മുഹ്‌യിദ്ദീന്‍ ശൈഖ്‌ (റ) പറഞ്ഞതും പറയാത്തതും



ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ (ജനനം 470) ജീവിച്ച ഒരു ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായിരുന്നു, കാസ്‌പിയന്‍ കടലിന്റെ തെക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ജീലാന്‍കാരനായ ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍. അദ്ദേഹം വിജ്ഞാന സമ്പാദനത്തിനായി ബഗ്‌ദാദിലേക്കുപോയി. അവിടെ സ്ഥിരതാമസമാക്കി. മരണപ്പെട്ടതും അവിടെത്തന്നെ. അദ്ദേഹത്തിന്റെ മരണശേഷം ചില ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ `ഖാദിരി ത്വരീഖത്ത്‌' എന്ന പേരില്‍ ചില മതാചാരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ത്വരീഖത്തുകള്‍ തമ്മിലുള്ള വടംവലികളും മത്സരങ്ങളും കാരണം ഓരോ ത്വരീഖത്തുകാരും തങ്ങളുടെ `ആചാര്യ'നെ അമിതമായി വാഴ്‌ത്തിപ്പറയാനും അപരനെ താഴ്‌ത്തിക്കെട്ടാനും ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം മധ്യനൂറ്റാണ്ടുകളില്‍ കാണപ്പെട്ടു. മുഹ്‌യിദ്ദീന്‍ ശൈഖ്‌ എന്ന പേരിലറിയപ്പെട്ട അബ്‌ദുല്‍ഖാദിര്‍ അവര്‍കളും ഈ `അപകടത്തിനിര'യായി. ബഹ്‌ജ, തക്‌മില തുടങ്ങിയ ക്ഷുദ്രകൃതികള്‍ അദ്ദേഹത്തിന്റെ പേരില്‍ രചിക്കപ്പെട്ടു. അല്ലാഹുവിനോളം അദ്ദേഹത്തെ പുകഴ്‌ത്തുന്ന കൃതികളാണവ. വ അഅ്‌ലമു ഇല്‍മല്ലാഹി ഉഹ്‌സ്വീഹുറൂഫഹു (അല്ലാഹുവിന്റെ വിവരമെത്രയുണ്ട്‌ എന്ന്‌ എനിക്കറിയാം. അതിന്റെ അക്ഷരങ്ങള്‍ ഞാന്‍ കണക്കാക്കുന്നു) തുടങ്ങിയ കുഫ്‌റിലേക്കു നയിക്കുന്ന പ്രസ്‌താവനകള്‍ ആ മഹാന്റെ പേരില്‍ കെട്ടിച്ചമയ്‌ക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. വിവരം കെട്ട ജനം അത്‌ തോളിലേറ്റി പാടിനടന്നു. `വിവരമുള്ളവര്‍' അവരെ അതില്‍ കെട്ടിയിട്ടു. 

 കേരളത്തില്‍ ഖാദിരി ത്വരീഖത്തിന്റെ വക്താവായ കോഴിക്കോട്ടുകാരന്‍ ഖാദി മുഹമ്മദ്‌, ഇതര ത്വരീഖത്തുകള്‍ക്കിവിടെ പ്രചാരം ലഭിക്കുന്നു എന്നു കണ്ട മാത്രയില്‍, തന്റെ ത്വരീഖത്തിന്റെ പ്രചാരണത്തിനായി രചിച്ച മുഹ്‌യിദ്ദീന്‍ മാല എന്ന അറബിമലയാള പദ്യകൃതിക്ക്‌ മലയാളികള്‍ക്കിടയില്‍ പ്രചാരം ലഭിച്ചു. മാതൃഭാഷയോ ഖുര്‍ആനിന്റെ ഭാഷയോ ലോകഭാഷയായിത്തീര്‍ന്ന ഇംഗ്ലീഷോ പഠിച്ചിട്ടില്ലാത്ത മലയാളി പാമരന്മാര്‍ക്ക്‌ അറബി ലിപിയില്‍ എഴുതപ്പെട്ട നാടന്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആശയങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ശ്രമിക്കാത്ത ജനം ഈ കൃതി കീര്‍ത്തനമായിപ്പാടാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെക്കാള്‍ ഭക്തിയോടെ സന്ധ്യാകീര്‍ത്തനമായി ഉപയോഗിച്ചു തുടങ്ങി. മനോഹരമായ ഉപമകള്‍ ചേര്‍ത്തുകെട്ടി കോര്‍ത്തെടുത്ത ഒരു `മാല'യാണത്‌. പക്ഷെ ഉപമകള്‍ അതിരുകടന്ന്‌ `മുഹ്‌യിദ്ദീന്‍' എന്ന മനുഷ്യനെ അതിമാനുഷനാക്കിയും മലക്കുകളെയും അല്ലാഹുവെയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ചിത്രീകരിച്ചും വര്‍ണന കാടുകയറിയത്‌ `ഭക്തര്‍' ശ്രദ്ധിക്കാതെ പോയി. `ആലിമീങ്ങ'ളാകട്ടെ, അതിനു മാര്‍ക്കറ്റ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. മുകളില്‍ പറഞ്ഞ തക്‌മിലയില്‍ നിന്നും ബഹ്‌ജയില്‍ നിന്നുമാണ്‌ ഈ മാലക്കുവേണ്ട വിഷയങ്ങള്‍ താന്‍ ശേഖരിച്ചതെന്ന്‌ തത്‌ക്കര്‍ത്താവ്‌ തന്നെ പറയുന്നുണ്ട്‌. `ബഹ്‌ജകിതാബിന്നും അങ്ങനെ തക്‌മില തന്നിന്നും കണ്ടോവര്‍.' 

