നമുക്ക് ചുറ്റും ദിനേനയെന്നോണം നടക്കുന്ന നൂറുക്കണക്കിന് മരണങ്ങള്‍! ചിലത് നാം ശ്രദ്ധിക്കുന്നു. ചിലത് നമുക്ക് ചെറുതോ വലുതോ ആയ രൂപത്തില്‍ 'ഫീല്‍' ചെയ്യുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളോ മണിക്കൂറുകളോ കഴിയുമ്പോള്‍ നാം അതെല്ലാം മറക്കുന്നു. എന്നാല്‍ നമുക്ക്ചുറ്റും നടക്കുന്ന ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ശക്തമായ കുറെ സന്ദേശങ്ങള്‍ ബാക്കി വെക്കുന്നുണ്ട്. നാമൊരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ജീവിതസന്ദേശങ്ങള്‍! അവയില്‍ ചിലത് താഴെ കൊടുക്കുന്നു:
1. മരണം എപ്പോള്‍, എവിടെവച്ചു, എങ്ങനെ കടന്നുവരും എന്ന് മുന്‍കൂട്ടി അറിയുക സാധ്യമല്ല.
2. സമയമാകുമ്പോള്‍ എല്ലാവരും മരണത്തിന്‍റെ രുചിയറിയും.
3. ആശയും അഭിലാഷവും സഫലമാകാതെയാണ് പലരുടെയും മരണയാത്ര.
4. മരണം ചിലര്‍ക്ക് നല്ല അനുഭവമാണ്. മറ്റുചിലര്‍ക്ക് ചീത്ത അനുഭവവും.
5. ആര്‍ത്തിയും സ്വാര്‍ഥതയും നിഷേധവും അധര്‍മവുമായി ജീവിച്ചവര്‍ മരണസമയത്ത് കുറ്റബോധത്തിന്‍റെ കണ്ണീര്‍ കുടിക്കും.
6. മരണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ എവിടെയും ഒളിച്ചിട്ടോ ഓടിയിട്ടോ പ്രയോജനമില്ല.
7. ഹൃദയമിടിപ്പിന്‍റെ ടക്ട-ക് ശബ്ദം മരണത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്ന കാലടിശബ്ദമാണ്.
8. പ്രഭാതത്തില്‍ പ്രതീക്ഷയോടെ ഉണരുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുണ്ടോ, മരണം തന്‍റെ പാദരക്ഷയുടെ വള്ളിയെക്കാള്‍ തന്നോടടുത്തുണ്ടെന്നു!
9. മരണം ജീവിതത്തിന്‍റെ അവസാനമല്ല പരലോകജീവിതത്തിലേക്കുള്ള കവാടമാകുന്നു.
10. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും ഒരുക്കിത്തന്ന പ്രപഞ്ചനാഥനെ മാത്രം നമിക്കുകയും നമസ്ക്കരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മരണസ്മരണയോടെ ജീവിക്കും. അവര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുകയില്ല.
(വിശദമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഖുര്‍ആന്‍ 29:57, 31 :34, 4:78, 63:10, 47:27, 89:27-30 എന്നീ ദിവ്യവചനങ്ങള്‍ കാണുക)
കടപ്പാട് : ഷംസുദ്ദീന്‍ പാലക്കോട്