ല. സത്യമായും ഖുർആൻ പഠനം എന്നത് അതിന്റെ അക്ഷരം പഠിക്കലും നിയമം പാഴാക്കലുമല്ല. അങ്ങിനെയുള്ളവർ വിജ്ഞാനികളൊ മതസംരക്ഷകരോ അല്ല. അത്തരക്കാരെ അല്ലാഹു വർദ്ധിപ്പിക്കാതിരിക്കട്ടെ!"
by മുഹമ്മദ് അമാനി മൗലവി