റബ്ബനാ ആതിനാ ഫിദ്ദുന്യാ ഹസന

"മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്‌. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.  മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.  അവര്‍ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്‌" [ അദ്ധ്യായം 2 ബഖറ 200 - 202]

ചില മനുഷ്യർ അല്ലാഹുവിനെ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുമെങ്കിലും അവർക്ക്‌ ഐഹികമായ കാര്യങ്ങൾ മാത്രമേ ലക്ഷ്യമുണ്ടായിരിക്കുകയുള്ളൂ. 'റബ്ബേ, ഞങ്ങൾക്ക്‌ ഇഹത്തിൽ ഇന്നിന്ന കാര്യങ്ങൾ നൽകേണമേ!' എന്നായിരിക്കും അവരുടെ പ്രാർഥന.
പരലോക കാര്യങ്ങളെക്കുറിച്ച്‌ അവർക്ക്‌ പ്രാർഥിക്കുവാനുണ്ടായിരിക്കുകയില്ല. ഇങ്ങനെയുള്ളവർക്ക്‌ പരലോകത്ത്‌ ഒന്നും ലഭിക്കുകയില്ല. ഐഹിക ആവശ്യങ്ങളാവട്ടെ അല്ലാഹു ഉദ്ദേശിച്ച അളവിൽ ലഭിക്കുകയും ചെയ്യും.

വേറൊരു വിഭാഗം ആളുകളുണ്ട്‌. അവർ ഐഹികവും പാരത്രികവുമായ നന്മക്ക്‌ വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കും. 'റബ്ബേ, ഞങ്ങൾക്ക്‌ ഇഹത്തിലും പരത്തിലും നന്മ നൽകേണമേ!' എന്നായിരിക്കും അവർ പ്രാർഥിക്കുക. അതെ, ആരോഗ്യം, സമാധാന ജീവിതം, ആവശ്യത്തിനുള്ള ധനം, പാർപ്പിടം, നല്ല വീട്ടുകാർ, ജനസമ്മിതി, അറിവ്‌, വ്ജ്ഞാനം, സൽകർമ്മം ചെയ്യാനുള്ള സൗകര്യം, ആപത്തുകളിൽ നിന്നും വിഷമങ്ങളിൽ നിന്നുമുള്ള രക്ഷ തുടങ്ങിയ ലൗകികമായ എല്ലാ നന്മകൾക്കുവേണ്ടിയും അവർ പ്രാർഥിക്കും. എന്നാൽ അവരുടെ ലക്ഷ്യം അതുകൊണ്ടവസാനിക്കുന്നില്ല. അല്ലാഹുവിന്റെ പ്രീതി, പാപമോചനം, സ്വർഗ്ഗീയാനുഗ്രഹങ്ങൾ തുടങ്ങിയ നന്മകൾ ലഭിക്കലായിരിക്കും അവരുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട്‌ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക്‌ കാരണമാകുന്ന പ്രവൃത്തികൾ ചെയ്ത്‌ നരകശിക്ഷക്ക്‌ വിധേയരാവാതെ ഞങ്ങളെ കാത്തുരക്ഷിക്കണേ എന്നുകൂടി അവർ പ്രാർഥിക്കും. ഇങ്ങനെയുള്ളവർക്കും മറ്റുള്ളവരെപ്പോലെ ഇഹത്തിൽ വെച്ച്‌ അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ ലഭിക്കും. പരലോകത്തിലാകട്ടെ അവരുടെ പ്രാർഥനകളും കർമ്മങ്ങളുമായി അവർ ഇഹത്തിൽ വെച്ച്‌ സമ്പാദിച്ച നേട്ടങ്ങൾക്കനുസരിച്ച്‌ അതിമഹത്തായ ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു.

ഈ രണ്ടുതരം പ്രാർഥനകളിൽ ഏതാണ് മാതൃകായോഗ്യമെന്നും ഏതാണ് സ്വീകരിക്കേണ്ടതെന്നും ആലോചിച്ച്‌ ഉചിതമായത്‌ അനുഷ്ടിച്ചു കൊള്ളുക എന്ന് സാരം.

