റമദാന്‍ ആഘോഷമല്ല, അനുഷ്ടാനമാണ്



മൂന്ന്‌ തരം നോമ്പുകാരാണ്‌ സമൂഹത്തില്‍ ഉള്ളത്‌. പാരമ്പര്യമായി നോമ്പിനെ കാണുന്നവര്‍. നിലകൊള്ളുന്ന സമൂഹത്തിന്റെ മാനസികാവസ്ഥക്കനുസൃതമായി നോമ്പെടുക്കുന്നവര്‍. ശഅ്‌ബാനും ശവ്വാലും പോലെ തന്നെയാണ്‌ അവര്‍ക്ക്‌ റമദാന്‍. ഈ നോമ്പിന്‌ ചൈതന്യമുണ്ടാകുകയില്ല. കാലത്തിന്റെ കറക്കത്തില്‍ യാന്ത്രികമായി ചെയ്യുന്നുവെന്ന്‌ മാത്രം. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ കാലമായി റമദാനിനെ കാണുന്നവരുമുണ്ട്‌. പകല്‍ പട്ടിണി കിടക്കുന്നത്‌ നോമ്പ്‌ തുറക്കുന്നതിന്റെ ആനന്ദം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കും. ഇവിടെയും നോമ്പിന്റെ ദൗത്യം പൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നില്ല. വിശ്വാസത്തിന്റെയും പ്രതിഫല മോഹത്തിന്റെയും അടിസ്ഥാനത്തില്‍ നോമ്പെടുക്കുന്നവരാണ്‌ മൂന്നാം വിഭാഗം. നോമ്പ്‌ സ്വീകരിക്കപ്പെടുന്നതും അതിലൂടെ ആജീവനാന്ത ഗുണഫലങ്ങള്‍ നേടാന്‍ കഴിയുന്നതും ഇവര്‍ക്ക്‌ മാത്രമാണ്‌. ``വിശ്വാസത്തോടെയും പ്രതിഫലമാഗ്രഹിച്ചും നോമ്പെടുക്കുന്നവന്‌ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌'' (ബുഖാരി,മുസ്‌ലിം) എന്ന നബിവചനം വ്രതാനുഷ്‌ഠാനത്തിന്റെ ഈ അതുല്യനേട്ടങ്ങളാണ്‌ എടുത്തുകാണിക്കുന്നത്‌. 

റമദാനിനെ വിശദീകരിച്ചുകൊണ്ട്‌ നബി(സ) പറഞ്ഞിരിക്കുന്ന പദപ്രയോഗങ്ങളും അതിന്റെ സംസ്‌കരണമാനങ്ങളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌:``നോമ്പ്‌ ഒരു പരിചയാണ്‌. അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയെപ്പോലെയാണത്‌.'' (ഇമാം അഹ്‌മദ്‌) ``നോമ്പിന്റെ നാളുകളില്‍ അനാവശ്യം പറയുകയോ കോലാഹലമുണ്ടാക്കുകയോ അരുത്‌. ആ രൂപത്തില്‍ ആരെങ്കിലും സമീപിച്ചാല്‍, താന്‍ നോമ്പുകാരനാണെന്ന്‌ അവനോട്‌ പറയുക'' (ബുഖാരി,മുസ്‌ലിം). ``കള്ളവാക്കുകളും അത്തരം പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട്‌ അല്ലാഹുവിന്‌ ഒരു കാര്യവുമില്ല.'' (ബുഖാരി) വ്രതാനുഷ്‌ഠാനം നല്‌കുന്ന സംസ്‌കരണം പ്രാവര്‍ത്തികമാകേണ്ട മേഖലകളാണ്‌ മേല്‍ നബിവചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. വിശ്വാസിയുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളുമാണ്‌ ഇങ്ങനെ സംസ്‌കൃതമാകുന്ന മേഖലകള്‍. അനുബന്ധമായി വൈകാരികതകളുംസമീപനങ്ങളും ഇടപെടലുകളും കുറ്റമറ്റതാക്കാനും അവന്‌ കഴിയുന്നു. വ്യക്തിത്വത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ സംസ്‌കരണ പ്രക്രിയക്ക്‌ മങ്ങലേല്‌ക്കുമ്പോള്‍ അത്‌ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്‌ വര്‍ഷത്തില്‍ ഒരിക്കല്‍ റമദാന്‍ സമാഗതമാകുന്നത്‌. 

ആത്മാവിന്‌ ലഭിക്കുന്ന നവചൈതന്യം പട്ടിണി ദിനങ്ങള്‍ക്ക്‌ ആനന്ദം പകരുന്നു. നോമ്പുകാരന്‌ രണ്ട്‌ ആനന്ദങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെന്നാണ്‌ മുഹമ്മദ്‌ നബി(സ) പറയുന്നത്‌. നോമ്പു തുറക്കുമ്പോഴുള്ള ആനന്ദമാണ്‌ അതില്‍ ഒന്ന്‌. പരലോകത്ത്‌ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ ആണ്‌ രണ്ടാമത്തേത്‌. നോമ്പിലൂടെ ലഭിക്കുന്ന അതുല്യമായ സൗഭാഗ്യമാണിത്‌. ദീര്‍ഘനേരം പട്ടിണി കിടന്നതിനു ശേഷം ഭക്ഷണം കഴിക്കുന്ന ആര്‍ക്കും ആദ്യത്തെ ആനന്ദം അനുഭവിക്കാം. അതിന്‌ പ്രത്യേകമായ വിശ്വാസമോ സംസ്‌കരണമോ ആവശ്യമില്ല. സ്വയം ശുദ്ധീകരണത്തിന്‌ സഹായകമാകാത്ത നോമ്പ്‌, ഭക്ഷണം കഴിക്കുന്നതോടെ അതിന്റെ പ്രതിഫലവും പൂര്‍ത്തിയായി.


 more read about ramadan click : പുണ്യങ്ങളുടെ പൂക്കാലം

ആത്മസംസ്കരണത്തിന്റെ പതിനഞ്ചു കാര്യങ്ങള്‍




  1. ഈമാന്‍ ദ്രവിക്കരുത്
  2. അല്ലാഹുവിനെ പറ്റിയുള്ള സംതൃപ്തി, വിലക്കുകള്‍ സൂക്ഷിക്കുക. കല്പിച്ചതു പ്രവര്‍ത്തിക്കുക. അനുഗ്രഹങ്ങള്‍ വീതിച്ചുനല്കുക
  3. ഭൌതീക ആഗ്രഹങ്ങളെ നിയന്ത്രിക്കുക.
  4. തിന്മയും ദുസ്വഭാവവും വെടിയുക.
  5. ദൈവ സാമീപ്യം നേടാന്‍ ശ്രമിക്കുക. നാം ഒരു ചാണ്‍ അല്ലാഹുവിലേക്ക് അടുക്കുമ്പോള്‍ അവന്‍ നമ്മിലേക്ക്‌ ഒരു മുഴം അടുക്കുന്നു.
  6. നമ്മോടൊപ്പം അല്ലാഹു ഉണ്ടെന്നു ഇപ്പോഴും കരുതണം. ഏറ്റവും ഉല്‍കൃഷ്ടമായ ഈമാന്‍ എവിടെയായാലും അല്ലാഹു കൂടെയുണ്ടെന്ന വിശ്വാസമാണ്.
  7. സല്പ്രവര്തനങ്ങളില്‍ മത്സരിക്കുക
  8. അല്ലാഹുവിന്റെ വലിയ്യ്‌ (ത്രിപ്തിപെട്ട അടിമ) ആകുക. ആരെ കാണുംബോഴാണോ അല്ലാഹുവിനെ ഓര്‍മവരുന്നത് അവരാണ് ഏറ്റവും ഉല്‍കൃഷ്ടര്‍
  9. ഇഹലോകം പ്രവര്തനതിന്റെവും പരലോകം വിചാരനയുടെയും സമയമാണെന്ന് തിരിച്ചറിയുക.
  10. اللهم إني أعوذ بك من العجز والكسل والبخل والهرم وعذاب القبر ، اللهم آت نفسي تقواها زكها انت خير من زكاها ، أنت وليها ومولاها .اللهم إني أعوذ بك من علم لا ينفع ، ومن قلب لا يخشع ، ومن نفس لا تشبع ، ومن دعوة لا يستجاب لها. اللهم إني أعوذ بك من العجز والكسل والبخل والهرم وعذاب القبر ---- ആത്മസംസ്കരണത്തിന്റെ പ്രാര്‍ത്ഥന:
  11. പ്രവര്‍ത്തനങ്ങളില്‍ ഇഖ്ലാസ് (നിഷ്കളങ്കത) ഉണ്ടാവുക
  12. സല്കര്‍മങ്ങള്‍ക്ക് അല്ലാഹുവിന്റെ പ്രതിഭലം പ്രതീക്ഷിക്കുക.
  13. പശ്ചാത്താപചിന്ത ഉണ്ടായിരിക്കുക.
  14. അല്ലാഹുവിനെ നാവുകൊണ്ടും മനസ്സിലും ഓര്‍ക്കുവാനുള്ള ദിക്റുകളും തസ്ബീഹുകളും പഠിച്ചു ശീലമാക്കുക, അധികരിപ്പിക്കുക
  15. പ്രാര്‍ത്ഥനകള്‍ പഠിച്ചു സ്ഥിരമായി ശീലമാക്കുക

