``ജനങ്ങള് അവരുടെ തന്നെ അഭിലാഷങ്ങള് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യമായ വാക്കുകള് മാത്രമാണ് അവരില്. സല്കര്മങ്ങള് കുറഞ്ഞുപോകുന്നു. അറിവുണ്ട്. പക്ഷേ, ക്ഷമയില്ല. വിശ്വാസമുണ്ട് പക്ഷേ, ശക്തിയില്ല. എണ്ണത്തില് വളരെയധികം, പക്ഷേ ഈമാന് വളരെ കുറവാണ്. അവരുടെ ഹൃദയം ആരെയും ആകര്ഷിക്കുന്നില്ല. അല്ലാഹു സത്യം, ജനങ്ങള് കാര്യങ്ങള് ഗ്രഹിച്ച ശേഷം നിഷേധികളായിട്ടിരുന്നു. ആദ്യം ഒരു കാര്യം ഹറാമാണെന്ന ചിന്തയില് ഭയത്തോടെയാണ് ചെയ്തിരുന്നതെങ്കില് ഇപ്പോള് അതേ കാര്യം ധൈര്യത്തോടെ ചെയ്യുന്നു. നിശ്ചയം, അവരുടെ ഈമാന് വെറും വായാടിത്തമായിത്തീര്‍ന്നിരിക്കുന്നു. അന്ത്യദിനത്തില് വിശ്വസിക്കുന്നുണ്ടെങ്കിലും
ആ വിശ്വാസം അവരെ സ്വാധീനിക്കുന്നില്ല. സത്യവിശ്വാസികളേ, നിങ്ങള് ബുദ്ധിമാന്മാരും മൃദുല സ്വഭാവികളുമാകണം. ദാരിദ്ര്യത്തില് ക്ഷമിക്കുന്നവരും സമ്പന്നതയില് പരിധി വിടാത്തവരുമാകണം. കടമിടപാടുകള് കൊടുത്തുവീട്ടണം, നീതിയുടെ മാര്ഗത്തില് ഉറച്ചുനില്ക്കണം. വെറുപ്പുള്ളവരോടു പോലും അനീതി കാണിക്കരുത്. പ്രിയപ്പെട്ടവരെ വഴിവിട്ടു സഹായിക്കരുത്. മറ്റുള്ളവരുടെ കുറ്റങ്ങള് ചികഞ്ഞുനടക്കരുത്. കുത്തുവാക്കുകള് പറയരുത്. കളിതമാശകളില് മതിമറക്കരുത്. ഏഷണിക്കാരാവരുത്. അവകാശമില്ലാത്തത് ആഗ്രഹിക്കരുത്. കൊടുത്തുവീട്ടേണ്ട ബാധ്യതകള് നിഷേധിക്കരുത്. മറ്റുള്ളവരുടെ പാപത്തിലും കഷ്ടപ്പാടിലും സന്തോഷിക്കരുത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കും പ്രവൃത്തിയും അരുത്. നമ്മുടെ ഹൃദയവും ശരീരവും കണ്ണുമെല്ലാം അല്ലാഹുവിന്റെ മുന്നില് തല കുനിക്കണം. അല്ലാഹുവില്‍ നിന്ന് നേട്ടം ലഭിക്കുന്ന കാര്യങ്ങള്ക്കുവേണ്ടി എന്തു നഷ്ടം സഹിക്കാനും തയ്യാറാവണം''
[ഇമാം ഹസന് ബസ്വരി(റ)]