By മുഹമ്മദ്‌ അമാനി മൗലവി

ഖുർആൻ പാരായണം തൊഴിലാക്കുന്നരോട്‌

ഖുർആൻപാരായണം വെറും തൊഴിലാക്കി സ്വീകരിച്ചു വരുന്നവർ താഴെ കാണുന്ന രണ്ട്‌ ഹദീസുകൾ ഗൗനിക്കേണ്ടിയിരിക്കുന്നു.

ഒരിക്കൽ ഇംറാൻ (റ), ഒരു കഥാകാരൻ (വഅള് പറയുന്നവൻ) ഖുർആൻ ഓതുകയും പിന്നീട്‌ ജനങ്ങളോട്‌ സഹായം ചോദിക്കുകയും ചെയ്യുന്നത്‌ കണ്ടു. ഉടനെ അദ്ദേഹം 'ഇസ്തിർജാഉ്‌'* ചൊല്ലി. എന്നിട്ട്‌ പറഞ്ഞു : നബി (സ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു : "ഒരാൾ ഖുർആൻ ഓതുന്നതായാൽ അതിനുള്ള പ്രതിഫലം അല്ലാഹുവിനോട്‌ കേട്ടു കൊള്ളട്ടെ. എന്നാൽ വഴിയെ ചില ആളുകൾ വരാനുണ്ട്‌; അവർ ജനങ്ങളോട്‌ ചോദിക്കുവാനായി ഖുർആൻ ഓതുന്നതാണ്" [അഹ്മദ്‌, തുർമുദി]

ബുറൈറ (റ) ഉദ്ധരിക്കുന്ന മറ്റൊരു നബിവചനം ഇങ്ങനെ : "ആരെങ്കിലും ജനങ്ങളെപ്പറ്റിത്തിന്നുവാനായി ഖുർആൻ ഓതുന്നതായാൽ ഖിയാമത്തുനാളിൽ അവൻ മുഖത്ത്‌ മാംസമില്ലാതെ എല്ലു മാത്രമായിക്കൊണ്ട്‌ വരുന്നതാണ്" [ബൈഹഖി]

ജനങ്ങളോട്‌ യാചിച്ചു നടക്കുന്നത്‌ നബി (സ) കഠിനമായി ആക്ഷേപിച്ചിട്ടുള്ളതാണല്ലോ. യാചകൻ ഖിയാമത്തുനാളിൽ അവൻ മുഖത്തു മാംസമില്ലാത്ത വിധത്തിൽ വരുവാൻ അതും കാരണമാകുമെന്നും താക്കീതു ചെയ്തിരിക്കുന്നു. എന്നിരിക്കെ യാചനക്ക്‌ ഖുർആനെ ഒരു ആയുധം കൂടി ആക്കുമ്പോൾ അതു കൂടുതൽ ദോഷകരമാണെന്ന് പറയേണ്ടതില്ല. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ (ആമീൻ)

* വല്ല ആപത്തോ അപായമോ അറിയുമ്പോൾ ' انا لله و انا اليه راجعون  (നാമെല്ലാം അല്ലാഹുവിന്റേതാണ്. നാം അവനിലേക്ക്‌ തന്നെ മടങ്ങുന്നവരാണ്) എന്ന് പറയുന്നതിനെയാണ് ' ഇസ്തിർജാഅ്‌' എന്ന് പറയുന്നത്‌. മടക്കം കാണിക്കുക എന്ന് വാക്കർത്ഥം.