മഴ : ദൈവത്തിന്റെ മഹത്തായ അനുഗ്രഹം

മഴക്കാലത്തെ ചുറ്റിപ്പറ്റി ധാരാളം അബദ്ധധാരണകള്‍ മനുഷ്യര്‍ക്കിടയിലുണ്ട്. പ്രത്യേകിച്ചും ബഹുദൈവ വിശ്വാസികള്‍ അധികമുള്ള സമൂഹത്തില്‍ . ദേവന്മാരും ജ്ഞാറ്റുവേലകളുമാണു മഴ നല്‍കുന്നത് എന്ന് കരുതുന്നവരുണ്ടായിരുന്നു. ഇത് സൃഷ്ടാവിന്റെ അനുഗ്രഹത്തെ നിഷേധിക്കലും ബഹുദൈവചിന്തയുമാണ്. നബി (സ) പറഞ്ഞു : "അല്ലാഹു ഉപരിലോകത്ത് നിന്ന് ഏതൊരു അനുഗ്രഹവും ഇറക്കിതരുമ്പോള്‍ ജനങ്ങളില്‍ ഒരു വിഭാഗം അതില്‍ അവിശ്വസിക്കാതിരുന്നിട്ടില്ല. അല്ലാഹു മഴ വര്ഷിക്കുമ്പോള്‍ അവര്‍ പറയും : ഇന്നയിന്ന നക്ഷത്രമാണ് അതിനു നിമിത്തമെന്നു." [മുസ്ലിം, അഹമദ്, നസാഈ]

ജീവന്റെ മൂലഘടകങ്ങളിലൊന്നായ ജലം എങ്ങനെ ലഭിച്ചു? അതിനുള്ള ഉത്തരം ഖുര്‍ആന്‍ കൃത്യമായി നല്‍കുന്നു. "അവനാണ് ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു തന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്‍. അതില്‍ നിന്ന് തന്നെയാണ് നിങ്ങള്‍ക്ക് (കാലികളെ) മേക്കുവാനുള്ള കുടിനീരുണ്ടാവുന്നത്." [ഖുര്‍ആന്‍ 16 :10]

സൃഷ്ടാവായ അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹമായ മഴ ഭൂമിയിലേക്ക്‌ ചൊരിഞ്ഞത്കൊണ്ടാണ് ഇവിടെ സമൃദ്ധമായി ജലമുണ്ടായത്. സമുദ്രങ്ങള്‍ ,നദികള്‍ , കിണറുകള്‍ , തടാകങ്ങള്‍ , അരുവികള്‍, ഭൂഗര്‍ഭ ജലം എന്നീ നിലകളില്‍ അല്ലാഹു ആ ജലത്തെ മനുഷ്യന് ലഭ്യമാക്കി. ഇതര ശക്തികള്‍ക്കോ ആള്‍ദൈവങ്ങള്‍ക്കോ ഇവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മഴ നിര്‍മ്മിച്ച്‌ ആവശ്യമായ ജലം വിതരണം ചെയ്യാന്‍ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല.

ഇസ്ലാം മനുഷ്യമനസ്സില്‍ കടന്നു വിശ്വാസവൈകല്യങ്ങളെ നേരെയാക്കുന്നതോടൊപ്പം യാഥാര്‍ത്യബോധം അവരില്‍ വളര്‍ത്തിയെടുക്കുക കൂടി ചെയ്യുന്നു. അതാതവസരങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട വിശ്വാസകാര്യങ്ങളെ അപ്പപ്പോള്‍ അതുണര്‍ത്തുന്നു.

മഴ അല്ലാഹുവിന്‍റെ കാരുണ്യമാണ്,ഔദാര്യമാണ്‌. കാരുണ്യവും ഔദാര്യവും ദൈവികഭാവങ്ങളില്‍ അതിശ്രേഷ്ഠമത്രെ. കാരുണ്യവും ഔദാര്യവുമെന്ന ഈ അനുഗ്രഹം സാങ്കേതികമായോ ആലങ്കാരികമായിപ്പോലുമോ മറ്റൊന്നിലേക്കു ചേര്‍ത്തിപ്പറയാവതല്ല . മഴ പെയ്യുന്നത് തികച്ചും അവന്‍റെ കാരുണ്യം കൊണ്ടും അവന്‍റെ സുനിശ്ചിതമായ സംവിധാനത്തെ ആസ്പദിച്ചുമാണ്. അതിന്‍റെ കാരണക്കാരന്‍ അവന്‍ മാത്രമാകുന്നു. അതിനാല്‍ ആ രക്ഷിതാവിനെ ഓര്‍ക്കാനും നന്ദി കാണിക്കാനും മനുഷ്യന് ബാധ്യതയുണ്ട്.

"നിങ്ങളുടെ ജലം മുഴുവന്‍ വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് സമൃദ്ധമായ ജലം കൊണ്ടുവന്നു തരിക?" എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മനുഷ്യനാവില്ല. എന്നിരിക്കെ എന്തിനാണ് മനുഷ്യന്‍ വാവും നക്ഷത്രവും ഞാറ്റുവേലകളുമൊക്കെ അതിന്മേല്‍ വെച്ച് കെട്ടുന്നത്?

സൃഷ്ടാവിന്റെ മഹത്വവും കഴിവും ബോധ്യപ്പെടാവുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് മഴ. ഖുര്‍ആന്‍ പലസ്ഥലത്തും മഴയെക്കുറിച്ചും ജലത്തെപ്പറ്റിയും ആലോചിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. അത് സംരക്ഷിക്കേണ്ടതും മലിനമാവാതെ സൂക്ഷിക്കേണ്ടതും മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. അമിതമായ ജലചൂഷണം മനുഷ്യനാശത്തിലാണെത്തുക. നമസ്ക്കരിക്കാന്‍ വുളു ചെയ്യുമ്പോള്‍പോലും അനാവശ്യമായി വെള്ളം പാഴാക്കരുതെന്നാണ് നബി (സ) നിര്‍ദേശിച്ചത്. അത് ഒരു നദിയില്‍ നിന്നാണെങ്കില്‍പോലും. ആയതിനാല്‍, നാം നമ്മുടെ വിശ്വാസവും ആദര്‍ശവും വികലമാക്കാന്‍ ഇടവരുന്ന വാക്കോ പ്രവര്‍ത്തിയോ വരാതെ നോക്കണം. അതെത്ര വലുതായാലും ചെറുതായാലും വിശ്വാസത്തെ ബാധിക്കുമെങ്കില്‍ അത് ഭയാനകമാണ്, വിപല്‍ക്കരമാണ്. വിശ്വാസവിശുദ്ധിയെ കാത്തു സംരക്ഷിക്കാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

പുകവലി നിര്‍ത്തൂ...ജീവന്‍ രക്ഷിക്കൂ...