മുഹ്‌യിദ്ദീന്‍ മാലയില്‍ വിവരിക്കപ്പെട്ട ശൈഖ്‌ യാഥാര്‍ഥ്യമല്ല; ഒരു മിത്താണ്‌. എന്നാല്‍ ജന്മദിനം കൊണ്ടാടാന്‍ ഒരു വിഭാഗം ഒരുമ്പെടുന്ന അബ്‌ദുല്‍ഖാദിര്‍ (ജീലാന്‍കാരന്‍) ചരിത്രപുരുഷനും മതപണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായിരുന്നു. ബഹ്‌ജ, തക്‌മില, മുഹ്‌യിദ്ദീന്‍ മാല തുടങ്ങിയവ അദ്ദേഹത്തെപ്പറ്റി പില്‍ക്കാലത്ത്‌ രചിക്കപ്പെട്ട കൃതികളാണ്‌. എന്നാല്‍ ശൈഖ്‌ അവര്‍കള്‍ ദഅ്‌വത്ത്‌ രംഗത്ത്‌ നല്‌കിയ സംഭാവനകളായ സ്വന്തം കൃതികളാണ്‌ ഫുതൂഹുല്‍ ഗൈബ്‌, ഗുന്‍യതുത്ത്വാലിബീന്‍ തുടങ്ങിയവ. `ജീലാനീ ദിനാചരണ' വേളയിലെങ്കിലും ഈ ഗ്രന്ഥങ്ങളും അവയിലെ അധ്യാപനങ്ങളും ജനങ്ങളെ കേള്‍പ്പിക്കാന്‍ `പണ്ഡതന്‍'മാര്‍ തയ്യാറായാല്‍ അതൊരു വലിയ കാര്യമായിരുന്നു. 

 ഖുര്‍ആനും സുന്നത്തും അനുസരിച്ച്‌ ജീവിക്കുന്നതിന്റെ ആവശ്യകതയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ശരിയായ വിവക്ഷയും ഇസ്‌ലാമിക കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ വ്യക്തമായ കാഴ്‌ചപ്പാടും അദ്ദേഹം തന്റെ കൃതികളില്‍ വരച്ചുകാണിച്ചിട്ടുണ്ട്‌. അന്ധമായി നേതാക്കളെ പിന്‍പറ്റുന്ന സമുദായത്തോടും ബോധപൂര്‍വം ദിശമാറ്റി അവരെ നയിക്കുന്ന നേതൃത്വത്തോടും `ജീലാനി ദിനാചരണം' അടിസ്ഥാനരഹിതമാണെന്ന്‌ പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍ ചിന്തിക്കുന്ന മലയാളിയോട്‌ പറയാനുള്ളത്‌ ഇതാണ്‌: മുഹ്‌യിദ്ദീന്‍ ശൈഖിനെപ്പറ്റി രചിക്കപ്പെട്ട മാലയും മുഹ്‌യിദ്ദീന്‍ ശൈഖ്‌ രചിച്ച കിതാബുകളും താരതമ്യം ചെയ്‌തുപഠിക്കുക. മാല ഒരു കെട്ടുകഥയും ശൈഖിന്റെ സ്വന്തം ഗ്രന്ഥങ്ങള്‍ ഭൂമിയിലെ മനുഷ്യര്‍ക്കു വേണ്ടി രചിക്കപ്പെട്ട പണ്ഡിതരചനയും ആണെന്ന തിരിച്ചറിവുണ്ടാകും.