By മുഹമ്മദ്‌ അമാനി മൗലവി

ഒരു കാലത്തും ഒരാൾക്കും കഴിയില്ല

🔸"നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).  നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌ [അദ്ധ്യായം 2 ബഖറ 23,24]🔸

മുഹമ്മദ്‌ നബി (സ) കൊണ്ടുവന്നിട്ടുള്ള ഈ ഖുർആൻ അല്ലാഹു അവതരിപ്പിച്ചതല്ലെന്നോ അത്‌ അദ്ദേഹമോ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലുമോ കെട്ടിച്ചമച്ചതാണെന്നോ അദ്ദേഹത്തിന്റെ ദിവ്യദൗത്യവാദം ശരിയല്ലെന്നോ വാദിക്കുകയോ സംശയിക്കുകയോ ചെയ്യുന്നവർക്കെല്ലാം - അവർ ഏതു കാല ദേശക്കാരനായാലും ശരി - ഒരു വമ്പിച്ച വെല്ലുവിളിയാണിത്‌.

വെല്ലുവിളി കൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. അല്ലാഹു അല്ലാത്ത മറ്റാരേയും നിങ്ങൾക്ക്‌ വിളിച്ചു കൂട്ടാം. എന്നാലും നിങ്ങൾക്ക്‌ ഒരു കാലത്തും അതിനു സാധ്യമല്ല എന്ന് അതോടൊപ്പം തന്നെ അല്ലാഹു തീർത്തുപറയുകയും ചെയ്തിരിക്കുന്നു. ഈ വെല്ലുവിളിയെ നേരിടുവാൻ കഴിയുകയില്ലെന്ന് ബോധ്യമായിട്ട്‌ പിന്നേയും പിന്മടങ്ങാത്ത പക്ഷം അതികഠിനമായ നരകശിക്ഷക്ക്‌ തയ്യാറായിക്കൊള്ളണമെന്നൊരു കനത്ത താക്കീതും അല്ലാഹു നൽകിയിരിക്കുന്നു. ഇവിടെ മാത്രമല്ല അദ്ധ്യായം ഹൂദിലും യൂനുസിലും അല്ലാഹു ഈ വെല്ലുവിളി ആവർത്തിച്ചിട്ടുണ്ട്‌.

by മുഹമ്മദ്‌ അമാനി മൗലവി

കഴിവനുസരിച്ച്‌ മാത്രം പ്രവർത്തിച്ചാൽ മതി

🔸വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും [അദ്ധ്യായം 7 അഅറാഫ്‌ 42]🔸

സത്യവിശ്വാസികളുടെ പര്യവസാനം എങ്ങനെയായിരിക്കുമെന്ന് അല്ലാഹു ഈ വചനത്തിൽ വിവരിക്കുന്നു. വിശ്വാസം കൊണ്ട്‌ മാത്രം മതിയാക്കാൻ പാടില്ലെന്നും അതോടുകൂടി സൽകർമ്മങ്ങൾ പ്രവർത്തിക്കൽ അനിവാര്യമാണെന്നും മറ്റു പലേടത്തുമെന്നപോലെ ഇവിടേയും അല്ലാഹു ഉണർത്തുന്നു. സൽക്കർമ്മങ്ങളെപ്പറ്റി പറഞ്ഞപ്പോൾ ഓരോരുത്തരുടേയും കഴിവിനനുസരിച്ചല്ലാതെ ആരോടും ശാസിക്കുകയില്ലെന്ന് ഇടക്ക്‌ വെച്ച്‌ പ്രത്യേകം ഉണർത്തിയത്‌ ശ്രദ്ധേയമാകുന്നു. പ്രവർത്തിക്കുവാനുള്ള കഴിവ്‌ എല്ലാവർക്കും ഒരുപോലെയുണ്ടായിരിക്കുകയില്ലല്ലോ. അതുകൊണ്ട്‌ ഓരോ വ്യക്തിയുടേയും കഴിവും സാധ്യതയും അനുസരിച്ച്‌ സൽക്കർമ്മങ്ങൾ ചെയ്യണമെന്നേ നിർബന്ധമുള്ളൂവെന്ന് താൽപര്യം.