ലോകം ഇന്ന്‌ അഭിമുഖീകരിക്കുന്ന മാരകമായ ഒരു ഭീഷണിയാണ്‌ വര്‍ധിച്ച്‌ വരുന്ന പുകയില ഉപയോഗം. പുകയില ഒരു മാരക രോഗകാരിയാണെന്നും അത്‌ പുകവലിക്കുന്നവനെ മാത്രമല്ല അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനങ്ങളില്‍ സംശയഭേദമന്യേ തെളിയിക്കപ്പെടുകയുണ്ടായി.

പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ പുകയില ഉപയോഗം ധാരാളം സാമ്പത്തിക, പാരിസ്ഥിക ജൈവിക പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ വിഭാഗം പുകയിലയുടെ ഇസ്‌ലാമിക സമീപനത്തെ കുറിച്ച്‌ സമകാലിക പണ്ഡിതന്മാരായ ഡോ. നാസര്‍ ഫരീദ്‌ വാസില്‍, ഡോ. ഹാമിദ്‌ ജാമി, മുസ്‌തഫ മുഹമ്മദ്‌ അല്‍ഹദീദി അല്‍ തയ്യര്‍, യൂസുഫല്‍ ഖര്‍ദാവി എന്നിവരോട്‌ ആരായുകയുണ്ടായി. പുകയിലയുടെ ഉപയോഗം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന ഇവരുടെ കാഴ്‌ചപ്പാട്‌ ഇസ്‌ലാമിക്‌ റൂളിംഗ്‌ ഓണ്‍ സ്‌മോക്കിംഗ്‌ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടില്‍ പുകയില ഇസ്‌ലാമില്‍ നിഷിദ്ധമാകുന്നത്‌ താഴെ വിവരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

1). പുകയില ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരവും മരണത്തിന്‌ തന്നെ കാരണമാവുകയും ചെയ്യുന്നു. ഇത്‌ പുകവലിക്കുന്നവന്റെയും അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇസ്‌ലാം സ്വയം നശിക്കുന്നതിനെയും മറ്റുള്ളവരെ അപായപ്പെടുത്തുന്നതിനെയും നിരോധിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ സ്വയം കൊല്ലരുത്‌, അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാണ്‌ എന്ന്‌ അറിയുവിന്‍.'' (അന്നിസാഅ്‌ 29). ``സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍'' (അല്‍ബഖറ 195).

2). പുകയിലയുടെ ഉപയോഗം തീര്‍ച്ചയായും ദുര്‍വ്യയമാണ്‌. ഇസ്‌ലാം ശക്തമായി നിരോധിച്ച കാര്യമാണ്‌ ദുര്‍വ്യയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ദുര്‍വ്യയം അരുത്‌. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്‍മാരുടെ സഹോദരങ്ങളാകുന്നു'' (ബനീഇസ്‌റാഈല്‍ 26,27), ``ധൂര്‍ത്തടിക്കാതിരിക്കുവിന്‍, ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.'' (അല്‍അഅ്‌റാഫ്‌ 31). റസൂല്‍(സ) പറഞ്ഞു:�``ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.'' (ബുഖാരി മുസ്‌ലിം)

3). പുകയില ലഹരിയും മനുഷ്യ ശരീരത്തെ ദുഷിപ്പിക്കുന്നതുമാണ്‌. അല്ലാഹു അത്തരം വസ്‌തുക്കളെ നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``അവന്‍ അവര്‍ക്കായി ശുദ്ധ വസ്‌തുക്കള്‍ അനുവദിച്ചു കൊടുക്കുന്നു. അശുദ്ധ വസ്‌തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.'' (അല്‍അഅ്‌റാഫ്‌ 157). ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ) ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായി പരാമര്‍ശമുണ്ട്‌.

4). ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.'' (മുസ്‌ലിം)

ഇസ്‌ലാം മദ്യം നിരോധിച്ചപ്പോള്‍ മദ്യം കുടിക്കുന്നതോടൊപ്പം ഉല്‍പാദിപ്പിക്കുന്നതും, കൊടുക്കുന്നതും, വില്‍ക്കുന്നതും നിരോധിച്ചതായി കാണാം. അങ്ങനെ നോക്കുകയാണെങ്കില്‍ പുകവലിക്കുന്നതു പോലെ തന്നെ പുകയില വില്‍ക്കുന്നതും, വാങ്ങുന്നതും ഉല്‌പാദിപ്പിക്കുന്നതും വില്‍പനയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ അനുവദനീയമല്ലാതെ വരും. ഇങ്ങനെ നേടുന്ന സമ്പത്ത്‌ ഹജ്ജ്‌ കര്‍മ്മത്തിനു പോലും ഉപകരിക്കാവതല്ല.

പുകയില ഏതു രൂപത്തിലാണെങ്കിലും മനുഷ്യനെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. മുസ്‌ലിംകള്‍ പുകയില ഉപയോഗത്തിന്റെ ഇസ്‌ലാമിക വശം മനസ്സിലാക്കുകയും നമ്മുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, സമൂഹത്തിന്റെയും ആരോഗ്യം കണക്കിലെടുത്ത്‌ പുകയിലയുടെ ഉപയോഗം, കച്ചവടം എന്നിവ വെടിയേണ്ടതുമാണ്‌. എല്ലാ ഇസ്‌ലാമിക സംഘടനകളും പുകയിലയുടെ ദൂഷ്യഫലത്തെ കുറിച്ചും അതിന്റെ ഇസ്‌ലാമിക വശത്തെ കുറിച്ചും സമൂഹത്തെ ബോധവല്‍കരിക്കേണ്ടതുണ്ട്‌.

അതിജീവനത്തിന് പ്രകൃതിയിലേക്ക്


മനുഷ്യരാശി കൊടിയ ദുരിത വര്‍ഷങ്ങള്‍ക്കിടയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ആസുര കാലമാണിത്.ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗതിയുടെ നെറുകയില്‍ എത്തി നില്‍ക്കുമ്പോഴും മനുഷ്യന്റെ ഭാവിക്കു മുമ്പില്‍ ഇരുള്‍ പടരുന്നു.ജീവന്റെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായു,കുടിവെള്ളം,ആഹാരം തുടങ്ങിയവ ദുര്‍ലഭമായിതീര്‍ന്നിരിക്കുന്നു.ഭൂവിഭവങ്ങള്‍ വറ്റി തീര്‍ന്നതല്ല,ഉപയോഗ ശൂന്യമാകുന്നതാണ് ആധുനിക മനുഷ്യന്‍ നേരിടുന്ന പ്രശ്നം.

ലോകവേദികളില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ആഗോള താപനത്തെ കുറിച്ചാണ്.ജീവന്റെ ഉറവിടമായ ഈ ജലഗോളം ചുട്ടു പഴുത്തു തുടങ്ങിയിരിക്കുന്നു.അന്തരീക്ഷം വിഷ പടലങ്ങളാല്‍ മുഖരിതമായിരിക്കുന്നു.ഓസോണ്‍ പാളികളില്‍ സുഷിരങ്ങള്‍ വീണതിനാല്‍ മാരകമായ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുകയും ജീവന്റെ കണങ്ങള്‍ നശിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു.അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്ന വിഷ വാതകങ്ങളും,മണ്ണിലും ജലത്തിലും കടലിലും കലര്‍ന്ന രാസ വിഷ ദ്രവങ്ങളും ജീവവായുവും സസ്യ-മാംസ ആഹാര വസ്തുക്കളും വിഷമയമാക്കിയിരിക്കുന്നു.മുലപ്പാല്‍ പോലും വിഷം ചുരത്തുന്ന ഭീകര നാളുകള്‍ ആസന്നമായിക്കഴിഞ്ഞിരിക്കുന്നു.