കടപ്പാട് : അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി 

പെണ്മക്കളെ കൂടുതല്‍ സ്നേഹിക്കുക



ലോകത്തെ പ്രഥമ നിയമവ്യവസ്ഥ യുണ്ടാക്കിയത് ബാബിലോണിയയിലെ ആദ്യകാല രാജാക്കന്മാരില്‍ ഒരാളായ ഹമൂറാബിയാണെന്ന് പറയപ്പെടുന്നു. ആ പ്രഥമ നിയമവ്യവസ്ഥയില്‍പോലും സ്ത്രീ ജന്മം മ്ലേച്ചമായി ദര്‍ശിച്ചിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെടുന്നതിന്റെ മുമ്പ് ചില ഗോത്രങ്ങള്‍ പെണ്‍കുട്ടികളുടെ ജനനത്തെ നിഷേധിച്ചിരുന്നു. ഗര്‍ഭ പാത്രത്തില്‍ വെച്ച് ശിശു ആണോ പെണ്ണോ എന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ കൊന്നൊടുക്കി അവളുടെ ജന്മാവകാശത്തെ പോലും അവര്‍ ഹനിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ആ സംഭവത്തെ വിവരിക്കുന്നത് കാണുക : "അവരില്‍ ഒരാളോട് പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം കറുത്തിരുണ്ടതാകുന്നു. അവന്‍ കോപം നിറഞ്ഞവനുമാണ്. അവനോടു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടതിന്റെ മ്ലേച്ചതയാല്‍ (അപമാനം ഭയന്ന്) ജനങ്ങളില്‍ നിന്നവന്‍ മറയുന്നു. അപമാനം സഹിച്ചു (കൊല്ലാതെ) അതിനെ ജീവിക്കുവാന്‍ അനുവദിക്കണോ അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണോ (എന്നവന്‍ ശങ്കിച്ച് നില്‍ക്കുന്നു). അറിയുവിന്‍, അവരുടെ വിധി എത്ര ചീത്ത!" [നഹ്ല്‍ 58 ,59] 

 പെണ്‍ജന്മം സന്തോഷവാര്‍ത്തയാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ)ക്ക് പെണ്മക്കള്‍ മാത്രമാണ് ജീവിച്ചിരുന്നത്. അവര്‍ മുഖേന അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിച്ചു. ഒരു പുരുഷപിതാവാകാനുള്ള ഭാഗ്യം അല്ലാഹു അദ്ദേഹത്തിന് നല്‍കിയില്ല. "മുഹമ്മദ്‌ നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല" [അഹ്സാബ് 41]. പെണ്‍കുട്ടികളെ മോശമായി ദര്‍ശിക്കുന്ന സമൂഹം നശിച്ചുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. "തങ്ങളുടെ (പെണ്‍ )സന്തതികളെ യാതോരരിവുമില്ലാതെ മൂഡമായി വധിച്ചവര്‍ നഷ്ട്ടത്തില്‍ പതിച്ചു." [ആന്‍ആം]. "കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞ് അവള്‍ എന്ത് കുറ്റം നിമിത്തമാണ് വധിക്കപ്പെട്ടതെന്നു ചോദിക്കപ്പെടുമ്പോള്‍ " [തക്-വീര്‍ 8 ,9 ]. ഭ്രൂണം പെണ്‍കുഞ്ഞിന്റെതായതിനാല്‍ അതിനെ നശിപ്പിച്ചുകളഞ്ഞവരും ഈ വിചാരണയെ നേരിടേണ്ടിവരും. മനുഷ്യമനസ്സിന്റെ വികലമായ ചിന്താഗതിയെയാണ് ഖുര്‍ആന്‍ ഇവിടെ ചോദ്യം ചെയ്യുന്നത്. അതായത്, ആണ്‍ ജന്മത്തെക്കാള്‍ നിലവാരം കുറഞ്ഞതാണ് പെണ്‍ജന്മം എന്ന ചിന്താഗതിയെ. ജനിച്ച പെണ്‍ കുഞ്ഞിനെ വധിക്കുന്നവന്റെയും ഭ്രൂണത്തെ നശിപ്പിക്കുന്നവന്റെയും ചിന്താഗതി ഒന്ന് തന്നെയാണ്. 

