സ്‌ത്രീകള്‍ നിങ്ങള്‍ക്ക് വസ്‌ത്രമാണ്. നിങ്ങള്‍ അവര്‍ക്കും വസ്‌ത്രമാണ്. വി.ഖു- ( അല്‍ ബഖറ 187)
ഇണകളോടിണങ്ങി ജീവിച്ച് മനശ്ശാന്തി ലഭിക്കാനായി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചുതന്നു. അങ്ങനെ നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവും കരുപ്പിടിപ്പിച്ചു. ചിന്തിക്കുന്ന സമൂഹത്തിന് അതില്‍ പല പാഠങ്ങളുമുണ്ട്. വി.ഖു- (അര്‍റൂം 21)
സ്‌ത്രീകള്‍ക്ക് ചില ബാധ്യതകളുള്ള പോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്. - വി ഖു (അല്‍ ബഖറ 228)
അവരോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക. അഥവാ, നിങ്ങള്‍ക്ക് അവരോട് അനിഷ്ടം തോന്നുന്നുവെങ്കില്‍, മനസ്സിലാക്കുക നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു നിരവധി നന്മ നിശ്ചയിച്ചുവെച്ചിരിക്കാവുന്നതാണ്. -വി ഖു (അന്നിസാഅ് 19)
സത്യവിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവും പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളില്‍ ഏറ്റവും നല്ലവര്‍ തങ്ങളുയെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവരാണ്. - നബി വചനം (തിര്‍മിദി)
വളഞ്ഞ വാരിയെല്ലുകൊണ്ടാണ് സ്‌ത്രീ സൃഷ്ടിക്കപ്പെട്ടത്. ഒരേ രൂപത്തില്‍ നിനക്കത് നിവര്‍ത്താന്‍ കഴിയില്ല. അതിനാല്‍ നീ അവളെ അനുഭവിക്കുന്നുവെങ്കില്‍ ആ വക്രതയോടെത്തന്നെ നിനക്കനുഭവിക്കാം. മറിച്ച്, നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകലായിരിക്കും, അഥവാ വിവാഹ മോചനമായിരിക്കും ഫലം. -നബി വചനം (മുസ്‌ലിം)
ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായിത്തോന്നിയാല്‍ മറ്റൊന്ന് ആനന്ദകരമായിരിക്കും. -നബി വചനം (മുസ്‌ലിം)
അറിയുക! സ്‌ത്രീകളോട് നല്ല നിലയില്‍ പെരുമാറാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരാണ്. സ്വന്തം ശരീരത്തിന്റെയും നിങ്ങളുടെ ധനത്തിന്റെയും സൂക്ഷിപ്പും ആസ്വാദനവുമല്ലാതെ മറ്റൊന്നും അവളില്‍ നിന്ന് നിങ്ങള്‍ക്ക്‌് അവകാശപ്പെടാനാവില്ല. അഥവാ, അവര്‍ വ്യക്തമായ ദുര്‍നടപടികളില്‍ ഏര്‍പ്പെട്ടാല്‍ കിടപ്പറകളില്‍ അവരുമായി അകന്ന് നില്‍ക്കുക. പരിക്കുണ്ടാക്കാത്തവിധം അവരെ അടിക്കുകയും ചെയ്യുക. അതോടെ അവര്‍ നിങ്ങള്‍ക്ക് വിധേയമായാല്‍ അവര്‍ക്കെതിരെ വിരോധവും എതിര്‍പ്പും തുടരാന്‍ നിങ്ങള്‍ തുനിയരുത്. അറിയുക! നിങ്ങള്‍ക്ക് സ്‌ത്രീകളില്‍ ചില അവകാശങ്ങളുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുക, നിങ്ങള്‍ വെറുക്കുന്നവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. നല്ലനിലയില്‍ അവര്‍ക്ക് ആഹാരവും വസ്‌ത്രവും നല്‍കലാണ് നിങ്ങള്‍ക്ക് അവരോടുള്ള ബാധ്യത. - നബി വചനം (തിര്‍മിദി)
നീ ആഹരിക്കുന്നുവെങ്കില്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്‌ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക. മുഖത്ത് അടിക്കാതിരിക്കുക. പുലഭ്യം പറയാതിരിക്കുക. വീട്ടിലൊഴികെ അവളുമായി അകന്ന് കഴിയാതിരിക്കുക. -നബി വചനം (അബൂ ദാവൂദ്)
പാലിക്കാന്‍ ഏറ്റവുമധികം കടപ്പെട്ടത് ലൈംഗിക വേഴ്‌ച അനുവദനീയമാവുന്ന കരാറാണ്. -നബി വചനം (അബൂ ദാവൂദ്)