ഭൂമി മനുഷ്യര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതല്ല.അത് എല്ലാ ജീവികളുടെയും തറവാടാണ്.ഈ തറവാടിന്റെ സൂക്ഷിപ്പുകാരന്‍ മനുഷ്യനാണ്.എന്നാല്‍,മറ്റൊരു ജീവിയും ഭൂമിക്കോ പ്രകൃതിക്കോ ഒരിക്കലും അപായം വരുത്തിയിട്ടില്ല.മനുഷ്യന്റെ ലക്ക് കെട്ട ജീവിതം മാത്രമാണ് എല്ലാ ദുസ്ഥിതികളും വരുത്തി വെച്ചിരിക്കുന്നത്.

മനുഷ്യര്‍ ഉള്‍പ്പെടെ,എല്ലാ ജീവികള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ദൈവം ഒരുക്കി വെച്ചിരിക്കുന്നു.അത് തനിക്കും തന്റെ തലമുറക്കും ഭാവി തലമുറക്കും ബാക്കി നിര്‍ത്തിക്കൊണ്ട് മിതമായി ഉപയോഗിക്കാനേ മനുഷ്യന് അനുമതിയുള്ളൂ.എല്ലാവരുടെയും ആവശ്യം നിറവേറ്റാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്,എന്നാല്‍ ഒരാളുടെ പോലും ആസക്തി ശമിപ്പിക്കാന്‍ മതിയായ വിഭവങ്ങള്‍ ഭൂമിയിലില്ല എന്ന പ്രാഥമിക ഉപപോഗ തത്വം മനുഷ്യന്‍ മറക്കുകയായിരുന്നു.അതിന്റെ ഫലമാണ് നാം സാക്ഷ്യം വഹിക്കുന്ന ദുരന്തങ്ങള്‍.

വ്യവസായ വിപ്ലവത്തിന്റെയും ഹരിത വിപ്ലവത്തിന്റെയും മുദ്രാവാക്യം അമിതോല്‍പ്പതാദനം ആയിരുന്നു.രാസവളങ്ങളും രാസ കീടനാശിനികളും അമിതോല്‍പ്പാദന വിത്തുകളും നമ്മെ രക്ഷിക്കുമെന്ന് നാം വ്യാമോഹിച്ചു.പ്രപഞ്ചത്തിന്റെ സൃഷ്ടി വ്യവസ്ഥയെ താളം തെറ്റിക്കുന്ന ജനിതക വക്രീകരണം ശാസ്ത്ര നേട്ടമായി നാം അഹങ്കരിച്ചു.മുതലാളിത്ത സംസ്കാരം ശീലിപ്പിച്ച കൂടുതല്‍ ലാഭം,കൂടുതല്‍ സുഖസൌകര്യങ്ങള്‍ എന്ന ജീവിത രീതി ഒടുവില്‍ അന്തകനായി തിരിഞ്ഞു കുത്തിയിരിക്കുന്നു.കാലാവസ്ഥ മാറ്റം,സുനാമികള്‍,കൊടുങ്കാറ്റ്,ഭീകരമായ രോഗങ്ങള്‍ തുടങ്ങിയ മാനവ ദുരന്തങ്ങള്‍ നമ്മുടെ ദുരയുടെ ശമ്പളം തന്നെയാണ്."ഭൂമിയില്‍ കരയിലും കടലിലും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു;മനുഷ്യരുടെ കരങ്ങളുടെ ചെയ്തി കാരണം"(വി-ഖുറാന്‍, 30-41)

സഹോദങ്ങളെ,പ്രകൃതിക്കും ആവാസ വ്യവസ്ഥക്കും അനുകൂലമായ ഒരു ജീവത ശൈലിയിലേക്ക് മടങ്ങുകയാണ് നമുക്ക് മുമ്പിലുള്ള രക്ഷാമാര്‍ഗം.അമിതോപഭോഗവും ആസക്തിയും വെടിഞ്ഞു കൊണ്ടു ആത്മീയമായ ജീവിതമാണ് പ്രകൃതി സൌഹൃദപരം.ഇസ്ലാം ആവശ്യപ്പെടുന്നത് ആ ജീവിത ശൈലിയാണ്.അത് മാത്രമാണ് ആത്യന്തികമായ സമാധാനത്തിന്റെ വഴിയും.

പുണ്യമേറിയ മക്കള്‍


മക്കളെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്‌ നമ്മളെല്ലാം. അവര്‍ മികച്ച അവസ്ഥയിലെത്തണമെന്ന്‌ ആഗ്രഹിക്കുന്നു. അവര്‍ വിജയികളാവണമെന്ന്‌ കൊതിക്കുന്നു. അവര്‍ ഉന്നതരാകണേ എന്ന്‌ പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്റെ ഇഷ്‌ടവും കാരുണ്യവും അവരിലുണ്ടാകാന്‍ അല്ലാഹുവിനോട്‌ തേടുന്നു.

എങ്ങനെയാണ്‌ ഇതെല്ലാം നമ്മുടെ മക്കള്‍ക്ക്‌ ലഭിക്കുക? അവരുടെ ജീവിതം കൊണ്ട്‌ മാതാപിതാക്കള്‍ പോലും മഹത്വമുള്ളവരാകുന്നതെങ്ങനെ? അതിനുള്ള വഴികള്‍ അല്ലാഹുവിന്റെ റസൂല്‍(സ) നമ്മെ അറിയിച്ചിട്ടുണ്ട്‌.

നല്ല ശിക്ഷണത്തിലൂടെ വളര്‍ന്ന നല്ലവരായ മക്കളെക്കുറിച്ച്‌ റസൂല്‍(സ) പറഞ്ഞത്‌ നോക്കൂ: ``ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ സര്‍വ കര്‍മങ്ങളും നിലച്ചുപോകും; മൂന്നെണ്ണമൊഴികെ. നിലനില്‌ക്കുന്ന ദാനധര്‍മങ്ങള്‍, ഉപകാരപ്രദമായ വിജ്ഞാനം, പ്രാര്‍ഥിക്കുന്ന മക്കള്‍'' (ബുഖാരി, അദബുല്‍മുഫ്‌റദ്‌ 38).

``അന്ത്യനാളില്‍ ഒരാള്‍ വരും; അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും: ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി? അയാളോട്‌ പറയപ്പെടും: നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്‌.''(ത്വബാറ്‌നി, ഔസത്ത്‌ 1915)

``നല്ലവനായ ഒരാള്‍ക്ക്‌ സ്വര്‍ഗലോകത്ത്‌ അല്ലാഹു പദവികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: നാഥാ, എന്തുകൊണ്ടാണ്‌ എനിക്കിങ്ങനെ അനുഗ്രഹങ്ങള്‍ വര്‍ധിക്കുന്നത്‌? അല്ലാഹു മൊഴിയും: നിന്റെ മക്കള്‍ നിനക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതുകൊണ്ട്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 36, ബസ്സാര്‍, കശ്‌ഫുല്‍ അസ്‌താര്‍ 3141)

ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്‌. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക്‌ രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.

അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ്‌ നമ്മള്‍. ഇന്ന്‌ ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ്‌ ഇസ്‌ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക്‌ ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്‌ലാമിക ദഅ്‌വത്തില്‍ ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്‌മകളൊരുക്കുന്നു.

നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച്‌ ഡോക്‌ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള്‍ ചെയ്‌തതിലേറെ ചെയ്യാന്‍ അവര്‍ക്ക്‌ കഴിവും സാധ്യതയുമുണ്ട്‌. ഈ ലോകത്ത്‌ നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്‍. അഭിമാനത്തോടെ നമുക്ക്‌ ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്‍കര്‍മമായിരിക്കും അവന്‍.

ദൈവം മരിക്കുമെന്നോ?


നമ്മുടെ സാക്ഷര സുന്ദര കേരളത്തില്‍ എത്രയെത്ര ആള്‍ദൈവങ്ങളാണ്‌ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌? കേരളം പോലുള്ള പ്രബുദ്ധ പരിസരത്ത്‌ ജീവിക്കുന്നവര്‍ പോലും പലരിലും അമാനുഷികസിദ്ധികള്‍ ആരോപിക്കുന്നുവെന്നത്‌ ചിന്തിക്കേണ്ട വിഷയം തന്നെയാണ്‌. മനുഷ്യന്‌ മറ്റൊരു ശക്തിയെ ആശ്രയിക്കേണ്ടിവരുന്നത്‌ അവന്‌ സ്വന്തത്തെക്കുറിച്ചുള്ള നിസ്സഹായാവസ്ഥ ബോധ്യപ്പെടുമ്പോഴാണ്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കൊരു അതുല്യശക്തിയുടെ തുണ വേണമെന്ന ചിന്തയാണ്‌ മനുഷ്യനെ ദൈവവിശ്വാസത്തിലേക്കടുപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇവിടെ ആള്‍ദൈവങ്ങള്‍ ആസൂത്രിതമായി ഇടപെടുകയും മനുഷ്യന്റെ നിസ്സഹായാവസ്ഥക്കും പ്രതിസന്ധികള്‍ക്കും പ്രതിവിധി നല്‍കാന്‍ തങ്ങള്‍ക്കാവുമെന്ന്‌ മനുഷ്യനെ ധരിപ്പിക്കുകയും ചെയ്യുന്നു.

സാങ്കേതിക വൈജ്ഞാനിക രംഗത്തെല്ലാം ഉന്നതിയിലെത്തിയ ബുദ്ധിജീവികള്‍ പോലും ആള്‍ദൈവങ്ങളുടെ വലയിലകപ്പെടുന്നതിന്റെ രഹസ്യമിതാണ്‌. മനുഷ്യന്റെ പുതിയ മൂല്യസങ്കല്‍പങ്ങളും ആത്മാവ്‌ നഷ്‌ടപ്പെട്ട വിശ്വാസവും അവനെ കൊണ്ടെത്തിക്കുന്നത്‌ വ്യാജ സിദ്ധന്മാരുടെയും ആള്‍ദൈവങ്ങളുടെയും അടുത്തേക്കാണ്‌. നമ്മുടെ സമൂഹം യഥാര്‍ഥ പ്രബുദ്ധതയുടെ അംശങ്ങള്‍ ജീവിതത്തില്‍ ആവാഹിച്ചിരുന്നുവെങ്കില്‍ ആള്‍ദൈവങ്ങള്‍ക്ക്‌ ഇത്ര പെട്ടെന്ന്‌ ചുവടുറപ്പിക്കാന്‍ കഴിയില്ലായിരുന്നു.

ലോകത്ത്‌ ഏറ്റവും ലാഭം കൊയ്യാന്‍ കഴിയുന്ന വിപണിയായി ആത്മീയലോകം മാറിക്കഴിഞ്ഞിട്ടുണ്ട്‌. പ്രത്യേക മതങ്ങളില്ല, എല്ലാ മതങ്ങളുടെയും പ്രതിനിധികളുണ്ട്‌. സ്വാമിമാരും സ്വാമിനിമാരും പാസ്റ്റര്‍മാരും ഔലിയാക്കളും ബീവികളും നിരനിരയായി നില്‍ക്കുന്നുണ്ട്‌. ഇവരോടൊപ്പം പേര്‌ ചേര്‍ക്കാവുന്ന ഒരാളാണ്‌ സത്യസായിബാബയും.

സായി ബാബയുടെ വിയോഗം നമുക്ക്‌ നല്‍കുന്നത്‌ വലിയൊരു സന്ദേശമാണ്‌. എത്രവലിയ ശക്തിയാണെന്ന്‌ സ്വയം കരുതിയാലും അത്‌ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചാലും അത്ഭുതവിദ്യകള്‍ കാട്ടി ജനങ്ങളെ വിഭ്രമിപ്പിച്ചാലും മായാജാലങ്ങള്‍ കാട്ടി ജനങ്ങളുടെ ബുദ്ധിയെ മയക്കിക്കിടത്തിയാലും അവതാരമാണെന്ന്‌ പറഞ്ഞ്‌ ജനങ്ങളെ പറ്റിച്ചാലും മരണമെന്ന അലംഘനീയ വിധിക്ക്‌ കീഴൊതുങ്ങണമെന്ന വലിയ സന്ദേശം! അല്ലാഹുവിന്റെ അപാരമായ ശക്തിക്ക്‌ മുമ്പില്‍ സൃഷ്‌ടികളായ മനുഷ്യരെല്ലാം കേവലം നിസ്സാരരാണെന്നുള്ള വലിയ പാഠം! ജീവിച്ചിരിക്കുമ്പോള്‍ ഒട്ടേറെ അത്ഭുതങ്ങള്‍ കാട്ടി ജനങ്ങളെ ആകര്‍ഷിച്ച സത്യസായ്‌ ബാബയ്‌ക്കും അല്ലാഹുവിന്റെ വിധിക്ക്‌ മുമ്പില്‍ തോല്‍ക്കേണ്ടിവന്നു. ഇഷ്‌ടമില്ലെങ്കിലും, പ്രവചനകാലം പൂര്‍ത്തിയാക്കാതെ ബാബക്ക്‌ മടങ്ങേണ്ടിവന്നു.

മരണം വന്നെത്തുന്നതിന്‌ മുമ്പായി നേരായ ദൈവവിശ്വാസത്തിലും സല്‍ക്കര്‍മങ്ങളിലും നിരതരാവാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഭാഗ്യം. ``നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വന്നെത്തുന്നതിന്‌ മുമ്പായി നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും: ``എന്റെ രക്ഷിതാവേ, അടുത്ത ഒരവധി വരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി എല്ലാം സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.'' (ഖു. 63:10,11)

ഇന്നലെ വരെ അന്തസ്സോടെ വിരിമാറ്‌ കുലുക്കി നടന്നവര്‍ ഇന്ന്‌ മരണത്തിന്റെ വിധിക്ക്‌ കീഴടങ്ങി മണ്ണില്‍ നിലംപതിക്കുന്നു. ജനങ്ങളുടെ നേതാവായി പ്രശസ്‌തരായവരും അവരുടെ ആവേശമായി കത്തിത്തിളങ്ങിയവരുമെല്ലാം മരണത്തിന്‌ മുമ്പില്‍ മുട്ടുമടക്കുന്നു. ആരും ഇതില്‍ നിന്ന്‌ ഒഴിവാകുന്നില്ല. മുന്‍കഴിഞ്ഞ മുഴുവന്‍ പ്രവാചകന്മാരും മരണത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്‌. നാടടക്കി ഭരിച്ച ഭരണകര്‍ത്താക്കളും ആള്‍ദൈവങ്ങളായി സ്വയം പരിചയപ്പെടുത്തി ജനങ്ങളുടെ സ്‌നേഹപുഷ്‌പങ്ങള്‍ ഏറ്റുവാങ്ങിയവരുമെല്ലാം മരണത്തോട്‌ മത്സരിക്കാനാവാതെ കുഴഞ്ഞുവീഴുന്നു. 2021-ാമാണ്ടില്‍ തന്റെ 96-ാമത്തെ വയസ്സിലേ ഈ ശരീരം വെടിയൂ എന്ന സായിബാബയുടെ വിധിതീര്‍പ്പ്‌, അല്ലാഹുവിന്റെ അപാരമായ വിധിക്ക്‌ മുന്നില്‍ നിഷ്‌പ്രഭമായില്ലേ?