മുഹമ്മദ്‌ നബി (സ) ആണിന്റെ ജനനത്തെക്കാള്‍ പ്രാധാന്യം കല്പ്പിച്ചിരുന്നത്‌ പെണ്‍കുട്ടികളുടെ ജന്മത്തിനാണ്. അദ്ദേഹത്തിന്റെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക : "ആഇശ (റ) നിവേദനം, ഒരിക്കല്‍ ഒരു സ്ത്രീ ഭിക്ഷയാചിച്ചുകൊണ്ട് എന്റെ അരികില്‍വന്നു. അവളുടെ രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്നു. ഒരു കാരക്കയല്ലാതെ മറ്റൊന്നും എന്റെയടുത്തു ഉണ്ടായിരുന്നില്ല. അത് ഞാന്‍ അവര്‍ക്ക് കൊടുത്തു. അവളതു കുട്ടികള്‍ക്ക് ഭാഗിച്ചു കൊടുത്തു. അവളൊന്നും കഴിച്ചില്ല. പിന്നീട് ഈ സംഭവം ഞാന്‍ നബി (സ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : ഈ പെണ്‍കുട്ടികള്‍ നിമിത്തം വല്ലവരും പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവന്‍ അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്‌താല്‍ നരകത്തില്‍ നിന്ന് അവര്‍ അവനു ഒരു മറയാകിത്തീരുന്നതാണ്." [ബുഖാരി,മുസ്ലിം]. ആണ്‍ കുട്ടികള്‍ നരകത്തില്‍ നിന്നും മറയായിത്തീരുമെന്നു നബി (സ) ഇത്ര വ്യക്തമായി പ്രസ്താവിക്കുന്നില്ല. 

 നബി (സ) പറഞ്ഞു : "പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക്‌ സ്വര്‍ഗ്ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍ നിന്നും അയാളെ മോചിപ്പിക്കുകയോ ചെയ്യും." [മുസ്‌ലിം] 

 നബി (സ) പറഞ്ഞു : "ഇഹലോകം വിഭവങ്ങളാണ്. ഇഹലോകത്തെ വിഭവങ്ങളില്‍ ഉത്തമമായത് നല്ല സ്ത്രീകളാണ്," [മുസ്‌ലിം] 

 നബി (സ) പറഞ്ഞു : "സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവര്‍ പാപികളാണ്." [നാസാഈ] 

 നബി (സ) പറഞ്ഞു : "വല്ലവനും രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. അവന്‍ അവരെ വളര്‍ത്തി. എങ്കില്‍ പരലോകത്ത് ഞാനും അവനും ഇപ്രകാരം വരുന്നതാണ്. ശേഷം നബി (സ) തന്റെ വിരലുകള്‍തമ്മില്‍ യാതൊരു വിടവുമില്ലാതെ ചേര്‍ത്ത്പിടിച്ചു." [മുസ്‌ലിം]