By മുഹമ്മദ്‌ അമാനി മൗലവി

നിലപാട്‌ മാറ്റിയാൽ നന്നാവും

🔸ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല. [അദ്ധ്യായം 13 റഅദ്‌ 11]🔸

ഒരു ജനത അവരുടെ സ്ഥിതിഗതികളിൽ മാറ്റം വരുത്തുന്നതു വരെ അല്ലാഹു അവരുടെ സ്ഥിതിയിൽ മാറ്റം വരുത്തുകയില്ല. ഒരു ജനസമൂഹത്തിന്റെ അഭിവൃദ്ധിക്കോ ഭദ്രതക്കോ സമാധാനത്തിനോ തകരാർ ബാധിക്കുന്നുവെങ്കിൽ അത്‌ അവരുടെ തന്നെ ചെയ്തികളുടെ ഫലമായിട്ടായിരിക്കുമെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും ആ ചെയ്തികളിൽ പങ്കുണ്ടാകണമെന്നില്ല. ചിലപ്പോൾ അവരിൽപെട്ട ഒരു വിഭാഗത്തിന്റേയോ ചില വ്യക്തികളുടേയോ ചെയ്തികളായിരിക്കും സമൂഹത്തിനു പൊതുവേ നാശകരമായി കലാശിക്കുന്നത്‌.

ഏതെങ്കിലും ഒരു കൂട്ടർക്ക്‌ വല്ല തിന്മയും ബാധിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചാൽ പിന്നെ അതിനു യാതൊരു തടസ്സവും ഉണ്ടാവുകയില്ല. രോഗം, ക്ഷാമം, പരാജയം, ഭയം, ദേഹനഷ്ടം, ധനനഷ്ടം തുടങ്ങിയ എല്ലാതരം തിന്മകളും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ അവരിൽ നിന്നുള്ള ചില പ്രത്യേക കാരണമോ യുക്തമായ ലക്ഷ്യമോ കൂടാതെ അങ്ങിനെ അല്ലാഹു ഉദ്ദേശിക്കുകയില്ലെന്ന് തീർച്ച തന്നെ. അല്ലാഹു അങ്ങനെ ഉദ്ദേശിച്ചു കഴിഞ്ഞാൽ പിന്നെ ഒരാൾക്കും ഒരു കാരണത്താലും അത്‌ തടയുവാൻ സാധിക്കില്ല എന്ന് സാരം.

മനുഷ്യരുടെ കൈകാര്യങ്ങൾ നടത്തുന്ന യഥാർത്ഥ രക്ഷാധികാരി അല്ലാഹുവല്ലാതെ മറ്റാരുമല്ല. മലക്കുകൾക്കോ ജിന്നുകൾക്കോ പുണ്യാത്മാക്കൾക്കോ ദിവ്യന്മാർക്കോ ഒന്നും തന്നെ അതിൽ പങ്കില്ല. മനുഷ്യർക്ക്‌ വല്ല ഗുണമോ ദോഷമോ ചെയ്‌വാനും നന്മയോ തിന്മയോ നൽകുവാനുള്ള യഥാർത്ഥ കഴിവു അല്ലാഹുവിനു മാത്രമേയുള്ളൂ.

by മുഹമ്മദ്‌ അമാനി മൗലവി

അല്ലാഹുവിന്റെ സ്‌നേഹം

ഖുര്‍ആന്‍ പറയുന്നു: ”(നബിയേ) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”
[അദ്ധ്യായം 3 ആലു ഇംറാൻ 31]

നബി(സ)പറഞ്ഞു: അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ(അ) വിളിച്ചറിയിക്കും: തീർച്ചയായും അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. അതിനാൽ നീയും അയാളെ ഇഷ്ടപ്പെടുക . അപ്പോൾ ജിബ്‌രീൽ(അ) അയാളെ ഇഷ്ടപ്പെടുകയും ആകാശലോകത്തുള്ളവരോടായി വിളിച്ച് പറയുകയും ചെയ്യും: അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. നിങ്ങളും ഇഷ്ടപ്പെടുവിൻ. അപ്പോൾ ആകാശലോകത്തുള്ളവരെല്ലാം അയാളെ ഇഷ്ടപ്പെടും. പീന്നീട് ഭൂമി ലോകത്തും അയാൾക്ക് സ്വീകാര്യതയുണ്ടാക്കപ്പെടുന്നു. (മുസ് ലിം)

By കെ എം ഫൈസി തരിയോട്‌

നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്‌?