അല്ലാഹു കൂടെയുണ്ടെങ്കില്‍ ഭയപ്പെടാനൊന്നുമില്ല


"എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല". [അദ്ധ്യായം 2 ബഖറ 38]

അല്ലാഹു കാണിച്ചുകൊടുത്ത മാര്‍ഗ്ഗദര്‍ശനം ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് വലിയ രണ്ടു നേട്ടങ്ങള്‍ ലഭിക്കുന്നുവെന്ന് അല്ലാഹു ഈ വചനത്തില്‍ വിവരിക്കുന്നു. ഒന്ന് : അവര്‍ക്ക് ഭയപ്പെടാന്‍ ഒന്നുമില്ല. രണ്ട് : അവര്‍ക്ക് ദുഖിക്കേണ്ടിവരികയെ ഇല്ല. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് മനുഷ്യന് ഭയമുണ്ടാവുക. കഴിഞ്ഞുപോയ കാര്യങ്ങളായിരിക്കും ദുഖത്തിന്റെ കാരണങ്ങള്‍ . ഭാവിയെക്കുറിച്ച് ആശങ്കയും ഭയവുമില്ലാത്ത ജീവിതം സന്തോഷം നിറഞ്ഞത്‌ തന്നെയാണ്. കഴിഞ്ഞകാര്യങ്ങളിലൊന്നും ദുഖിക്കെണ്ടതില്ലാത്തവന്റെ സന്തോഷവും വലുത് തന്നെ.

മരണാനന്തര ജീവിതത്തിലാണ് യഥാര്‍ത്ഥ സുഖവും ദുഖവും അനുഭവിക്കാന്‍ പോകുന്നത്. സൃഷ്ടാവ് കാണിച്ചു തരുന്ന വഴിയിലൂടെ നടന്നു നീങ്ങിയവനാണെങ്കില്‍ പരലോകത്ത് അവനു യാതൊരു ആശങ്കകള്‍ക്കും ആകുലതകള്‍ക്കും സ്ഥാനമില്ല. മറിച്ച് പിശാചിന്റെ പ്രേരണകള്‍ക്കൊത്തു ജീവിച്ചാല്‍ അവന്റെ ജീവിതം ഭയപ്പാടിന്റെയും ദുഖത്തിന്റെയും ലോകമാവും. സൃഷ്ടാവ് കാണിച്ചു തന്ന ഹിദായത്തിന്റെപാത സ്വീകരിക്കല്‍ മാത്രമാണ് വിജയത്തിന്റെയും സമാധാനത്തിന്റെയും ഏക വഴി.

കൂട്ട അവധിക്കു വേണ്ടി കൂട്ട സിസേറിയന്‍!!!


കേരളത്തിലെ സര്‍ക്കാര്‍ ആസ്​പത്രികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുവെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ചേര്‍ത്തല താലൂക്ക് ആസ്​പത്രിയില്‍ ഈയിടെ ഉണ്ടായ സംഭവം. അവിടെ രണ്ടു ദിവസങ്ങളിലായി 22 പ്രസവശസ്ത്രക്രിയകള്‍ നടത്തുകയുണ്ടായി. ഇത് വിവാദമാകുകയും ഡോക്ടര്‍മാര്‍ക്ക് അവധി എടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ആരോപണമുയരുകയും ചെയ്ത സാഹചര്യത്തില്‍ അധികൃതര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ അസാധാരണ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവന്നേ മതിയാകൂ.

താലൂക്ക് ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ക്കിടയിലെ കിടമത്സരവും കൈക്കൂലിയും നിര്‍ബന്ധ ശസ്ത്രക്രിയയ്ക്കു പിന്നിലും ഉണ്ടെന്ന് പരാതി ഉയര്‍ന്നിരിക്കുന്നു. അടിയന്തര സാഹചര്യമില്ലെങ്കില്‍, മുന്‍കൂട്ടി നിശ്ചയിച്ച നാല് ശസ്ത്രക്രിയയില്‍ ക്കൂടുതല്‍ ഒരു ദിവസം നടത്താന്‍ പാടില്ലെന്ന് നിര്‍ദേശമുള്ളപ്പോഴാണ് ഒരു ദിവസം തന്നെ 12 ശസ്ത്രക്രിയകള്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.

വൈദ്യശാസ്ത്രത്തിന്റെ മൂല്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ചുമതലകള്‍ അര്‍പ്പണബോധത്തോടെ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ് ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ ആസ്​പത്രികളിലെത്തുന്ന രോഗികളില്‍ വലിയൊരു വിഭാഗം സമൂഹത്തിന്റെ താഴേത്തട്ടുകളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ മതിയായ സൗകര്യങ്ങളും മികച്ച സേവനവും അവയില്‍ ഉറപ്പാക്കാന്‍ സര്‍ക്കാറിനു കഴിയണം. ദൗര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ ആസ്​പത്രികളിലെ പരിമിതികള്‍, അവഗണന, ഡോക്ടര്‍മാരടക്കമുള്ളവരുടെ വീഴ്ചകള്‍ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ സാധാരണമായിരിക്കുന്നു. അധികൃതര്‍ ഇച്ഛാശക്തിയോടെ ശ്രമിച്ചാലേ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാക്കാനാവൂ. ചേര്‍ത്തല താലൂക്ക് ആസ്​പത്രിയിലെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സമഗ്രവും സമയബദ്ധവുമാകണം. മാതൃകാപരമായ തുടര്‍ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാവുകയും വേണം.

സ്രഷ്ടാവും സൃഷ്ടിയും

"അല്ലാഹു,അവനല്ലാതെ ഒരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം ഭൂവുമാകുന്നു. അവനെ മയക്കവും നിദ്രയും പിടികൂടുകയില്ല. അവനുള്ളതാണ് ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും" [ഖുര്‍ആന്‍ 2:255].

ദൈവം സ്വയം ഭൂവാണ്. അതിനാല്‍ അവനെ ആര് സൃഷ്ടിച്ചു എന്നാ ചോദ്യത്തിനു പ്രസക്തിയില്ല.സ്വയം ഭൂവിന്‍റെ സവിശേഷതകള്‍ അവനില്‍ മാത്രമാണുള്ളത്. മരണം സംഭവിക്കുന്നവന്‍ ദൈവമല്ല. ദൈവത്തെ നിദ്രപോലും പിടികൂടാന്‍ പാടില്ല. ഉറക്കം ബാധിച്ചവനെ വരെ വിളിച്ചാല്‍ കേള്‍ക്കുകയില്ല. അതിനാല്‍ ദൈവം മാത്രമാണ് വിളിച്ചുതേടല്‍ കേള്‍ക്കുന്നവന്‍. പ്രപഞ്ചത്തിന്റെ മുഴുവന്‍ അധികാരമുള്ളവന്‍ മാത്രമേ ദൈവമാവുകയുള്ളൂ.