കടപ്പാട് : എ അബ്ദുസ്സലാം സുല്ലമി 

ദീനില്‍ പൌരോഹിത്യമില്ല



മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്ന 'ഇടനിലക്കാരന്‍', ദൈവഹിതം വിശ്വാസിയെ അറിയിക്കുന്ന 'മാധ്യമം' എന്നീ സ്ഥാനങ്ങളാണ് പലപ്പോഴും പുരോഹിതന്‍ എടുത്തണിയുന്നത്‌. പൌരോഹിത്യത്തിന്‍റെ നിരങ്കുഷമായ തേര്‍വാഴ്ച ഇന്ന് ഏതാണ്ടെല്ലാ മതങ്ങളെയും ഗ്രസിച്ചിരിക്കുന്നു. പൌരോഹിത്യത്തിനെതിരെ കര്‍ക്കശമായ നിലപാടെടുത്ത മതമാണ്‌ ഇസ്‌ലാം. മുന്കഴിഞ്ഞ എല്ലാ പ്രവാചകന്മാരെയും പോലെ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ (സ)യും പൌരോഹിത്യത്തിനെതിരെ ആഞ്ഞടിച്ചു. വിശുദ്ധ ഖുര്‍ആന്‍ നിരവധി കുറ്റാരോപണങ്ങള്‍ തന്നെ പുരോഹിതന്മാര്‍ക്കെതിരെ നിരത്തിയിട്ടുണ്ട്. സന്യാസം യഥാര്‍ത്ഥ മത ദര്‍ശനത്തിലേക്ക് അന്യായമായി തള്ളിക്കയറ്റപ്പെട്ട പുത്തനാശയമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ജൂത ക്രൈസ്തവ മതങ്ങള്‍ അവരിലേക്കാഗതരായ പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ക്ക് വിരുദ്ധമായി തങ്ങളുടെ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും ദൈവത്തെ കൂടാതെ തന്നെ റബ്ബുകളായി വരിച്ചുവെന്നു ഖുര്‍ആന്‍ മൊഴിയുന്നു. അല്ലാഹുവിനെക്കൂടാതെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും കൈകാര്യ കര്‍ത്താക്കളാക്കുന്നതിനെ ഖുര്‍ആന്‍ ശക്തമായി എതിര്‍ക്കുന്നു. 

പൌരോഹിത്യത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തെ ഏറ്റവും സൂക്ഷ്മമായി വിശകലനം ചെയ്തു കൊണ്ട് ഖുര്‍ ആന്‍ നിരത്തുന്ന കുറ്റാരോപണം ശ്രദ്ധിക്കുക : "സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലുംപെട്ട ധാരാളംപേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു" [9 :34]. "അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌)" [3:79]. 

വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ഈ മതവിമര്‍ശം എല്ലാ മതാനുയായികള്‍ക്കുമുള്ള സന്ദേശമായിത്തന്നെ നാമുള്‍ക്കൊള്ളണം . മുസ്ലിംകള്‍ക്കിടയിലും പൌരോഹിത്യ പ്രവണതകള്‍ ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുകയും വേണം. ബുദ്ധി ഉപയോഗിക്കാനുള്ള ആഹ്വാനം ഖുര്‍ആന്‍റെ മുഖ്യപ്രമേയങ്ങളിലൊന്നാണ്. ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ പഠിക്കാന്‍ വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. തെളിവിന്റെ അടിസ്ഥാനത്തിലുള്ള ന്യായവാദത്തെ മഹത്വവല്‍ക്കരിച്ച്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: "(നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌" [2:111]. 

ഇസ്ലാമിലെ ഒരു ചടങ്ങിലും പുരോഹിതന്റെ ആവശ്യമില്ല. എന്നാല്‍ പുരോഹിത സമാനം ചിലര്‍ മുസ്ലിം വിവാഹവേളകളിലും മറ്റും വിലസുന്നത് കാണാം. മതപ്രബോധനത്തിനു പ്രതിഫലം പറ്റാതിരിക്കുക എന്നത് പ്രവാചകന്മാരുടെ ശൈലിയായിരുന്നു എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് [26 :145] പൌരോഹിത്യവല്കരണ പദ്ധതികള്‍ക്ക് തടയിടാന്‍ കൂടിയാണ്. മനുഷ്യരെ ചൂഷണം ചെയ്യുന്നതിനും അടിച്ചമര്‍ത്തുന്നതിനും ത്രിമുഖ മര്ദക വ്യവസ്ഥിതി ലോകത്ത് നിലനില്‍ക്കുന്നുവെന്നാണ് ഖുര്‍ആന്‍റെ നിരൂപണം. എല്ലാ നീചത്വങ്ങളുടെയും പ്രതീകമാണീ വ്യവസ്ഥ. ശക്തിയുള്ളവന്റെയാണ് ശരി എന്ന വിലയിരുത്തലാണിതിന്റെ കാമ്പും കാതലും. അധികാരിയായ ഫിര്‍ഔനും, മുതലാളിത്തത്തിന്‍റെ പ്രതീകമായ ഖാരൂനും, മത പൌരോഹിത്യത്തിന്‍റെ പ്രതീകമായ ഹാമാനും പരസ്പരം സഹായിച്ചു കൊണ്ടിരിക്കുന്ന ദുഷ്ട വ്യവസ്ഥിതിയെ തകര്‍ക്കുക എന്നതാണ് യഥാര്‍ത്ഥ വിശ്വാസിയുടെ ധര്‍മം.

ബലിപെരുന്നാള്‍ ആശംസകള്‍



ബലിപെരുന്നാള്‍ ആത്മാവിന്‍റെ ആഘോഷമാണ്. ആത്മീയതയാണതിന്റെ അടിയാധാരം. ആത്മീയതയില്ലാത്ത ആഘോഷങ്ങളെല്ലാം ഭൌതിക പരിസരങ്ങളില്‍ തിളങ്ങിയണയും. എന്നാല്‍ ആത്മാവിലലിയുന്ന ആഘോഷങ്ങള്‍ ആത്മീയതയാല്‍ സമ്പന്നമാണ്. അത് അമരമായ ആദര്‍ശത്തെയും അതുല്യമായ സന്ദേശത്തേയുമാണ് വെളിപ്പെടുത്തുന്നത്. ബലിപെരുന്നാളും മറിച്ചല്ല. ശബ്ദഘോഷങ്ങളോ വര്‍ണപ്പൊലിമകളോ ഇല്ലാതെപോലും മനസ്സുകളില്‍ ആനന്ദം വിരിയിക്കാന്‍ പെരുന്നാളുകള്‍ക്ക് കഴിയുന്നത്‌ ആത്മീയതയുടെ സാന്നിധ്യം കൊണ്ടാണ്. 

ബലിപെരുന്നാളിന്‍റെ ഓളങ്ങള്‍ ഒഴുകിനീങ്ങുന്നത്‌ ചരിത്രത്തിന്‍റെ വിപ്ലവവീഥിയിലേക്കാണ്. ഇബ്രാഹിം നബി (അ)യുടെയും പത്നി ഹാജറയുടെയും മകന്‍ ഇസ്മായീല്‍ (അ)ന്റേയും ജീവിതത്തിന്‍റെ അടരുകളാണ് ബലിപെരുന്നാളിനെ ഹൃദയഹാരിയാക്കിത്തീര്‍ക്കുന്നത്. ആദര്‍ശഗരിമകൊണ്ടും വിശ്വാസദൃടത കൊണ്ടും ചരിത്രത്തിലേക്ക് ഇരച്ചുകയറുന്ന മുന്നേറ്റമായിരുന്നു അവരുടേത്. ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്രാഹിംനബിയും സ്വയം സന്നദ്ധതയുടെ മാതൃകാപുത്രനായി മാറിയ ഇസ്മായീല്‍നബിയും ത്യാഗമനസ്ഥിതിയുടെ സ്ത്രീരൂപമായി തിളങ്ങിയ ഹാജറയും നടന്നുനീങ്ങിയത് ഒരേ ലക്ഷ്യത്തിലേക്കായിരുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന മഹദ്'വചനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇബ്രാഹിമിന്‍റെ ഓരോ നീക്കങ്ങളും. ഏകദൈവവിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവര്‍ത്തനപഥത്തിലേക്ക് ഇറങ്ങിച്ചെന്ന ആ മഹാന്‍ പ്രബോധനവഴികളിലെ ദുര്‍ഘടാവസ്ഥകളെ മറികടന്നു. നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പൌരപ്രമുഖരുമെല്ലാം സത്യപ്രബോധനത്തിനു തടസ്സം നിന്നിട്ടും കൂസലില്ലാതെ മുന്നേറിയ അദ്ദേഹം മഹത്തായ ആദര്‍ശത്തിന് വേണ്ടി കാവലിരുന്നു. കേവലം മുന്നേറ്റമായി മാത്രം അത് ഒതുങ്ങിയില്ല. ഒരു സന്ദേശമായി ലോകം ഏറ്റുപിടിക്കുന്നതിലേക്ക് വികാസം പ്രാപിച്ചു. ചരിത്രം അത് ഉറക്കെ ഏറ്റു ചൊല്ലി. 

ഇബ്രാഹിമി സ്മരണകള്‍ ജീവിതത്തിനു ആവേശം നല്‍കണം. സമരോല്‍സുകമായ ജീവിതം; ആദര്‍ശജീവിതത്തെ സന്ദേശമായും ഏകദൈവത്തെ ഉന്നതനായും വിഗ്രഹങ്ങളെ ഒന്നിനും കൊള്ളാതവയായും ചിത്രീകരിച്ച ജീവിതം; സമാധാനത്തിനര്‍ഹര്‍ ആരാണെന്നും സൃഷ്ടികളില്‍ ഉത്തമര്‍ ആരാണെന്നും കാണിച്ചുതന്ന ജീവിതം; അടുപ്പത്തിന്റെ അളവ്കോലുകള്‍ക്കപ്പുറത്ത് അല്ലാഹുവിന്‍റെ കൂട്ടുകാരനെന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹതകിട്ടിയ ജീവിതം; ചരിത്രം കൈകൂപ്പി നില്‍ക്കുന്ന വിസ്മയ ജീവിതം. ഇബ്രാഹിമിന്‍റെ ജീവിതം ഒരു സമൂഹത്തിന്‍റെ ചരിത്രമായി മാറിയതും ഒരു സന്ദേശമായി വികാസംകൊണ്ടതും അദ്ദേഹം കൂടെ കരുതിയ വിശ്വാസത്തിന്‍റെ കരുത്തിലായിരുന്നു. 

ഇബ്രാഹിം നബിയുടെ ജീവിത സന്ദേശമാണ് ഈദ് സുദിനത്തിലും നാം അനുസ്മരിക്കുന്നത്‌. ഈദ് വിപ്ലവത്തിന്റെ വിളംബര ശബ്ദമാണ്. ജീവിതത്തിന്‍റെ ആദര്‍ശം സ്നേഹനിധിയായ അല്ലാഹുവാണെന്ന നിര്‍ണയത്തെ സാക്ഷ്യപ്പെടുത്തുകയാണ് ഓരോ തക്ബീര്‍ മന്ത്രധ്വനികളും. ആക്രമണങ്ങളെയും അധിനിവേശങ്ങളെയും പ്രകോപനങ്ങളേയും പ്രീണനങ്ങളേയും ദൌര്‍ബല്യങ്ങളെയും പ്രതിരോധിക്കാനാണവ ഊര്‍ജംനല്‍കുന്നത്. പുതിയ പ്രതീക്ഷകളെയും പുതിയ പുലരികളെയുമാണ് ഈദ് നമ്മുടെമുന്നില്‍ വരച്ചുകാട്ടുന്നത്. ആണും പെണ്ണും വൃദ്ധരും കുട്ടികളും ഒരു സാഗരംപോലെ ഒത്തുചേര്‍ന്ന് തോളോട്തോളുരുമ്മിനിന്ന് പോര്‍ക്കളത്തിലെന്നപോലെ അണിചേരുമ്പോള്‍ ഈദ് ഐക്യത്തിന്‍റെതു കൂടിയാവുന്നു. 

പരസ്പരസ്നേഹവും സൌഹാര്‍ദ്ധവുമാണ് അത് വിളംബരം ചെയ്യുന്നത്. നോവുന്ന ഹൃദയത്തെ സമാശ്വസിപ്പിക്കുവാനും കരയുന്നവന്റെ കണ്ണീരൊപ്പാനും സാധിക്കാത്തവന് വിശ്വാസിയാവാന്‍ കഴിയില്ല. കരഞ്ഞുകലങ്ങിയ കണ്ണുമായി ഈദ് ദിനം കൊണ്ടാടുന്ന ചിലരെങ്കിലും നമ്മോടൊപ്പം ഇന്നുമുണ്ട്. ഓര്‍ക്കുക നാം. ഈ ബലിപെരുന്നാള്‍ സുദിനത്തില്‍ ഇബ്രാഹീമുമാരായിത്തീരാനുള്ള ഇച്ചാശക്തിയാണ് നാം കാണിക്കേണ്ടത്. ദുരാചാരങ്ങള്‍ക്കും പൈശാചികഇറക്കുമതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടയണിചേരുക നാം. സകലമാന അടിമപ്പെടുത്തലുകള്‍ക്കുമെതിരെ ഇതാ ജിഹാദ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 

അല്ലാഹു അക്ബര്‍, വലില്ലാഹില്‍ഹംദ്.
Related Posts Plugin for WordPress, Blogger...

Popular YRC Posts