അല്ലാഹുവിന്‍റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്‌.  തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്‌? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.  

നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങള്‍ക്ക് എതിരില്‍ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങള്‍ (അവയില്‍ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിക്കതും അല്ലാഹു അറിയില്ലെന്നാണ്‌. അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു.

അദ്ധ്യായം 41 ഫുസ്സിലത്ത്‌ 19 - 23

വിനോദങ്ങള്‍ അതിരുവിട്ടാല്‍

അനുവദിക്കപ്പെട്ട വിനോദം ആവശ്യത്തിന്ന്‍ ആകാം .എന്നാൽ ഉത്തരവാദിത്തങ്ങളും 
അനുഷ്ഠാനങ്ങളും മറന്നുള്ള വിനോദം ആപത്താണ്.

ഖുർആൻ പറയുന്നു : "നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്‌.  (അതായത്‌) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു"
[അദ്ധ്യായം 7 അഅ്‌റാഫ്‌ 50,51]

"ഐഹികജീവിതമെന്നത്‌ കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ്‌ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌?" [അദ്ധ്യായം 6 അൻആം 32]

By കെ എം ഫൈസി തരിയോട്‌

മരണം സംഭവിക്കുമെന്ന ഓർമ്മ

"ആത്മാവിന്റെ കാര്യത്തിലായിരിക്കണം നീ കൂടുതൽ ശ്രദ്ധിക്കേണ്ടത്‌. മരണം സംഭവിക്കുമെന്ന ഓർമ്മ നിന്നോടൊപ്പം എപ്പോഴും ഉണ്ടാവട്ടെ. ഖബ്‌റാണ് നിന്റെ വീട്‌. നിന്നേയും കാത്തിരിക്കുന്ന ആ വീടിനെക്കുറിച്ചുള്ള ഓർമ്മ നിന്നിൽ നിന്ന് വിട്ടൊഴിയാതിരിക്കണം. തഹജ്ജുദ്‌ നമസ്കാരം നിന്റെ ശീലമാകട്ടെ. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ റബ്ബിന് ഒരുപാടിഷ്ടമാണെന്ന് റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്‌. അതിനാൽ ആ സമയത്ത്‌ അലസന്മാരെപ്പോലെ നീ ഉറങ്ങരുത്‌. അധികമായി സംസാരിക്കുന്ന നാവും അശ്രദ്ധയും ലൈംഗികമോഹം നിറഞ്ഞ മനസ്സും ദൗർഭാഗ്യത്തിന്റെ ലക്ഷണങ്ങളാണ്. കടുത്ത ആത്മ പരിശീലനം കൊണ്ട്‌ മനോമോഹങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ നിന്റെ അറിവുകളൊന്നും നിനക്ക്‌ ഉപകാരപ്പെടുകയോ നിന്റെ ഹൃദയത്തിൽ പ്രകാശമുണ്ടാവുകയോ ഇല്ല "

ഇമാം ഗസ്സാലി

സൽകർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ

🔹അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽകർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ🔹

ഖുര്‍ആന്‍ പറയുന്നു: ”നല്ലതായ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങൾ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.”
(2 Baqara 272)

അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ധർമ്മം ചെയ്തത് കാരണമായി ഒരു സ്വത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാൾക്കും പ്രതാപം വർദ്ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിന്‌വേണ്ടി ആരെങ്കിലും കീഴൊതുങ്ങിയാൽ അയാളെ അല്ലാഹു ഉയർത്തുകതന്നെ ചെയ്യും. ( മുസ്‌ലിം)