കഷ്ടപ്പെടുന്ന സൃഷ്ടി വിളിച്ചു പ്രാര്‍ഥിച്ചാല്‍ സ്ഥലകാല വ്യത്യാസങ്ങളില്ലാതെ പ്രാര്‍ത്ഥന കേള്‍ക്കുവാനും ഉത്തരം ചെയ്യുവാനും കഷ്ടപ്പാടുകള്‍ തീര്‍ക്കുവാനും സര്‍വശക്തനായ സൃഷ്ടാവിന് മാത്രമേ സാധിക്കുകയുള്ളൂ. ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ ഈ കഴിവുണ്ടെങ്കില്‍ അതാണ്‌ പ്രാര്‍ഥിക്കാനുള്ള അര്‍ഹത. ആ ശക്തിയായിരിക്കണം ദൈവം. അല്ലാഹുവെ കൂടാതെ മറ്റൊരു ദൈവം ഉണ്ടാവുകയാണെങ്കില്‍ പ്രപഞ്ചവ്യവസ്ഥ തന്നെ തകരാറിലായിപ്പോകുമെന്നു ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

"കഷ്ടപ്പെടുന്നവര്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവനു ഉത്തരം നല്‍കുകയും വിഷമം നീക്കി കൊടുക്കുകയും നിങ്ങളെ ഭൂമിയിലെ പ്രതിപുരുഷന്മാരാക്കി വെക്കുകയും ചെയ്യുന്നവനോ (അതോ അവരുടെ ദൈവങ്ങളോ) ഉത്തമം. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? വളരെ കുറച്ചേ നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ" [ഖുര്‍ആന്‍ 27:62].

"ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക" (ഖുര്‍ആന്‍ 25:58).

"അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. നിങ്ങളുടെ ദൈവം ഏകദൈവമത്രെ" [ഖുര്‍ആന്‍ 16:20-22].

മരണം കൊതിക്കരുത്‌


പരാജിതന്റെ പോംവഴിയാണ് സ്വയംഹത്യ. സ്വപ്‌നങ്ങള്‍ വീണടിയുന്നവന്റെ സ്വപ്നമാണത് . വിശ്വാസത്തകര്ച്ചയും ആദര്‍ശരാഹിത്യവും സൃഷ്ടിച്ച അപകടകരമായ പരിണാമങ്ങളിലൊന്ന്.

ആത്മഹത്യയെ കണിശമായി നിരോധിക്കുന്നുണ്ട് ഇസ്‌ലാം. ആത്മഹത്യയെ വ്യക്തമായും എതിര്‍ക്കുന്ന വചനം : "വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗത്തിലൂടെ പരസ്പരം ഭക്ഷിക്കരുത്. ഉഭയസമ്മതത്തോടെയുള്ള വിനിമയമായിരിക്കണം. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാണെന്ന് ഗാഡമായി അറിയുക" [4 :29]. മരണം ആഗ്രഹിക്കാന്‍ പാടില്ലെന്ന് തിരുനബി (സ) പറയുന്നു : "നിങ്ങളാരും മരണം ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യരുത്. മരണത്തോടെ കര്‍മ്മങ്ങള്‍ നിലച്ചുപോകും. ദീര്‍ഘായുസ്സ്കൊണ്ട് സത്യവിശ്വാസിയുടെ നന്മ വര്‍ദ്ധിക്കുകയേ ഉള്ളൂ".

ആത്മഹത്യ ചെയ്തവരുടെ പരലോക ജീവിതത്തെക്കുറിച്ചു തിരുനബി (സ) വിവരിക്കുന്നതിങ്ങ നെ : "മലമുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ നടത്തിയവന്‍ നരകത്തിലും കീഴ്പ്പോട്ട് ചാടിക്കൊണ്ടിരിക്കും. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുന്നവന്‍ നരകത്തിലും വിഷം കഴിച്ചുകൊണ്ടിരിക്കും. ആയുധം കൊണ്ട് ആത്മഹത്യ ചെയ്തവന്‍ നരകത്തിലും അത് ചെയ്തുകൊണ്ടിരിക്കും". ആത്മഹത്യ ചെയ്തവന്‍ സ്വര്‍ഗ്ഗഗന്ധം അനുഭവിക്കില്ലെന്നും നബി (സ) പറയുന്നു.

എല്ലാവരും ഒന്നുഷാറാകൂ



എന്‍ഡോസള്‍ഫാന്‍ നിരാധിക്കണമെന്നാവശ്യപെട്ടുകൊണ്ടിറക്കിയ മാസ് പെറ്റീഷനില്‍ ഇതുവരെ ഒപ്പിട്ടവര്‍ 4233!!!

നിരാഹാരം കിടന്നപ്പോള്‍ അണ്ണാഹസാരെക്കു കോടിക്കണക്കിനു ആളുകള്‍ പിന്തുണച്ച് വോട്ടു ചെയ്തു.....

ആയിരക്കണക്കിനാളുകള്‍ കൊച്ചുകേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ദുരന്തയാതന അനുഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ /മരണത്തിലേക്ക് നിശ്ചലരാവുമ്പോള്‍ നിരാധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് വെച്ചവര്‍ വെറും 4233!!!

എല്ലാവരും ഒന്നുഷാറാകൂ.

പെറ്റീഷനില്‍ ഇനിയും ഒപ്പ് വെച്ചില്ലെങ്കില്‍ ഉടന്‍ചെയ്യൂ.

ഇപ്പോള്‍ തന്നെ.

നല്ലൊരുകാര്യത്തിനുവേണ്ടി റിഷെയര്‍ ചെയ്യൂ..

സുഹൃത്തുക്കള്‍ക്കു മെയിലയക്കൂ.

www.endosulfan.in
Ban Endosulfan | Join the Campaign

തിരുകേശ പ്രദര്‍ശനം






റസൂലിന്റെ ശരീരാവശിഷ്‌ടങ്ങളുടെ മഹത്വവത്‌കരണം, റസൂലിന്റെ ഉത്തമ ശിഷ്യന്മാരില്‍ നിന്നുള്ള പാരമ്പര്യമല്ല. റസൂലിന്‌ ആയിരക്കണക്കിന്‌ മുടികളുണ്ടായിട്ടുണ്ടാവാം. അതില്‍ നൂറുകള്‍ കൊഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത്‌ മൂന്ന്‌ നാലെണ്ണത്തെക്കുറിച്ച്‌ മാത്രമാണ്‌. ബാക്കിയൊക്കെ എവിടെ? എന്തുകൊണ്ട്‌ അവ സൂക്ഷിക്കപ്പെട്ടില്ല? റസൂല്‍ ഉപയോഗിച്ച എന്തെല്ലാം ഭൗതിക വസ്‌തുക്കളാണ്‌ ഇന്ന്‌ ലോകത്ത്‌ സൂക്ഷിക്കപ്പെടുന്നത്? വസ്‌ത്രവും പാത്രവും പാര്‍പ്പിടവുമെല്ലാം മുമ്പ്‌ സൂക്ഷിക്കപ്പെട്ടിരുന്നുവെന്നതിനും പില്‍ക്കാലത്ത്‌ നശിപ്പിച്ചതാണെന്നതിനും വസ്‌തുനിഷ്‌ഠമായ തെളിവുകളുണ്ടോ? അവയെല്ലാം സ്വാഭാവികമായി നശിച്ചതാണെങ്കില്‍ റസൂലി(സ)നെ ചാണിനു ചാണായും മുഴത്തിന്‌ മുഴമായും പിന്‍പറ്റിയവര്‍, സ്വന്തം ശരീരത്തേക്കാള്‍ സ്‌നേഹിച്ച സ്വഹാബികള്‍ ഇവയെല്ലാം അവഗണിച്ചതെന്തുകൊണ്ടാണ്‌?

കാരണം മറ്റൊന്നുമല്ല. ഇവയെല്ലാം സൂക്ഷിക്കപ്പെടേണ്ട തിരുശേഷിപ്പുകളാണെന്നോ ഇവ കാണുന്നതും തൊടുന്നതും മുത്തുന്നതുമെല്ലാം ഇഹലോകത്തോ പരലോകത്തോ ഗുണം നല്‍കുന്ന കാര്യമാണെന്നോ അവര്‍ മനസ്സിലാക്കിയില്ല. അവരുടെ റസൂല്‍(സ) അങ്ങനെ അവരെ പഠിപ്പിച്ചില്ല. റസൂല്‍ പുണ്യമായി പഠിപ്പിച്ചതൊന്നും ആര്‍ക്കും അവര്‍ വിട്ടുകൊടുത്തിട്ടില്ല. ഹജറുല്‍ അസ്‌വദ്‌ തകര്‍ക്കാന്‍ വന്നവരെയോ റസൂലിന്റെ(സ) ഖബ്‌ര്‍ തുരക്കാന്‍ വന്നവരെയോ അവര്‍ അനുവദിച്ചിട്ടില്ല. എന്ന്‌ മാത്രമല്ല, റസൂലിന്റെ സുന്ദരചരിത്രം വികൃതമാക്കിയ മുസ്‌ലിംകളും അല്ലാത്തവരുമായ നികൃഷ്‌ടരെ കണ്ടെത്താനും പരമാവധി അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കാലാകാലങ്ങളില്‍ സമൂഹത്തിലെ മുഹിബ്ബുര്‍റസൂലുകളായ ഉലമാക്കളും ഉമറാക്കളും ശ്രമിച്ചിട്ടുണ്ട്‌.

അതുകൊണ്ട്‌, ലോകാനുഗ്രഹിയും മാനവമോചകനുമായ മുഹമ്മദ്‌ നബി(സ)യോട്‌ ഇത്തിരിയെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ വേണ്ടത്‌ മരിച്ചുപോയ പുണ്യറസൂലിന്റെ വിസ്‌മൃതമായ ശരീരാവശിഷ്‌ടങ്ങള്‍ ഖനനം ചെയ്യാതെ പ്രഫുല്ലമായ, അനശ്വരമായ ജീവിതസന്ദേശങ്ങള്‍ സത്യാന്വേഷികളുടെ മനസ്സിലേക്കെത്തിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുകയാണ്‌. ഭൗതികതയില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ ഹതാശരായ ആധുനിക സമൂഹം കാത്തിരിക്കുന്നത്‌ ഈ ആശ്വാസതുരുത്തുകളാണ്‌.

മുടിപ്പള്ളിയുടെ നിര്‍മാണഭംഗിയും അവിടുത്തെ വിശാല പൂന്തോട്ടത്തിലെ പൂക്കളും അവിടെ പരക്കുന്ന ഊദിന്റെ ഗന്ധവുമല്ല ആത്മശാന്തി തേടുന്നവര്‍ ആഗ്രഹിക്കുന്നത്‌. അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഭക്തിയുടെ ആശ്വാസ കുളിര്‍തെന്നലാകാന്‍ എച്ചുകെട്ടലുകളില്ലാത്ത ഇസ്‌ലാമിക വിശ്വാസത്തിനും അനുഷ്‌ഠാനങ്ങള്‍ക്കും മാത്രമേ സാധിക്കൂ. അത്‌ നല്‍കുന്നതിന്റെ അളവാണ്‌ ഒരു പള്ളിയുടെ വലുപ്പം നിശ്ചയിക്കുക; തറ വിസ്‌തീര്‍ണമല്ല. നയനചാരുത ശില്‌പഭംഗിയിലല്ല ദൈവചൈതന്യത്തിലാണ്‌.

നബിവചനങ്ങള്‍ കടന്നുവന്ന വഴി, റിപ്പോര്‍ട്ടര്‍മാരുടെ വിശ്വസ്‌തത എന്നിവ നിഷ്‌കൃഷ്‌ടമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്‌. അതിനു ശേഷമാണ്‌ അതിലെ ശരിയേത്‌ പൊയ്യേതെന്ന്‌ രേഖപ്പെടുത്തപ്പെട്ടത്‌. എന്നാല്‍ റസൂലിന്റേതെന്ന്‌ അവകാശപ്പെടുന്ന മുടിയുടെ സൂക്ഷിപ്പുകാരുടെ സത്യത പരിശോധിക്കപ്പെട്ടിട്ടില്ല. ഇനിയാരെല്ലാം വേറെ മുടികള്‍ സ്വപ്‌ന ദര്‍ശനത്തിലൂടെയും മറ്റും രംഗത്തിറക്കുമെന്നും പറയാനാവില്ല. അന്ധവിശ്വാസങ്ങളില്‍ ബുദ്ധിക്കും യുക്തിക്കും പ്രസക്തിയില്ലെന്നറിയാം, എങ്കിലും പറഞ്ഞുപോകുകയാണ്‌.

ഒരു തരം രണ്ടു തരം മൂന്നാം തരം!!


മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്ന 'ഇടനിലക്കാരന്‍', ദൈവഹിതം വിശ്വാസിയെ അറിയിക്കുന്ന 'മാധ്യമം' എന്നീ സ്ഥാനങ്ങളാണ് പലപ്പോഴും പുരോഹിതന്‍ എടുത്തണിയുന്നത്‌. പൌരോഹിത്യത്തിന്‍റെ നിരങ്കുഷമായ തേര്‍വാഴ്ച ഇന്ന് ഏതാണ്ടെല്ലാ മതങ്ങളെയും ഗ്രസിച്ചിരിക്കുന്നു. പൌരോഹിത്യത്തിനെതിരെ കര്‍ക്കശമായ നിലപാടെടുത്ത മതമാണ്‌ ഇസ്‌ലാം. മുന്കഴിഞ്ഞ എല്ലാ പ്രവാചകന്മാരെയും പോലെ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ (സ)യും പൌരോഹിത്യത്തിനെതിരെ ആഞ്ഞടിച്ചു. വിശുദ്ധ ഖുര്‍ആന്‍ നിരവധി കുറ്റാരോപണങ്ങള്‍ തന്നെ പുരോഹിതന്മാര്‍ക്കെതിരെ നിരത്തിയിട്ടുണ്ട്.

പൌരോഹിത്യത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തെ ഏറ്റവും സൂക്ഷ്മമായി വിശകലനം ചെയ്തു കൊണ്ട് ഖുര്‍ആന്‍ നിരത്തുന്ന കുറ്റാരോപണം ശ്രദ്ധിക്കുക : "സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലുംപെട്ട ധാരാളംപേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു" [9 :34]. "അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌)" [3:79].

വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ഈ മതവിമര്‍ശം എല്ലാ മതാനുയായികള്‍ക്കുമുള്ള സന്ദേശമായിത്തന്നെ നാമുള്‍ക്കൊള്ളണം . മുസ്ലിംകള്‍ക്കിടയിലും പൌരോഹിത്യ പ്രവണതകള്‍ ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുകയും വേണം. ബുദ്ധി ഉപയോഗിക്കാനുള്ള ആഹ്വാനം ഖുര്‍ആന്‍റെ മുഖ്യപ്രമേയങ്ങളിലൊന്നാണ്. ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ പഠിക്കാന്‍ വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. തെളിവിന്റെ അടിസ്ഥാനത്തിലുള്ള ന്യായവാദത്തെ മഹത്വവല്‍ക്കരിച്ച്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: "(നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌" [2:111].


ശരീരത്തിലെ ഒരു മാംസകഷ്ണം


നമ്മുടെ ചിന്തകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്റെ വ്യവഹാരങ്ങളും,സമീപനങ്ങളുമെല്ലാം അവന്റെ ചിന്തയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ചിന്തകളെ നാം തേച്ചുമിനുക്കുകയും അത്‌ നമ്മുടെ വിശ്വാസത്തോട്‌ യോജിച്ചുപോവുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും വേണം. നമ്മുടെ വിചാരങ്ങള്‍ വിശ്വാസവുമായി കോര്‍ത്തുകെട്ടണം.


``എന്റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‌പിച്ചുകൊണ്ടുവരുന്നതുമാണ്‌.'' (വി.ഖു. 20:124)


Related Posts Plugin for WordPress, Blogger...

Popular YRC Posts