ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ (ജനനം 470) ജീവിച്ച ഒരു ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായിരുന്നു, കാസ്‌പിയന്‍ കടലിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ജീലാന്‍കാരനായ ശൈഖ് അബ്‌ദുല്‍ഖാദിര്‍. അദ്ദേഹം വിജ്ഞാന സമ്പാദനത്തിനായി ബഗ്‌ദാദിലേക്കുപോയി. അവിടെ സ്ഥിരതാമസമാക്കി. മരണപ്പെട്ടതും അവിടെത്തന്നെ. അദ്ദേഹത്തിന്റെ മരണശേഷം ചില ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ `ഖാദിരി ത്വരീഖത്ത്' എന്ന പേരില്‍ ചില മതാചാരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ത്വരീഖത്തുകള്‍ തമ്മിലുള്ള വടംവലികളും മത്സരങ്ങളും കാരണം ഓരോ ത്വരീഖത്തുകാരും തങ്ങളുടെ `ആചാര്യ'നെ അമിതമായി വാഴ്‌ത്തിപ്പറയാനും അപരനെ താഴ്‌ത്തിക്കെട്ടാനും ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം മധ്യനൂറ്റാണ്ടുകളില്‍ കാണപ്പെട്ടു. മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന പേരിലറിയപ്പെട്ട അബ്‌ദുല്‍ഖാദിര്‍ അവര്‍കളും ഈ `അപകടത്തിനിര'യായി. ബഹ്‌ജ, തക്‌മില തുടങ്ങിയ ക്ഷുദ്രകൃതികള്‍ അദ്ദേഹത്തിന്റെ പേരില്‍ രചിക്കപ്പെട്ടു. അല്ലാഹുവിനോളം അദ്ദേഹത്തെ പുകഴ്‌ത്തുന്ന കൃതികളാണവ. വ അഅ്‌ലമു ഇല്‍മല്ലാഹി ഉഹ്‌സ്വീഹുറൂഫഹു (അല്ലാഹുവിന്റെ വിവരമെത്രയുണ്ട് എന്ന് എനിക്കറിയാം. അതിന്റെ അക്ഷരങ്ങള്‍ ഞാന്‍ കണക്കാക്കുന്നു) തുടങ്ങിയ കുഫ്‌റിലേക്കു നയിക്കുന്ന പ്രസ്‌താവനകള്‍ ആ മഹാന്റെ പേരില്‍ കെട്ടിച്ചമയ്‌ക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. വിവരം കെട്ട ജനം അത് തോളിലേറ്റി പാടിനടന്നു. `വിവരമുള്ളവര്‍' അവരെ അതില്‍ കെട്ടിയിട്ടു.
കേരളത്തില്‍ ഖാദിരി ത്വരീഖത്തിന്റെ വക്താവായ കോഴിക്കോട്ടുകാരന്‍ ഖാദി മുഹമ്മദ്, ഇതര ത്വരീഖത്തുകള്‍ക്കിവിടെ പ്രചാരം ലഭിക്കുന്നു എന്നു കണ്ട മാത്രയില്‍, തന്റെ ത്വരീഖത്തിന്റെ പ്രചാരണത്തിനായി രചിച്ച മുഹ്‌യിദ്ദീന്‍ മാല എന്ന അറബിമലയാള പദ്യകൃതിക്ക് മലയാളികള്‍ക്കിടയില്‍ പ്രചാരം ലഭിച്ചു. മാതൃഭാഷയോ ഖുര്‍ആനിന്റെ ഭാഷയോ ലോകഭാഷയായിത്തീര്‍ന്ന ഇംഗ്ലീഷോ പഠിച്ചിട്ടില്ലാത്ത മലയാളി പാമരന്മാര്‍ക്ക് അറബി ലിപിയില്‍ എഴുതപ്പെട്ട നാടന്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആശയങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ശ്രമിക്കാത്ത ജനം ഈ കൃതി കീര്‍ത്തനമായിപ്പാടാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെക്കാള്‍ ഭക്തിയോടെ സന്ധ്യാകീര്‍ത്തനമായി ഉപയോഗിച്ചു തുടങ്ങി. മനോഹരമായ ഉപമകള്‍ ചേര്‍ത്തുകെട്ടി കോര്‍ത്തെടുത്ത ഒരു `മാല'യാണത്. പക്ഷെ ഉപമകള്‍ അതിരുകടന്ന് `മുഹ്‌യിദ്ദീന്‍' എന്ന മനുഷ്യനെ അതിമാനുഷനാക്കിയും മലക്കുകളെയും അല്ലാഹുവെയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ചിത്രീകരിച്ചും വര്‍ണന കാടുകയറിയത് `ഭക്തര്‍' ശ്രദ്ധിക്കാതെ പോയി. `ആലിമീങ്ങ'ളാകട്ടെ, അതിനു മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. മുകളില്‍ പറഞ്ഞ തക്‌മിലയില്‍ നിന്നും ബഹ്‌ജയില്‍ നിന്നുമാണ് ഈ മാലക്കുവേണ്ട വിഷയങ്ങള്‍ താന്‍ ശേഖരിച്ചതെന്ന് തത്‌ക്കര്‍ത്താവ് തന്നെ പറയുന്നുണ്ട്. `ബഹ്‌ജകിതാബിന്നും അങ്ങനെ തക്‌മില തന്നിന്നും കണ്ടോവര്‍.'