By കെ എം ഫൈസി തരിയോട്‌

ഭയമോ ദു:ഖമോ ബാധിക്കാത്ത ജീവിതം

അല്ലാഹുവിൽ പൂർണ്ണമായി വിശ്വാസമർപ്പിക്കുകയും അവന്റെ ഹിതത്തിന്ന് ജീവിതത്തെ വിധേയമാക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക്‌ നേടാൻ കഴിയുന്ന വലിയൊരു സൗഭാഗ്യമാണ് ഭയമോ ദു:ഖമോ ബാധിക്കാത്ത ജീവിതം. സാക്ഷാൽ രക്ഷിതാവിനെ മാത്രം ഭയപ്പെടുന്നതിനാൽ മറ്റു മനുഷ്യരെ ബാധിക്കുന്ന ഭയത്തിൽ നിന്നെല്ലാം അവർ മുക്തരാകുന്നു. അല്ലാഹു ഇഷ്ടപ്പെടാത്തതൊന്നും പറയാതിരിക്കാനും പ്രവർത്തിക്കാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്നതു കൊണ്ട്‌ അവർ ദു:ഖിക്കേണ്ട സ്ഥിതി സംജാതമാവുകയുമില്ല.

അല്ലാഹു പറയുന്നു : "ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.  വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം" [അദ്ധ്യായം 19 യൂനുസ്‌ 62-64]

"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌" [അദ്ധ്യായം 46 അഹ്‌ഖാഫ്‌ 13,14]

by ചെറിയമുണ്ടം അബ്ദുൽഹമീദ്‌ മദനി

പള്ളി പരിപാലകര്‍ ആരായിരിക്കണം

പള്ളികൾ അല്ലഹുവിന്റെ ഭവനങ്ങളാണ്. അവയെ ആരാധനകളും സന്മാർഗ്ഗ ഉപദേശങ്ങളും കൊണ്ട് പരിപലിക്കണം . അല്ലഹുവല്ലാത്തവരോടുള്ള പ്രാർത്ഥന പോലെയുള്ള വലിയതോ ചെറിയതോ ആയ പാപങ്ങളും അതിൻറെ മഹത്വത്തിന് യോജിക്കാത്ത പ്രവർത്തനങ്ങളും അവിടെ ചെയ്യുന്നത് ഗൗരവമുള്ളതാണ്.

ഖുർആൻ പറയുന്നു : "അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം" [അദ്ധ്യായം 9 തൗബ 18]

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തു : "പതിവായി പള്ളിയില്‍ പോകുന്നവരെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അവന് ഈമാനുണ്ടെന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളു. അല്ലാഹു പറഞ്ഞിട്ടുണ്ട്; 'നിശ്ചയം, അല്ലാഹുവിനും അന്ത്യദിനത്തിലും വിശ്വാസമുള്ളവരേ അല്ലാഹുവിന്റെ പള്ളി പരിപാലിക്കുകയുള്ളു'" [തിര്‍മിദി]

കെ എം ഫൈസി തരിയോട്‌

ഈസാ നബി (അ ) ദൈവമല്ല ,ദൈവപുത്രനുമല്ല

ഈസാ നബി (അ ) ; പ്രവാചകരില്‍ ഒരാള്‍. അദ്ദേഹം ദൈവമല്ല ,ദൈവപുത്രനുമല്ല , മറിച്ച്‌ മഹാനായ മനുഷ്യനും ദൈവത്തിന്റെ ദൂതനും വിശുദ്ധനുമാണ്. ഈസാ നബിയെ ക്രൂശിക്കാന്‍ കഴിഞ്ഞില്ല.

ഖുർആൻ പറയന്നു : "അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും" [അദ്ധ്യായം 4 നിസാ 157 - 159]

by കെ എം ഫൈസി

ഖുർആൻ പഠനം എന്നത്‌ അതിന്റെ അക്ഷരം പഠിക്കലും നിയമം പാഴാക്കലുമല്ല

▫വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?  നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി▫ 
[അദ്ധ്യായം 38 സ്വാദ്‌ 28-29]

വളരെ അനുഗ്രഹീതമായ (ബർക്കത്തുള്ള) ഒരു പുണ്യഗ്രന്ഥമത്രെ ഖുർആൻ. എന്നാൽ കേവലം പുണ്യത്തിനു വേണ്ടി മാത്രം പാരായണം ചെയ്യാൻ വേണ്ടിയല്ല അതു അവതരിപ്പിച്ചതെന്നും അതിന്റെ സന്ദേശങ്ങൾ മനസ്സിലാക്കുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്യുവാൻ വേണ്ടിയാണ് അവതരിപ്പിച്ചതെന്നും മേൽ വചനങ്ങൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. ബർക്കത്തിനു വേണ്ടി മാത്രം ഖുർആൻ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവർ പ്രത്യേകം ഓർമ്മിക്കേണ്ടതുള്ള ആയത്തുകളാണിവ.

ഹസൻ ബസരി (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു : "ഖുർആന്റെ അർത്ഥസാരങ്ങൾ അറിയാത്ത കുട്ടികളും അടിമകളുമെല്ലാം അത്‌ വായിക്കുന്നു. അവരതിന്റെ അക്ഷരങ്ങൾ പാഠമാക്കുകയും അതിന്റെ നിയമങ്ങൾ പാഴാക്കുകയും ചെയ്യുന്നു. ഒരാൾ പറഞ്ഞേക്കും; താൻ ഖുർആന്റെ ഒരക്ഷരവും ബാക്കിയില്ലാതെ പഠിച്ചിരിക്കുന്നുവെന്ന്. എന്നാൽ അല്ലാഹുവാണെ സത്യം! അവൻ ഒന്നും പഠിക്കാതെ സകലതും വിട്ടുകളഞ്ഞിരിക്കുകയാണ്. അവന്റെ സ്വഭാവത്തിലോ പ്രവൃത്തിയിലോ അത്‌ പഠിച്ചതിന്റെ ഒരടയാളവും കാണപ്പെടുകയില്ല. സത്യമായും ഖുർആൻ പഠനം എന്നത്‌ അതിന്റെ അക്ഷരം പഠിക്കലും നിയമം പാഴാക്കലുമല്ല. അങ്ങിനെയുള്ളവർ വിജ്ഞാനികളൊ മതസംരക്ഷകരോ അല്ല. അത്തരക്കാരെ അല്ലാഹു വർദ്ധിപ്പിക്കാതിരിക്കട്ടെ!"

by മുഹമ്മദ്‌ അമാനി മൗലവി

തോട്ടത്തിൽ നിന്ന് തീൻ മേശയിലേക്ക്‌ സുരക്ഷിത ഭക്ഷണം

◀ലോക ആരോഗ്യദിന (ഏപ്രിൽ 7) ചിന്തകൾ▶

വിഷമയമായ ഭക്ഷണത്തിൽ നിന്നും അതിലുണ്ടാകുന്ന മാരക രോഗത്തിൽ നിന്നും മോചനത്തിന് "തോട്ടത്തിൽ നിന്ന് തീൻ മേശയിലേക്ക്‌ സുരക്ഷിത ഭക്ഷണം".

ഖുർആൻ പറയുന്നു : "പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത്‌ അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതിന്‍റെ വിളവെടുപ്പ്‌ ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത്‌ വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല" [അദ്ധ്യായം 6 അൻആം 141]

"മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന്‌ അനുവദനീയവും, വിശിഷ്ടവുമായത്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു" [അദ്ധ്യായം 2 ബഖറ 168]

by കെ എം ഫൈസി തരിയോട്‌

Related Posts Plugin for WordPress, Blogger...

Popular YRC Posts