മുഹ്‌യിദ്ദീന്‍ മാലയില്‍ വിവരിക്കപ്പെട്ട ശൈഖ് യാഥാര്‍ഥ്യമല്ല; ഒരു മിത്താണ്. എന്നാല്‍ ജന്മദിനം കൊണ്ടാടാന്‍ ഒരു വിഭാഗം ഒരുമ്പെടുന്ന അബ്‌ദുല്‍ഖാദിര്‍ (ജീലാന്‍കാരന്‍) ചരിത്രപുരുഷനും മതപണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായിരുന്നു. ബഹ്‌ജ, തക്‌മില, മുഹ്‌യിദ്ദീന്‍ മാല തുടങ്ങിയവ അദ്ദേഹത്തെപ്പറ്റി പില്‍ക്കാലത്ത് രചിക്കപ്പെട്ട കൃതികളാണ്. എന്നാല്‍ ശൈഖ് അവര്‍കള്‍ ദഅ്‌വത്ത് രംഗത്ത് നല്‌കിയ സംഭാവനകളായ സ്വന്തം കൃതികളാണ് ഫുതൂഹുല്‍ ഗൈബ്, ഗുന്‍യതുത്ത്വാലിബീന്‍ തുടങ്ങിയവ. `ജീലാനീ ദിനാചരണ' വേളയിലെങ്കിലും ഈ ഗ്രന്ഥങ്ങളും അവയിലെ അധ്യാപനങ്ങളും ജനങ്ങളെ കേള്‍പ്പിക്കാന്‍ `പണ്ഡതന്‍'മാര്‍ തയ്യാറായാല്‍ അതൊരു വലിയ കാര്യമായിരുന്നു.
ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നതിന്റെ ആവശ്യകതയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ശരിയായ വിവക്ഷയും ഇസ്‌ലാമിക കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ വ്യക്തമായ കാഴ്‌ചപ്പാടും അദ്ദേഹം തന്റെ കൃതികളില്‍ വരച്ചുകാണിച്ചിട്ടുണ്ട്. അന്ധമായി നേതാക്കളെ പിന്‍പറ്റുന്ന സമുദായത്തോടും ബോധപൂര്‍വം ദിശമാറ്റി അവരെ നയിക്കുന്ന നേതൃത്വത്തോടും `ജീലാനി ദിനാചരണം' അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍ ചിന്തിക്കുന്ന മലയാളിയോട് പറയാനുള്ളത് ഇതാണ്: മുഹ്‌യിദ്ദീന്‍ ശൈഖിനെപ്പറ്റി രചിക്കപ്പെട്ട മാലയും മുഹ്‌യിദ്ദീന്‍ ശൈഖ് രചിച്ച കിതാബുകളും താരതമ്യം ചെയ്‌തുപഠിക്കുക. മാല ഒരു കെട്ടുകഥയും ശൈഖിന്റെ സ്വന്തം ഗ്രന്ഥങ്ങള്‍ ഭൂമിയിലെ മനുഷ്യര്‍ക്കു വേണ്ടി രചിക്കപ്പെട്ട പണ്ഡിതരചനയും ആണെന്ന തിരിച്ചറിവുണ്ടാകും.
കടപ്പാട് : അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി